അർബുദത്തെ അതിജീവിച്ച് മലബാർ കാൻസർ സെൻ്റർ യാത്ര തുടരുന്നു
Last Updated:
കണ്ണൂരിനെ സമ്പൂര്‍ണ ക്യാന്‍സര്‍ പ്രതിരോധ ജില്ലയാക്കി മാറ്റുന്നതിനുള്ള ജില്ലാ പഞ്ചായത്തിൻ്റെ സംയുക്ത പദ്ധതി നടത്തിപ്പ് സുസജ്ജം. കാൻസർ രോഗികൾക്ക് ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന പ്രതിജ്ഞയോടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഒരു കാലത്ത് മലബാർ മേഖലയിൽ കാൻസർ രോഗം പിടിപെട്ടവർക്ക് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. അർബുദമെന്ന മഹാവ്യാദിയെ കീഴ്പെടുത്താൻ അത്യാധുനിക സൗകര്യങ്ങളുള്ള കോടിയേരി മലബാർ ക്യാൻസർ സെൻ്ററും ജീവനക്കാരും സജ്ജമാണ്. 2000 തിൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാറാണ് എം സി സി ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ വൈദ്യുതി വകുപ്പിന് കീഴിലായിരുന്ന എം സി സി പിന്നീട് ആരോഗ്യ വകുപ്പിന് കീഴിലാക്കുകയായിരുന്നു.
തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻ്റർ കഴിഞ്ഞാൽ കേരളത്തിൽ അർബുദ ചികിത്സയ്ക്ക് ഏവരും ആശ്രയിക്കുന്ന സ്ഥാപനമായി മലബാർ കാൻസർ സെൻ്റർ വളർന്നു. കാൻസർ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യവും സർക്കാർ ഇന്ന് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എം സി സിയുടെ വിശ്വാസ്യത വർദ്ധിച്ചതോടെ ആശുപത്രിയെ ആശ്രയിച്ചെത്തുന്ന രോഗികളുടെ എണ്ണവും നാൾക്കു നാൾ വർധിക്കുന്നു. എന്നാൽ എല്ലാ രോഗികളെയും താമസിപ്പിച്ച് പരിപാലിക്കാൻ സെൻ്ററിൽ സ്ഥല പരിമിതിയുണ്ടെന്നതാണ് സെൻ്ററിനെ അലട്ടുന്ന വിഷയം. എം സി സിയെ സംബന്ധിച്ച് നിരവധി പ്രത്യേകതകളുണ്ട്. സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി ഒക്കുലാർ ഓങ്കോളജി വിഭാഗം ഉള്ളത് ഈ സ്ഥാപനത്തിലാണ്. കൊവിഡ്-19 വാക്‌സിനായി മനുഷ്യരുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിന് അംഗീകാരം ലഭിച്ച കേരളത്തിലെ ഏക സ്ഥാപനവും എം സി സി തന്നെ.
advertisement

തലശ്ശേരി മലബാർ കാൻസർ സെൻ്റർ
പത്തു വർഷത്തിനിടയിൽ 200 മജ്ജ മാറ്റിവെക്കൽ ചികിത്സയാണ് മലബാർ കാൻസർ സെൻ്ററിൽ നടന്നത്. ഒൻപത് മാസം പ്രായമായ കുഞ്ഞ് മുതൽ 63 വയസ്സായവർ വരെയുണ്ട് ഇതിൽ. ഇ എസ് ഐ ആനുകൂല്യം ഉള്ളതിനാൽ ബംഗാളിൽ നിന്ന് വരെ നിരവധി പേർ ഇവിടെ എത്തി ചികിത്സ നടത്തിയിട്ടുണ്ട്. രോഗികൾ ഏറെ ആശ്രയിക്കുന്ന തലശ്ശേരി മലബാർ കാൻസർ സെൻ്ററിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ അതിവേഗം നടത്തുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാർ ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു. കിഫ്ബിയുടെ സഹായത്തോടെ നിർമ്മിക്കുന്ന 14 നില ബ്ലോക്കിൻ്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടി ആരംഭിച്ചു.
advertisement
കാൻസർ രോഗികൾക്ക് ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന പ്രതിജ്ഞയോടെ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭയത്തെ അകറ്റിയാൽ അർബുദത്തെ അതിജീവിക്കാൻ സാധിക്കുമെന്ന് പഠിപ്പിക്കുകയാണ് എം. സി. സി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 28, 2024 2:34 PM IST