News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 23, 2020, 12:10 PM IST
News18 Malayalam
തിരുവനന്തപുരം:
കേരള കോൺഗ്രസും ജോസ് കെ മാണിയും എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ പുതിയൊരു ചരിത്രം കൂടി തിരുത്തിയെഴുതുകയാണ്. പലഘടക കക്ഷികൾക്കും
എൽഡിഎഫ് പ്രവേശനത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവന്നു. എന്നാൽ
ജോസ് കെ മാണിക്ക് ഘടക കക്ഷിയായി നേരിട്ടുള്ള പ്രവേശനമാണ് ലഭിച്ചത്. മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന പ്രഖ്യാപനം നടത്തി ഒൻപതാം ദിവസം തന്നെ ജോസ് കെ മാണി എല്‍ഡിഎഫിന്റെ ഭാഗമാകുന്നത് എന്നതാണ് ശ്രദ്ധേയം. 40 വർഷം മുൻപുള്ള ചരിത്രം ആവർത്തിക്കുകയായിരുന്നു.
Also Read-
എന്തൊരു സ്പീഡ്! കേരളാകോൺഗ്രസ് ഉപാധികളില്ലാതെ ഒമ്പതാം നാൾ ഇടതുമുന്നണിയിൽ; 10 കാര്യങ്ങൾകെ എം മാണിയുടെ പാർട്ടിക്ക് നേരിട്ട് പ്രവേശനം 40 വർഷം മുൻപും
1980ല്‍ സിപിഎമ്മും സിപിഐയും ചേര്‍ന്നുള്ള ഇടതുമുന്നണി സംവിധാനം ആരംഭിക്കുമ്പോഴായിരുന്നു മാണിയുടെ മുന്നണി പ്രവേശനം. അന്ന് മാണിയുടെ പാർട്ടിയെ ഇടതുമുന്നണിയില്‍ നേരിട്ട് ഘടകകക്ഷിയാക്കുകയായിരുന്നു. എന്നാൽ ഈ ബന്ധം അധികനാള്‍ നീണ്ടില്ല. 82ല്‍ മാണിയും കൂട്ടരും ഇടതുമുന്നണിയോട് വിടചൊല്ലി.
പി ജെ ജോസഫിനും കാത്തിരിക്കേണ്ടിവന്നു.. രണ്ടുവർഷം
മാണിയുടെ പാർട്ടി വിട്ടുപോയശേഷം മറ്റൊരു കേരള കോണ്‍ഗ്രസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമാകുന്നത് 1989ലാണ്. പി ജെ ജോസഫ് വിഭാഗം യുഡിഎഫ് വിട്ടുവന്ന് ഇടതുമുന്നണിയോടൊപ്പം സഹകരിക്കുകയായിരുന്നു. എന്നാൽ അന്നും നേരിട്ടൊരു പ്രവേശനമായിരുന്നില്ല ജോസഫിനും കൂട്ടർക്കും ലഭിച്ചത്. 1990ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി ജോസഫ് വിഭാഗത്തെ സഹകരിപ്പിച്ച ശേഷമാണ് 1991ല്‍ ഘടകകക്ഷിയാക്കുന്നത്. 1990ല്‍ കോട്ടയം ജില്ലാ കൗണ്‍സില്‍ അധ്യക്ഷപദവി ജോസഫ് വിഭാഗത്തിന് ഇടതുമുന്നണി നല്‍കുകയും ചെയ്‌തു.
Also Read-
നാലു ജില്ലകളിൽ സമഗ്രാധിപത്യം; തുടർഭരണം; ജോസ് കെ. മാണി വരുമ്പോൾ സിപിഎം കണക്കുകൂട്ടൽ
കെ കരുണാകരനും കെ മുരളീധരനും
2005ല്‍ പി കെ വാസുദേവന്‍ നായരുടെ മരണത്തിനു ശേഷം തിരുവനന്തപുരത്ത് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കെ കരുണാകരന്റെയും കെ മുരളീധരന്റെയും നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (ഡിഐസി) ഇടതുമുന്നണിയെ പിന്തുണച്ചു. എന്നാല്‍, അവരെ മുന്നണിയുടെ ഭാഗമാക്കുന്നതിന് പിന്നീട് എതിരഭിപ്രായങ്ങളുണ്ടായി. ഡിഐസി പിരിച്ചുവിട്ട് കെ മുരളീധരനടക്കം എന്‍സിപിയില്‍ ലയിച്ച് മുന്നണിയുടെ ഭാഗമാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്‍സിപിയെത്തന്നെ അന്ന് മുന്നണിയില്‍നിന്ന് താല്‍ക്കാലികമായി മാറ്റിനിർത്തുകയായിരുന്നു. മുരളീധരനും കൂട്ടരും എന്‍സിപി വിട്ടശേഷം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ഘടകകക്ഷിയായി വീണ്ടും എന്‍സിപി ഇടതുമുന്നണിയിലെത്തിയത്.
Also Read-
2016 ൽ എന്ത് സംഭവിച്ചു? കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുമ്പോൾ കണക്കുകൂട്ടലുകൾ എന്തൊക്കെ?
ഐഎൻഎല്ലിന് മുന്നിൽ വാതിൽ തുറന്നത് 24 വർഷത്തിനുശേഷം
നീണ്ട 24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2018 ഡിസംബറിലാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) ഇടതുമുന്നണിയുടെ ഘടകകക്ഷിയാകുന്നത്. ഐഎന്‍എല്ലിന് പുറമേ ജനാധിപത്യ കേരള കോണ്‍ഗ്രസ്, ആര്‍ ബാലകൃഷ്‌ണപിള്ളയുടെ കേരള കോണ്‍ഗ്രസ്(ബി), 2018 ആദ്യത്തില്‍ യുഡിഎഫ് വിട്ടുവന്ന ലോക് താന്ത്രിക് ജനതാദള്‍ (നേരത്തെ ജെഡിയു) എന്നിവരും അന്ന് ഘടകകക്ഷികളായി. ആറു പാര്‍ട്ടികളുണ്ടായിരുന്ന ഇടതുമുന്നണി സംവിധാനം അതോടെ പത്തു പാര്‍ട്ടികളടങ്ങുന്നതായി.
വീരേന്ദ്രകുമാറും കാത്തിരുന്നു
യുഡിഎഫ് വിട്ടുവന്നപ്പോള്‍ തന്നെ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ദള്‍ വിഭാഗം ഇടതു മുന്നണിപ്രവേശനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനും തടസം നേരിട്ടു. ജനതാദള്‍(എസ്) നേതൃത്വം അവരുമായി ലയനത്തിനൊരുങ്ങുന്നതായി ഇടതുമുന്നണി യോഗത്തില്‍ കെ. കൃഷ്‌ണന്‍കുട്ടി അറിയിച്ചതോടെയാണ് മുന്നണിപ്രവേശനം നീണ്ടത്. ലയനനീക്കങ്ങള്‍ മന്ദഗതിയിലായതോടെ യുഡിഎഫ് ഉപേക്ഷിച്ചെത്തിയ എല്‍ജെഡിയെ ഘടകകക്ഷിയാക്കാന്‍ ഇടതുമുന്നണി തീരുമാനിക്കുകയായിരുന്നു.
കോവൂർ കുഞ്ഞുമോന്റെ കാത്തിരിപ്പ് തുടരുന്നു.. അഞ്ചാംവർഷവും...
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിച്ച് നാലു സീറ്റുകളില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ചു. കേരളാ കോണ്‍ഗ്രസ് (ബി)യുടെ കെബി ഗണേഷ് കുമാറും ഇടതുപിന്തുണയോടെയാണ് പത്തനാപുരത്തു ജയിച്ചത്. ഈ രണ്ടുകക്ഷികൾക്കും രണ്ടുവർഷം കഴിഞ്ഞപ്പോൾ മുന്നണിയുടെ ഭാഗമാകാനായി. എന്നാൽ 2014ല്‍ ആര്‍ എസ് പി മുന്നണി വിട്ടപ്പോള്‍ ആര്‍ എസ് പി-ലെനിനിസ്‌റ്റ് രൂപീകരിച്ച് ഇടതിനൊപ്പം സഹകരിച്ചുവരുന്ന കോവൂര്‍ കുഞ്ഞുമോന്‍ മുന്നണിപ്രവേശനത്തിനായി മൂന്നു തവണ കത്തു നല്‍കി ഇപ്പോഴും കാത്തിരിക്കുകയാണ്.
Published by:
Rajesh V
First published:
October 23, 2020, 12:10 PM IST