കളറാക്കി കലാശക്കൊട്ട്; ഇനി നിശബ്ദപ്രചാരണം; വ്യാഴാഴ്ച വിധിയെഴുത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി
നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണം അവസാനിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശവും വാശിയേറിയതുമായ കൊട്ടിക്കലാശമാണ് നടന്നത്. നഗരങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളാലും സമ്പന്നമായി. വൈകുന്നേരം ആറുമണിയോടെയാണ് പരസ്യപ്രചാരണം സമാപിച്ചത്.
ദിവസങ്ങൾ നീണ്ടുനിന്ന പ്രചാരണപോരിനൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി.
ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മുന്നണികൾ മാറ്റി. തിരുവനന്തപുരത്ത് പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം. മൂന്ന് സ്ഥാനാർത്ഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോൾ എൻ ഡി എ സ്ഥാനാർത്ഥി ആർ ശ്രീലേഖ കിരിടം വച്ചായിരുന്നു ക്രയിനിലേറിയത്. യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ കോൺഗ്രസ് ഷാളണിഞ്ഞായിരുന്നു പ്രത്യക്ഷപ്പെട്ടത്.
advertisement
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരിലും ആവേശം നിറയ്ക്കുന്നതായിരുന്നു കൊട്ടിക്കലാശം. പാര്‍ട്ടി പതാകകളുമായി എന്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം പൂര്‍ണമായി കളര്‍ഫുള്‍ ആയി. പലയിടങ്ങളിലും ക്രെയിനില്‍ കയറി സ്ഥാനാര്‍ഥികള്‍ വാനിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരില്‍ ആവേശം അണപൊട്ടി. ടിപ്പറിലും ലോറികളിലുമായി പ്രവര്‍ത്തകരും നിറഞ്ഞു.
കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാന്‍ തൃശൂരില്‍ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോള്‍ ചിലയിടത്ത് പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലും ഉണ്ടായി. ആഘോഷങ്ങള്‍ക്കിടയിലും വേറിട്ട കാഴ്ചകള്‍ക്കും ഇത്തവണത്തെ കലാശക്കൊട്ട് സാക്ഷ്യം വഹിച്ചു. പ്രളയ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറന്മുളയിലും യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയില്‍ കൊട്ടിക്കലാശത്തിന് മാറ്റിവെച്ച തുക ഉപയോഗിച്ച് ഒരു വീട് നിര്‍മ്മിച്ചു നല്‍കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം. പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനും കൊട്ടിക്കലാശം ഉപേക്ഷിച്ചിരുന്നു.
advertisement
വൈകിട്ട് ആറിന് ശേഷം പൊതു ഇടങ്ങളില്‍ പരസ്യ പ്രചരണം പാടില്ല. പ്രചരണം ലക്ഷ്യമാക്കിയുള്ള കലാപരിപാടികളും അനുവദിക്കില്ല. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം . പ്രചരണത്തിനായി പുറത്തു നിന്ന് എത്തിയവര്‍ അതത് മണ്ഡലങ്ങള്‍ വിട്ടുപോകണം എന്നിവയാണ് നിര്‍ദേശങ്ങള്‍. സംസ്ഥാനത്തെങ്ങും സുരക്ഷ കര്‍ശനമാക്കി. പൊലീസിനെയും ഒപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ച കേരളം നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ വിധിയെഴുതും.
Summary: The high-decibel public campaigning for the Kerala Assembly elections concluded on Tuesday with a vibrant and energetic "Kottikkalasham" (the grand finale of public campaigning). After three weeks of intense political rivalry, the state has now moved into a 48-hour period of silent campaigning before voters head to the polls this Thursday.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Apr 07, 2026 6:53 PM IST










