തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി.ഡി. സതീശന്‍. ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നതായി സതീശൻ കുറ്റപ്പെടുത്തി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു.
നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. യാതൊരു പഠനത്തിന്റെ അടിസ്ഥാനവുമില്ലാത്തയുള്ള നികുതി വർദ്ധനവാണ് ബജറ്റിലുണ്ടായത്. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവർത്തിക്കപ്പെട്ടെന്ന് സതീശൻ കുറ്റപ്പെടുത്തി.
Also Read-Kerala Budget 2023: ഇടിത്തീയായി ബജറ്റ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും
അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. വിലക്കയറ്റമുണ്ടാകുമ്പോൾ ആളുകൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും സതീശൻ പറഞ്ഞു. കിഫ്‌ബിയുടെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. കിഫ്‌ബി പ്രഖ്യാപനങ്ങൾ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്‌ബിയെന്നും സതീശൻ ചോദിച്ചു.
കൈ വയ്ക്കാൻ പറ്റുന്ന ഇടങ്ങളിൽ എല്ലാം സർക്കാർ കൊള്ളയടിയാണ്. കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും വലിയ നികുതി കൊള്ളയാണുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന് സർക്കാർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചറിയില്ലെന്ന് സംശയമുണ്ടെന്നും സതീശൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.