തെയ്യം ജീവവായു ആക്കിയ കലാകാരന്മാർക്ക് ആദരവ് ഒരുക്കി തെയ്യം കലാ അക്കാദമി
Last Updated:
തെയ്യങ്ങള്‍ കാവ് വിട്ടിറങ്ങിയാല്‍ പിന്നെന്തെന്ന് ആരും ചോദിക്കുന്നില്ല, അറിയുന്നില്ല. ദൈവ കോലങ്ങളായി സ്വയം മാറുമ്പോഴുള്ള സ്വീകാര്യതയ്ക്ക് അപ്പുറം തെയ്യം കലാകാരന്മാര്‍ക്ക് ആദരം ഒരുക്കണം. അവരെ ചേര്‍ത്ത് പിടിക്കണം.
ഉത്തര കേരളത്തില്‍ ഇന്ന് തെയ്യക്കാലമാണ്. മനുഷ്യന്‍ തെയ്യകോലങ്ങള്‍ അണിഞ്ഞ് ദൈവം ആയി മാറുന്ന വിശ്വാസം. ഒരു നാടിൻ്റെ രക്തത്തില്‍ ആഴ്ന്നിറങ്ങുന്ന വികാരം. തലമുറകളോളം പടരുന്ന ലഹരി. എത്ര തരം തെയ്യക്കോലങ്ങളുണ്ടെന്ന് എണ്ണുക അസാധ്യം. ജ്വലിക്കുന്ന അഗ്നിയെ വലംവച്ചും അഗ്നിയില്‍ ഇരുന്നും ഓടിയും ഉഗ്രരൂപമായി മാറുന്ന ദൈവങ്ങള്‍. അസുരഗണങ്ങളെ നിഗ്രഹിക്കാന്‍ രൂപം എടുത്ത വിഷ്ണുമൂര്‍ത്തിയും, രക്ത ചാമുണ്ഡിയും, കണ്ടനാര്‍കേളനും, ഗുളികനും, അങ്ങനെ അങ്ങനെ... ദൈവത്തെ കാണാനെത്തുന്ന ഓരോ ഭക്തനും മനമുരുകി തങ്ങളുടെ ആദികള്‍ ദൈവകോലങ്ങളോട് പറയും. സങ്കടങ്ങളെല്ലാം അവസാനിക്കുമെന്ന തെയ്യകോലങ്ങളുടെ ആശ്വസ വാക്കില്‍ അവര്‍ വീടുകളിലേക്ക് മടങ്ങും.

തെയ്യകോലങ്ങള്‍ക്കും മഹോത്സവങ്ങള്‍ക്കും ഒരു സമയമുണ്ട്. കെട്ടിയാട്ടങ്ങള്‍ക്ക് ശേഷം വേശം അഴിച്ചുവച്ച് പച്ചയായ മനുഷ്യരാകുന്ന സമയം. അപ്പോഴത്തെ തെയ്യക്കലാകാരന്മാരുടെ ജീവിതം ആര്‍ക്കും അറിയേണ്ടതില്ല. തുടര്‍ന്നിങ്ങോട്ടുള്ള സാമ്പത്തിക പ്രശ്‌നത്തിൻ്റെയും തൊഴിലില്ലായ്മയുടെയും ആകുലതയിലാണ് പിന്നീടുള്ള അവരുടെ നാളുകള്‍.
തെയ്യം കലാകാരന്മാര്‍ക്ക് പ്രചോദനമെന്നോണം തെയ്യം കലയുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന തെയ്യം കലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തെയ്യം കലാകാരസംഗമവും ആദരച്ചടങ്ങും സംഘടിപ്പിച്ചു. മാഹി മലയാള കലാഗ്രാമത്തിൽ നടന്ന പരിപാടി സംഗമം കീച്ചേരി രാഘവന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന കലാകാരന്മാരുടെ ആദരസമ്മേളനം നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.
advertisement
തെയ്യം കലയുടെ പ്രാധാന്യവും, കലാകാരന്മാരുടെ സംഭാവനകളും സാംസ്‌കാരിക കേരളത്തിന് വിലമതിക്കാനാവാത്തതാണ്. തെയ്യം കലയെ കൂടുതല്‍ ജനകീയമാക്കുന്നതിനും, പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനും പദ്ധതികള്‍ കൂടുതല്‍ മികവുറ്റതാക്കേണ്ടതിനെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. നാല് സെഷനുകളായാണ് തെയ്യം കലാകാരസംഗമം നടന്നത്. തുടര്‍ന്ന് തെയ്യം കലയുമായി ബന്ധപ്പെട്ട പെയിൻ്റിങ് പ്രദര്‍ശനവും കലാഗ്രാമം ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 21, 2025 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തെയ്യം ജീവവായു ആക്കിയ കലാകാരന്മാർക്ക് ആദരവ് ഒരുക്കി തെയ്യം കലാ അക്കാദമി