ശിവൻ്റെ കണ്ണൂനീര്‍ തുള്ളി, അപൂര്‍വ്വ രുദ്രാക്ഷങ്ങള്‍ കായ്ച്ച് വരഡൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ രുദ്രാക്ഷ മരം

Last Updated:

മുയ്യം വരഡൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രം ഫലപ്രാപ്തിയുടെ നിറവിലാണ്. 23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്ഷേത്രാങ്കണത്തില്‍ രുദ്രാക്ഷ മരം കായ്ച്ചതിൻ്റെ സന്തോഷത്തിലാണ് ഒരു ഗ്രാമം. ശിവഭഗവാൻ്റെ കണ്ണുനീരാണ് രുദ്രാക്ഷമെന്നാണ് ഹൈന്ദവ വിശ്വാസം...

വരഡൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ രുദ്രാക്ഷ മരം
വരഡൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ രുദ്രാക്ഷ മരം
ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരന്‍മാരെ വധിച്ചുകളയുന്നതിന് ആയിരം വത്സരക്കാലം പരമശിവന്‍ കണ്ണിമചിമ്മാതെ കാത്തുനിന്നു. ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവൻ്റെ നേത്രത്തില്‍ നിന്നു തെറിച്ചുവീണ കണ്ണുനീര്‍ത്തുള്ളികള്‍ രുദ്രാക്ഷവൃക്ഷങ്ങളായെന്ന് പുരാണം. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷ മരം കായ്ച്ചതിൻ്റെ സന്തോഷത്തിലാണ് കണ്ണൂര്‍ മുയ്യം വരഡൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രവും ഭക്തരും. ക്ഷേത്രത്തിലെ ഒരോ മണ്‍തരിയും കഴിഞ്ഞ 23 വര്‍ഷമായി കാത്തിരിപ്പിലായിരുന്നു രുദ്രാക്ഷ മരം കായ്ക്കുന്ന ദിവസത്തിനായി.
ശൈത്യ മേഖലകളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സുലഭമായ രുദ്രാക്ഷ മരം കേരളത്തില്‍ അപൂര്‍വമായാണ് പൂത്തു കായ്ക്കുന്നത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായിരുന്ന മുയ്യം സ്വദേശിയായ വയലപ്ര ബാലകൃഷ്ണൻ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ നിന്ന് അവധിക്ക് വന്നപ്പോള്‍ ഒരു രുദ്രാക്ഷ മരത്തിൻ്റെ തൈ കൊണ്ടു വന്ന് ക്ഷേത്രത്തിന് വടക്ക് കിഴക്ക് ഭാഗത്തായി നട്ടുപിടിപ്പിച്ചു. പിന്നീട് വര്‍ഷങ്ങളുടെ കാത്തിരിപ്പായിരുന്നു. ഒരിക്കല്‍ രുദ്രാക്ഷ മരം ഉണങ്ങുന്ന ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടലിലൂടെയും പരിചരണത്തിലൂടെയും മരത്തെ സംരക്ഷിച്ചു. സംഹാരമൂര്‍ത്തിയായ ശിവൻ്റെ കണ്ണുനീര്‍ തുള്ളികളായ രുദ്രാക്ഷത്തെ ഹിന്ദുമതവിശ്വാസികള്‍ അത്രയും പവിത്രതയോടെയാണ് കാണുന്നത്. പുരാതനകാലം മുതല്‍ക്കുതന്നെ ഭാരതീയ ഋഷിവര്യന്മാര്‍ രുദ്രാക്ഷം ശരീരത്തില്‍ ധരിച്ച് നടന്നിരുന്നു. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വമ്പിച്ച ഔഷധഗുണങ്ങള്‍ ഉണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു.
advertisement
നിരവധി മുഖങ്ങളിലാണ് രുദ്രാക്ഷം രൂപപ്പെടുക. അവയില്‍ നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. അതില്‍ സൂര്യനേത്രത്തില്‍ നിന്ന് 12 തരവും സോമനേത്രത്തില്‍ നിന്നു 16 തരവും തൃക്കണ്ണില്‍ നിന്നു 10 തരവുമായി രുദ്രാക്ഷങ്ങള്‍ പ്രത്യേകം അറിയപ്പെട്ടു. രുദ്രാക്ഷകായ്ക്കുള്ളില്‍ ഒരു വിത്ത് കാണപ്പെടുന്നത് ഒരു മുഖരുദ്രാക്ഷം. രണ്ടു വിത്ത് കാണപ്പെടുന്നത് രണ്ടുമുഖം എന്നിങ്ങനെ വിത്തിൻ്റെ എണ്ണം അനുസരിച്ച് വിവിധ മുഖങ്ങളിലായില്ലാണ് രുദ്രാക്ഷം ലഭ്യമാവുക. വിത്തിൻ്റെ എണ്ണം കൂടിയിരുന്നാല്‍ അതിൻ്റെ ശക്തിയും ഫലവും കൂടിയിരിക്കും എന്നും വിശ്വാസം.
advertisement
23 വര്‍ഷത്തിനിപ്പുറം രുദ്രാക്ഷ മരം പൂവിട്ട് നിറയെ കായ്ച്ചു നില്‍ക്കുന്നത് കൗതുകത്തിനൊപ്പം സന്തോഷം പകരുന്ന കാഴ്ചയാണ് ഭക്തര്‍ക്കും നാട്ടുകാര്‍ക്കും. നാലും അഞ്ചും മുഖങ്ങളുള്ള അപൂര്‍വ രുദ്രാക്ഷങ്ങളാണ് ഈ മരത്തില്‍ നിന്ന് ലഭിച്ചത്. താഴെ വീഴുന്ന കായ്കളുടെ തൊലി നീക്കം ചെയ്ത് കഴുകി എടുത്താണ് ഇവ ഉപയോഗിക്കുന്നത്. പരമാവധി കായകള്‍ ശേഖരിച്ച് ക്ഷേത്രത്തില്‍ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്ര ജീവനക്കാരും ഭക്തരും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ശിവൻ്റെ കണ്ണൂനീര്‍ തുള്ളി, അപൂര്‍വ്വ രുദ്രാക്ഷങ്ങള്‍ കായ്ച്ച് വരഡൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ രുദ്രാക്ഷ മരം
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement