advertisement

എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം രമേശ് ചെന്നിത്തലയുടെ സാധ്യതകൾ

Last Updated:

നിയമസഭ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകുന്ന 'നേതാക്കളുടെ നാളെ' പംക്തിയിൽ രമേശ് ചെന്നിത്തല.

Rapid Read
രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
ആർ കിരൺ ബാബു
ഒരു തിരഞ്ഞെടുപ്പ് ഫലം ഒരു നേതാവിന്റെ ഭാവിയെ എങ്ങനെ മാറ്റി മറിക്കാം എന്നതിന്റെ ഏറ്റവും സമീപകാലത്തെ ഉദാഹരണമാണ് രമേശ് ചെന്നിത്തല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒന്നു കൊണ്ട് മാത്രം രാഷ്ട്രീയ ഗ്രാഫ് കുത്തനെ ഇടിഞ്ഞു വീണ നേതാവാണ് രമേശ് ചെന്നിത്തല. മാറി മാറി ഇടത് വലത് മുന്നണികളെ തെരഞ്ഞെടുക്കുക എന്ന കേരള പതിവ് തെറ്റിയിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയാവേണ്ടിയിരുന്ന നേതാവാണ് രമേശ് ചെന്നിത്തല. ഒപ്പം പ്രതിപക്ഷ നേതൃ പദവിയും കൂടി നഷ്ടമായി. ഇക്കുറി ജയിച്ചാലും മുഖ്യമന്ത്രി സാധ്യത ഉണ്ട് പക്ഷേ, ഉറപ്പല്ല. ഇക്കുറി കിട്ടിയില്ലെങ്കിൽ അടുത്തൊരവസരത്തിനായി കാത്തിരിക്കേണ്ടി വരും. പല തവണ നഷ്​ടമായ മുഖ്യമന്ത്രി സ്ഥാനം 82ആം വയസിൽ പിടിച്ചെടുത്ത വി എസ് അച്യുതാനന്ദന്റെ ചരിത്രം വച്ച് നോക്കിയാൽ 69 കാരനായ രമേശിന് ഇനിയും സമയവും കാലവും ഉണ്ടെന്ന് വേണമെങ്കിൽ കണക്കാക്കാം.
advertisement
നാല്പത് വർഷം മുമ്പ് 1986 ൽ കെ കരുണാകരൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല മന്ത്രിയാവുമ്പോൾ പ്രായം 30 വയസ്. പിന്നീട് മന്ത്രിയാവാൻ 28 വർഷം എടുത്തു. 2014 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. പക്ഷേ ഇതിനിടയിലും രമേശ് ചെന്നിത്തല എന്ന നേതാവിന്റെ രാഷ്ട്രീയ ഗ്രാഫ് മേലേക്ക് തന്നെയായിരുന്നു. ആറു തവണ ലോക്​സഭയിലേക്ക് മത്സരിച്ചു, നാലു തവണ ജയിച്ചു. നിയമസഭയിലേക്കുളള അഞ്ച് മത്സരങ്ങളിലും ജയിച്ചു. ഇതിനിടയിൽ 9 വർഷം കെ പി സി സി അധ്യക്ഷനുമായി. കെ കരുണാകരൻ യുഗം അസ്തമിച്ചതോടെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നീ രണ്ട് അച്ചുതണ്ടുകളെ ചുറ്റിയായിരുന്നു കേരളത്തിലെ കോൺഗ്രസിന്റെ കറങ്ങൽ. കെ സി വേണുഗോപാലും വി ഡി സതീശനും പാർട്ടിയിൽ കരുത്തരാകുന്നതിന് മുമ്പ് ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ അടുത്ത നേതാവ് രമേശായിരുന്നു. കേന്ദ്രത്തിലെയും പിന്നീട് കേരളത്തിലെയും കോൺഗ്രസിന്റെ തുടർ തോൽവികളോടെയാണ് രമേശ് ചെന്നിത്തല ഒന്നാം നേതാവ് എന്ന നിലയിൽ നിന്നും ഒന്നാം നിര നേതാക്കളുടെ കൂട്ടത്തിൽ ഒരാളായി മാറിയത്.
advertisement
പല കാരണങ്ങളാൽ കോൺഗ്രസിന് ഏറ്റവും അനുയോജ്യനായ നേതാവാണ് രമേശ് ചെന്നിത്തല, സമുദായ നേതാക്കളോടായാലും പാർട്ടിയിലെയും പുറത്തെയും എതിരാളികളോടായാലും നയതന്ത്രവും അടവു സമീപനവും രാഷ്ട്രീയ ഗുരുവായ കെ കരുണാകരന്റെ കുശാഗ്ര ബുദ്ധിയുടെ തുടർച്ചയാണ്. ഇപ്പോഴും പഴയ കോൺഗ്രസ് ശൈലി പിന്തുടരുന്നയാൾ. പക്ഷേ ഈ ശൈലി പുതിയ കാലത്ത് എത്രത്തോളം യോജിക്കുമെന്ന മറുചോദ്യമുണ്ട്.
നിയമസഭാ പ്രകടനം വിലയിരുത്തിയാൽ കേരള ചരിത്രത്തിൽ കോൺഗ്രസിൽ നിന്നുളള ഏറ്റവും കരുത്തനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കമുളള കോൺഗ്രസ് പ്രതിപക്ഷ നേതാക്കളുടെ ഭരണപക്ഷത്തെ വെറുതെ വിടുക എന്ന പതിഞ്ഞ ശീലം വിട്ട് ഭരണപക്ഷത്തെ കടന്നാക്രമിക്കുന്ന ശൈലിയായിരുന്നു രമേശിന്റേത്. ശക്തമായ എതിർപ്പ് ഉയർത്തി സർക്കാരിനെ പല പദ്ധതികളിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞ പ്രതിപക്ഷ നേതാവ് കൂടിയാണ്. പക്ഷേ മുന്നണിക്ക് വിജയം ഉറപ്പാക്കാൻ കഴിയാതെ വന്നതോടെ ഇതെല്ലാം വെളളത്തിൽ വരച്ച വരകളായി മാറി.
advertisement
ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ രമേശ് ചെന്നിത്തലയ്ക്ക് മുന്നിലുളള സാധ്യതകൾ പരിശോധിക്കാം.
സാധ്യത 1- യു ഡി എഫ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം
യു ഡി എഫ് ജയിക്കുന്നു. കോൺഗ്രസ് എം എൽ എമാരിൽ ഭൂരിപക്ഷവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നു. കേരള മുഖ്യമന്ത്രിയാവുന്നു. ചെന്നിത്തലയുടെ ഏറ്റവും വലിയ ആഗ്രഹവും ഇതു തന്നെയാവും. ഒരാളുടെ ഉളളിലെ ആഗ്രഹം എന്താണെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാവില്ലെങ്കിലും തൽക്കാലം മറിച്ചൊന്ന് ചിന്തിക്കാൻ വഴിയില്ല. ഇത് നടക്കാനുളള സാധ്യത തളളിക്കളയാനും ആവില്ല. ജയിച്ചു വരുന്നവർ ആരൊക്കെ എന്നതു മുതൽ കെ സി വേണുഗോപാലിന്റെ നിലപാടും ഇതിൽ നിർണായകമാകും. പഴയ എ, ഐ ഗ്രൂപ്പ് സമവാക്യങ്ങൾ ഒക്കെ മാറിയ കാലത്ത് മിക്ക എം എൽ എമാരും ഒന്നിലധികം നേതാക്കളുമായി ഒരേ പോലെ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഉറച്ച് ഒരു നേതാവിനെ മാത്രം പിന്തുണയ്ക്കുന്നവരുടെ എണ്ണം തീരെ കുറവാണ്. ഇവരുടെ നിലപാടാവും രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം വിട​രുമോ കൊഴിയുമോ എന്ന് തീരുമാനിക്കുക.
advertisement
സാധ്യത 2- യു ഡി എഫ് ജയിച്ചാലും മുഖ്യമന്ത്രി സ്ഥാനം കിട്ടാതിരിക്കുക.
ഇതിനുളള സാധ്യതയാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ. വമ്പൻ വിജയമാണ് യു ഡി എഫിന് ലഭിക്കുന്നതെങ്കിൽ സ്വാഭാവികമായും ഒന്നാമത്തെ ക്രഡിറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നെയാവും. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും മന്ത്രി സ്ഥാനം ലഭിക്കുമെന്നത് ഉറപ്പാണ്. ആഭ്യന്തരമോ ധനമോ പോലെ പ്രധാന വകുപ്പ് ഉറപ്പിക്കാനുളള കരുത്ത് ഇപ്പോഴും ഉണ്ട്. ഭരണം കിട്ടിയാൽ കോൺഗ്രസ് നേരിടാൻ പോകുന്ന മറ്റൊരു പ്രധാന വെല്ലുവിളി സമുദായ സമവാക്യമാകും. രമേശിന് മുന്നിലെ പ്രതിസന്ധിയും അതാവും.
advertisement
മന്ത്രി സാധ്യത കൽപ്പിക്കുന്ന നേതാക്കളിൽ വി ഡി സതീശൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, പി സി വിഷ്ണുനാഥ് തുടങ്ങിയവരെല്ലാം നായർ വിഭാഗത്തിൽ പെടുന്നവരാണ്. മന്ത്രി സ്ഥാനവും പ്രധാന വകുപ്പുകളും നൽകേണ്ട നേതാക്കളാണ് ഇവരെല്ലാം. ഇതെങ്ങനെ പരിഹരിക്കുമെന്ന പ്രശ്നം രമേശിനെയും ബാധിക്കും.
സാധ്യത 3- യു ഡി എഫ് പരാജയം.
ഇക്കുറിയും യു ഡി എഫ് പരാജയപ്പെട്ടാൽ ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചാലും അതിന്റെ പഴിയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല. ഒന്നാം പ്രതിയായി വി ഡി സതീശനെ നിർത്താനായേക്കാമെങ്കിലും ഹൈക്കമാൻഡിന്റെയും കോൺഗ്രസ് പ്രവർത്തകരുടെയും മുന്നിൽ കൂട്ടു പ്രതി സ്ഥാനത്ത് നിന്ന് രമേശിനും മാറി നിൽക്കാനാവില്ല. പ്രതിപക്ഷ നേതൃ സ്ഥാനം തിരിച്ചു പിടിക്കാൻ സാധ്യത ഉണ്ടെങ്കിലും ഒരുറപ്പും ഇല്ല.
advertisement
എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ കിട്ടിയാലും പ്രതിപക്ഷ നേതൃ പദവി ലഭിക്കാനുളള സാധ്യത പോലും ഉറപ്പിക്കാനാവില്ല. എന്നു മാത്രമല്ല പാർട്ടിയിൽ പുതുതലമുറ പിടിമുറുക്കും. അവരുടെ ശൈലിയും രീതിയും വ്യത്യസ്തമാകും. അവിടെ എത്രത്തോളം പിടിച്ച് നിന്ന് സ്വന്തം സ്ഥാനം ഉറപ്പാക്കാനാവും എന്നത് വലിയ വെല്ലുവിളിയാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം രമേശ് ചെന്നിത്തലയുടെ സാധ്യതകൾ
Next Article
advertisement
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം  രമേശ് ചെന്നിത്തലയുടെ  സാധ്യതകൾ
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം രമേശ് ചെന്നിത്തലയുടെ സാധ്യതകൾ
  • നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി നിർണയിക്കപ്പെടും

  • യു ഡി എഫ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ട്, പക്ഷേ ഉറപ്പില്ലെന്നും പറയുന്നു

  • പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതൃ പദവിയും ഉറപ്പില്ല, പാർട്ടിയിൽ പുതുതലമുറയുടെ വെല്ലുവിളിയും ഉണ്ടാകും

View All
advertisement