തിരുവനന്തപുരം: സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണം. സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാൻ നൽകാൻ സിബിഐക്ക് നൽകിയിരുന്ന പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി സിബിഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. നിലവിലെ കേസുകള്‍ക്ക് ഉത്തരവ് ബാധകമല്ല.
രാഷ്ട്രീയ ലക്ഷ്യത്തോടെ സിബിഐ കേസുകൾ ഏറ്റെടുക്കുന്നെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. സിബിഐക്ക് കടിഞ്ഞാൺ ഇടണമെന്ന ഇടതുമുന്നണി നിർദേശം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ലൈഫ് മിഷനിലെ സിബിഐ ഇടപെടലാണ് ഇത്തരമൊരു തീരുമാനത്തിന് പെട്ടെന്നുള്ള കാരണം.
കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്ത സിബിഐ നടപടി രാഷ്ട്രീയപ്രേരിതം എന്നാണ് വിമർശനം. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളും പശ്ചിമബംഗാളും നേരത്തെ തന്നെ സിബിഐക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആ മാതൃകയാണ് പിണറായി സർക്കാരും പിന്തുടരുന്നത്.
2017 ലാണ് സിബിഐക്ക് സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാനുള്ള പൊതു സമ്മതപത്രം സർക്കാർ നൽകിയത്. അത് പിൻവലിച്ച് എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കാനാണ് മന്ത്രിസഭായോഗത്തിൻ്റ തീരുമാനം. ഭാവിയിൽ ഹൈക്കോടതിയുടേയോ സുപ്രീം കോടതിയുടേയോ ഉത്തരവിന്‍റെ അടിസ്ഥാനത്തിലല്ലാതെ സിബിഐക്ക് കേസ് ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി വേണം. നിലവിൽ അന്വേഷിക്കുന്ന ലൈഫും പെരിയയും അടക്കമുള്ള കേസുകള്‍ക്ക് ഇത് ബാധകമല്ല.
മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പരിഗണിക്കൂ. നവംബര്‍ 12 മുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താനുള്ള നിർദ്ദേശത്തിനും മന്ത്രിസഭായോഗം അനുമതി നല്‍കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.