'എന്ത് തെമ്മാടിത്തരമാണ് നടക്കുന്നത്'; സഭയിൽ ക്ഷുഭിതനായി പേപ്പർ വലിച്ചെറിഞ്ഞ് വി ഡി സതീശൻ
- Published by:Rajesh V
- news18-malayalam
Last Updated:
കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു
തിരുവനന്തപുരം: നിയമസഭയിൽ ഭരണപക്ഷ ബഹളത്തെ തുടർന്ന് സഭയിൽ ക്ഷുഭിതനായി പ്രതിപക്ഷ വി ഡി സതീശൻ. കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്. കൈയിലിരുന്ന പേപ്പർ വലിച്ചെറിഞ്ഞ്, എന്ത് തെമ്മാടിത്തരം ആണിതെന്നും വി ഡി സതീശൻ ചോദിച്ചു.
കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. അനൂപ് ജേക്കബ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. എന്നാൽ മുഖ്യമന്ത്രി ഇത് തള്ളി. പിന്നാലെ വിഷയത്തിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. തുടർന്ന് കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തിൽ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് വി ഡി സതീശൻ സഭയിൽ നടത്തിയത്.
"നമ്മളുടേത് ഒരു പരിഷ്കൃത സമൂഹമാണ്. നീതി നടപ്പിലാക്കേണ്ട പൊലീസ് ആണ് ഈ വൃത്തികേടിന് കൂട്ടുനിന്നത്. മുഖ്യമന്ത്രി കിഡ്നാപ്പിംഗിന് കേസെടുത്ത പ്രതികളെ ന്യായീകരിക്കുന്നു. കേസിൽ പ്രതികൾ സിപിഎം നേതാക്കൾ ആണ്. കലാ രാജുവിനെ വസ്ത്രക്ഷേപം നടത്തി. മുടിക്ക് കുത്തിപിടിച്ചു. ഇതെല്ലാം വിഷ്വൽ മീഡിയയിൽ ഉള്ള കാര്യങ്ങളാണ്. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് സെക്രട്ടറിയാണ് തട്ടിക്കൊണ്ടുപോയ കാർ ഓടിച്ചത്. കാലുമാറ്റം എന്നു പറഞ്ഞ് മുഖ്യമന്ത്രി ലഘൂകരിക്കുന്നു. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വില.
advertisement
കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലുമാറ്റം ഉണ്ടാകുന്നു അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ. മുഖ്യമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നതെങ്ങനെ. ആരോഗ്യ മന്ത്രി ബഹളം വെയ്ക്കുന്നു. ഒരു സ്ത്രീ അപമാനിക്കപ്പെട്ടപ്പോഴാണോ ആരോഗ്യ മന്ത്രി ബഹളം വെയ്ക്കുന്നത്," സതീശൻ ചൂണ്ടിക്കാട്ടി.
സ്പീക്കർ ഭരണപക്ഷ ബഹളത്തിന് കൂട്ടുനിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുതിർന്ന രാഷ്ട്രീയ പ്രവർത്തകനാണ് സതീശനെന്നും അത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സ്പീക്കർ പ്രതിപക്ഷ നേതാവിനെ ഓർമിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
January 21, 2025 5:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്ത് തെമ്മാടിത്തരമാണ് നടക്കുന്നത്'; സഭയിൽ ക്ഷുഭിതനായി പേപ്പർ വലിച്ചെറിഞ്ഞ് വി ഡി സതീശൻ