കാഞ്ഞങ്ങാട് കൊലപാതകം: ഡിവൈഎഫ്ഐയെ വിമര്‍ശിച്ച കാന്തപുരം വിഭാഗം യുവജന നേതാവിന് താക്കീത്

Last Updated:

ഔഫിന്റെ മൃതദേഹത്തില്‍ ചുവന്ന കൊടി പുതപ്പിച്ചതിനെ ദുര്‍വ്യാഖ്യാനിക്കുന്നതായി മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കോഴിക്കോട്: കാസര്‍കോട് കാഞ്ഞങ്ങാട്  മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും  കാന്തപുരം വിഭാഗം പ്രാദേശിക നേതാവുമായ  അബ്ദുറഹ്മാന്‍ ഔഫിന്റെ മൃതദേഹത്തില്‍ ചുവന്ന പതാക പുതപ്പിച്ചതിനെ കുറിച്ച് പോസ്റ്റിട്ട മുഹമ്മദലി കിനാലൂരിനെതിരെ കാന്തപുരം വിഭാഗം. പ്രാദേശികമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പ്രവര്‍ത്തിയാണ് എന്നും, പൂര്‍ണ്ണമായും മതപരമായ ആചാര പ്രകാരമാണ് അബ്ദുറഹ്മാന്‍ ഔഫിന്റെ മൃതദേഹം ഖബറടക്കിയതെന്നും കാന്തപുരം വിഭാഗം നേതാക്കള്‍ അറിയിച്ചു.
എന്നാല്‍ ഔഫിന്റെ മൃതദേഹത്തില്‍ ചുവന്ന കൊടി പുതപ്പിച്ചതിനെ ദുര്‍വ്യാഖ്യാനിക്കുന്നതായി മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഫേസ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ മുഹമ്മദലിയെ നേതൃത്വം താക്കീത് ചെയ്തതായാണ് സൂചന. നേതൃത്വം ഇടപെട്ടതോടെ മുഹമ്മദലി കിനാലൂരിന്റെ എഫ്.ബി അക്കൗണ്ട് ലഭ്യമല്ലാതായിട്ടുണ്ട്.
മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പറയാതിരുന്നാല്‍ അനീതിയാകും, ആ മയ്യിത്തിനോടും ഔഫിനെ സ്‌നേഹിക്കുന്നവരോടുമുള്ള അനീതി.മരിച്ചവര്‍ക്കും അവകാശമുണ്ട്. അത് വകവെച്ചു കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരാണ്. കാസറഗോഡ് കൊല്ലപ്പെട്ട സുന്നി പ്രവര്‍ത്തകന്‍, അതേ, സുന്നി പ്രവര്‍ത്തകന്‍ മാത്രമായ ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് നിഷേധിക്കപ്പെട്ടു. നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക് നടുവില്‍ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്. അവന്‍ സുന്നി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു. ചോരച്ചാലുകള്‍ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, സഹനസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യമുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാര്‍ട്ടി നേതാവിന്റേതാണ് എന്നറിയില്ല. മയ്യിത്തുകള്‍ക്ക് മെമ്പര്‍ഷിപ് നല്‍കുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന 'ബഹുമതി' ഡിവൈഎഫ്‌ഐക്കും സി പി എമ്മിനുമിരിക്കട്ടെ.
advertisement
സഖാക്കളേ, 'ഞങ്ങള്‍'ക്കൊപ്പമുണ്ട് എന്ന് നിങ്ങള്‍  പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയല്ല. ഇത് അതിക്രമമാണ്. മയ്യിത്തിനോട് കാട്ടിയ അതിക്രമം. മാപ്പില്ലാത്ത പാതകം. മരിച്ചവര്‍ക്കും അവകാശമുണ്ട്, അതുപക്ഷെ മരണാനന്തരം പാര്‍ട്ടി അംഗത്വം നല്‍കലോ പാര്‍ട്ടി പതാക പുതപ്പിക്കലോ അല്ല.
സഖാക്കളേ,
കൊല്ലപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെ അഭിവാദ്യം ചെയ്യുന്നു. കൊലയാളി ലീഗിനെതിരായ നിങ്ങളുടെ അമര്‍ഷത്തെ അംഗീകരിക്കുന്നു. കൊല്ലപ്പെട്ട സുന്നിപ്രവര്‍ത്തകന്‍  ഔഫിനോട് നിങ്ങള്‍ കാണിച്ച നെറികേടിനെ (ക്ഷമിക്കുക, ആ വാക്ക് ഉപയോഗിക്കേണ്ടിവന്നതില്‍) ശക്തമായി അപലപിക്കുന്നു. ദയവായി പാര്‍ട്ടി രക്തസാക്ഷികളുടെ പട്ടികയില്‍ പേര് ചേര്‍ത്ത് ഔഫിനെ ഇനിയും ഇനിയും അപമാനിക്കരുത്. ഇതൊരപേക്ഷയാണ്. ഔഫ് ജീവിതം സമര്‍പ്പിച്ചു പ്രവര്‍ത്തിച്ച അതേ സുന്നിസംഘടനയില്‍ അഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സഹപ്രവര്‍ത്തകന്റെ അപേക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാഞ്ഞങ്ങാട് കൊലപാതകം: ഡിവൈഎഫ്ഐയെ വിമര്‍ശിച്ച കാന്തപുരം വിഭാഗം യുവജന നേതാവിന് താക്കീത്
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement