കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ അട്ടിമറി വിജയം നേടി കോൺഗ്രസ് സ്ഥാനാർഥി സി.ആർ മഹേഷ്. ഉറച്ച ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന കരുനാഗപ്പള്ളിയിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രനെതിരെയാണ് മഹേഷ് അട്ടിമറി വിജയം നേടിയത്. 11,597 വോട്ടുകള്‍ക്ക് സി.ആര്‍. മഹേഷിന്റെ ജയം.
മണ്ഡല രൂപീകരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം പിന്നീട് ഇടതു കോട്ടയായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും കടുത്ത മത്സരം നടത്തിയ മണ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായ ആര്‍. രാമചന്ദ്രന്‍ 1759 വോട്ടുകള്‍ക്കാണ് ജയിച്ചത്. അന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത് സി.ആർ മഹേഷായിരുന്നു. ആ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയാണ് ഇത്തവണ മഹേഷിന്റെ വിജയം.
ഈഴവ, നായര്‍ സമുദായങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് കരുനാഗപ്പള്ളി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ മഹേഷായിരുന്നു മുന്നിൽ.
മന്ത്രി എം എം മണിയുടെ വമ്പൻ വിജയത്തിന്‍റെ തിളക്കത്തിലാണ് ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലം. 2016ൽ 1109 വോട്ടുകൾക്ക് മാത്രം ജയിച്ച എം എം മണി, അഞ്ചു വർഷത്തിന് ഇപ്പുറം അതിനേക്കാൾ 37000ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തകർപ്പൻ വിജയമാണ് നേടിയത്. 38305 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം എം മണി വിജയിച്ചത്. യുഡിഎഫിലെ ഇ എം അഗസ്തിയെ മണി ആശാൻ തോൽപ്പിച്ചപ്പോൾ, സംസ്ഥാനത്തെ പൊതുചിത്രത്തിന് വിപരീതമായി എക്സിറ്റ് പോളുകൾക്കും ഉടുമ്പൻചോലയിൽ അടിതെറ്റി. ചില എക്സിറ്റ് പോളുകൾ എം എം മണി തോൽക്കുമെന്നാണ് പ്രവചിച്ചത്. അഞ്ചു വർഷത്തിനിടെ മന്ത്രിയെന്ന നിലയിൽ കൈവരിച്ച ജനപ്രീതി തന്നെയാണ് മണിയാശാന്‍റെ വൻ വിജയത്തിന് സഹായകരമായത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇടതുമുന്നണി നേരിട്ട നിർണായകമായ ഉപതെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിക്കാൻ പാർട്ടി നിയോഗിച്ച മണി ആശാൻ സംഘടനയ്ക്കകത്തും പുറത്തും നേടിയ ജനപ്രീതിയിലൂടെ വൻ വിജയം സമ്മാനിക്കുകയായിരുന്നു. വൈദ്യുതി മന്ത്രിയെന്ന നിലയിൽ ശ്രദ്ധ നേടിയ പ്രകടനമാണ് എം എം മണി നടത്തിയത്. കൂടാതെ മണ്ഡലത്തിൽ ബിഡിജെഎസ് മോശം പ്രകടനവും എം എം മണിയുടെ വൻ വിജയത്തിന് സഹായകരമായി. ബിഡിജെഎസിന്റെ സന്തോഷ് മാധവനായിരുന്നു എൻഡിഎ സ്ഥാനാർഥി. എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന കൗൺസിലർ കൂടിയ സന്തോഷിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല എന്നതും ശ്രദ്ധേയമായി.
Also Read-
Kerala Assembly Eelction Result | ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങൾ വിധി എഴുതി: വി എസ് അച്യുതാനന്ദൻ
2001 മുതൽ തുടർച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. രാജകുമാരി,രാജാക്കാട്, സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ് എം.എം മണി നേടിയത്. ഉടുമ്പന്‍ചോല പഞ്ചായത്തില്‍ മാത്രം എല്‍.ഡി.എഫ് 4000ത്തില്‍ പരം വോട്ടുകള്‍ക്ക് മുന്നിലെത്തി.