തിരുവനന്തപുരം:
ഇടതുമുണണിയിലേക്കെന്ന് പ്രഖ്യാപിച്ച് ഒന്‍പതാം ദിവസമാണ് കേരള കോണ്‍ഗ്രസ് (എം)
ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായത്. വ്യാഴാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനം. നിലവില്‍ പത്തുകക്ഷികളുള്ള ഇടതുമുന്നണിയില്‍ പതിനൊന്നാമത്തെ കക്ഷിയായാണ് ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) എത്തുന്നത്. കണ്‍വീനര്‍ എ വിജയരാഘവനാണ് ജോസ് പക്ഷം യുഡിഎഫ് വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു കത്തുനല്‍കിയതായി അറിയിച്ചത്. കത്ത് ലഭിച്ച സാഹചര്യത്തില്‍ അവരെ മുന്നണിയോട് സഹകരിപ്പിക്കുന്നതില്‍ ഘടകകക്ഷികള്‍ അഭിപ്രായം അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ആവശ്യപ്പെട്ടു. ജോസ് വിഭാഗം പ്രഖ്യാപിച്ച രാഷ്‌ട്രീയനിലപാട് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഇടതുസര്‍ക്കാരിന്റെ നയസമീപനങ്ങളോട് അവര്‍ യോജിക്കുന്ന സാഹചര്യവും ഇരുവരും വിശദീകരിച്ചു. ആദ്യം പ്രതികരിച്ചത് സിപിഐ. മുന്നണി പൊതുവായെടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രന്‍ അറിയിച്ചു.
Also Read-
നാലു ജില്ലകളിൽ സമഗ്രാധിപത്യം; തുടർഭരണം; ജോസ് കെ. മാണി വരുമ്പോൾ സിപിഎം കണക്കുകൂട്ടൽ
മുന്നണിയിലെ പ്രധാന കക്ഷികൾ നിലപാട് വ്യക്തമാക്കിയതോടെ പൊതുവികാരം വ്യക്തമായി. പിന്നാലെ സംസാരിച്ച ഘടകകക്ഷികളെല്ലാം ജോസ് വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണച്ചു. ഘടകകക്ഷിയായിത്തന്നെ അവരെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം യോഗം അംഗീകരിച്ചു. ഇതിനിടെ, പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്ന തരത്തിലുള്ള പത്രവാര്‍ത്തകളില്‍ തങ്ങള്‍ക്കാശങ്കയുണ്ടെന്ന് എന്‍സിപി പ്രസിഡന്റ് ടി പി പീതാംബരന്‍ പറഞ്ഞു. പറഞ്ഞ് അവസാനിപ്പിക്കും മുമ്പുതന്നെ മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. ഇതൊക്കെ വെറും ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗം ഒരു തരത്തിലുമുള്ള ഡിമാന്‍ഡോ അവകാശവാദമോ ഉന്നയിച്ചിട്ടല്ല വരുന്നത്. പിന്നെയെന്തിന് നിങ്ങള്‍ അനാവശ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതോടെ എന്‍സിപി പിന്‍വാങ്ങി.
Also Read-
ചർച്ച സജീവം; ജോസ് പിരിയുമ്പോൾ യുഡിഎഫിലെ കേരളാ കോൺഗ്രസ് എത്ര സീറ്റിൽ മത്സരിക്കും ?
1. എൽഡിഎഫ് കൺവീനര്‍ എ വിജയരാഘവൻ പറഞ്ഞത്...
തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റമുണ്ടാക്കുന്നതിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണമുറപ്പാക്കാനുള്ള സാഹചര്യങ്ങൾ വർധിപ്പിക്കുന്ന രാഷ്ട്രീയ തീരുമാനമാണ് കേരള കോൺഗ്രസ്- ജോസ് കെ മാണി വിഭാഗത്തിന്റെ വരവോടെ സംഭവിക്കുകയെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് എ വിജയരാഘവൻ പറഞ്ഞു. ഒരുപാധിയുമില്ലാതെയാണ് കേരള കോൺഗ്രസ് (എം) മുന്നണിയുടെ ഭാഗമാകുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ പിന്നിൽ നിൽക്കുന്ന ജനവിഭാഗങ്ങൾ ഇടതുമുന്നണിക്കൊപ്പം വരുന്നതോടെ യുഡിഎഫ് ശിഥിലമാകും. കോവൂർ കുഞ്ഞുമോൻ ഇടതുമുന്നണിയുടെ എംഎൽഎയാണ്. അദ്ദേഹവുമായും ബന്ധപ്പെട്ടവരുമായും സഹകരിച്ച് തന്നെ ഇടതുമുന്നണി മുന്നോട്ട് പോകും. നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചർച്ച ചെയ്തത്. പ്രാദേശികതലത്തിൽ യോജിച്ച നിലപാടെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജന ജീവിതം മെച്ചപ്പെടുത്താനായി പൊതുമാർഗനിർദ്ദേശപ്രകാരം മാനിഫെസ്റ്റോ തയാറാക്കാൻ ഘടകകക്ഷി പ്രതിനിധികളടങ്ങിയ ഉപസമിതി രൂപീകരിച്ചുവെന്നും കൺവീനർ പറഞ്ഞു.
2. മുന്നണിയിലെ പതിനൊന്നാമത്തെ കക്ഷി; നാലാമത്തെ കേരള കോൺഗ്രസ്
ഇടതുമുന്നണിയിലെ പതിനൊന്നാമത്തെ പാർട്ടിയാണ് കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം.
1. സിപിഎം
2. സിപിഐ
3. ജെഡിഎസ്
4. എൻസിപി
5. കോൺഗ്രസ് എസ്
6. കേരള കോൺഗ്രസ് ബി
7. കേരള കോൺഗ്രസ് സ്കറിയാ തോമസ്
8. ഐഎൻഎൽ
9. ജനാധിപത്യ കേരള കോൺഗ്രസ്
10. ലോക് താന്ത്രിക് ജനതാദൾ
എന്നിവരാണ് മുന്നണിയിലെ മറ്റു പാർട്ടികൾ.
ജോസ് പക്ഷം കൂടി എത്തിയതോടെ എൽഡിഎഫിൽ ആകെ കേരള കോൺഗ്രസ് പാർട്ടികൾ നാലായി. ആർ. ബാലകൃഷ്ണപിള്ള ചെയർമാനായ കേരള കോൺഗ്രസ് ബി, സ്കറിയാ തോമസ് നയിക്കുന്ന കേരള കോൺഗ്രസ്, ഡോ.കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസ് എന്നിവയാണ് മറ്റു കേരള കോൺഗ്രസ് കക്ഷികള്‍.
3. കാത്തിരിപ്പൂ.. കോവൂർ കുഞ്ഞുമോൻ.. അഞ്ചാംവർഷം
ഇടതുമുന്നണി പ്രവേശനം കാത്ത് കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ ആർഎസ്പി (ലെനിനിസ്റ്റ്) കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചുവർഷമാകുന്നു. ഒപ്പം സഹകരിപ്പിക്കുന്നുണ്ടെങ്കിലും തന്റെ പാർട്ടിയെ പുറത്തുനിർത്തി, ജോസ് പക്ഷത്തിന് ഒൻപതാം നാൾ മുന്നണിയിൽ ഇരിപ്പിടം ഒരുക്കിയതിൽ കോവൂർ കുഞ്ഞുമോന് അതൃപ്തിയുണ്ട്.ഇത് മുന്നണി ഗൗനിക്കാനിടയില്ല. ജോസ് പക്ഷം നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ, ഇടതുമുന്നണിയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കിയിരുന്നു. ജോസ് പക്ഷത്തിനൊപ്പം ആര്‍എസ്പി(എല്‍)യേയും മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
കഴിഞ്ഞ അഞ്ച് വര്‍ഷകാലമായി ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ തങ്ങളേയും മുന്നണിയിലേക്ക് സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു. മുൻപും കോവൂര്‍ കുഞ്ഞുമോന്‍ സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനങ്ങളൊന്നും ഇതുവരെ സ്വീകരിച്ചിരുന്നില്ല.
Also Read-
2016 ൽ എന്ത് സംഭവിച്ചു? കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുമ്പോൾ കണക്കുകൂട്ടലുകൾ എന്തൊക്കെ?
4. ജോസ് പക്ഷം മുന്നണിയിലെ മൂന്നാമനാകുമോ?
രണ്ട് എംഎൽഎമാരും ഒരു ലോക്സഭാ എംപിയുമുള്ള കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ സാങ്കേതികമായി ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പോടെ മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായി ജോസ് പക്ഷം മാറുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനുള്ള കരുത്ത് ജോസ് പക്ഷത്തിനുണ്ടെന്നാണ് വിലയിരുത്തൽ. നിലവിലെ സിപിഎമ്മിന് 57ഉം സിപിഐക്ക് 19ഉം എംഎൽഎമാരാണുള്ളത്. ജെഡിഎസിനും എൻസിപിക്കും മൂന്നുവീതം എംഎൽഎമാരുണ്ട്. (കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ എൻസിപിക്ക് രണ്ട് എംഎൽഎമാർ). ഇതോടെ കുട്ടനാട് ഉൾപ്പെടെ ആകെ 95 സീറ്റുകളാണ് എൽഡിഎഫിനുള്ളത്.
5. കെ എം മാണിക്കും കേരള കോൺഗ്രസിനുമെതിരായ വിമർശനങ്ങൾ സിപിഎം വിഴുങ്ങുമോ?
നിയമസഭ ഇന്നേവരെ കണ്ടിട്ടില്ലാത്ത രംഗങ്ങള്‍ക്കാണു 2015ലെ യുഡിഎഫ് സര്‍ക്കാരിന്‍റെ ബജറ്റ് ദിനം സാക്ഷ്യം വഹിച്ചത്. മാണിയെക്കൊണ്ടു ബജറ്റ് അവതരിപ്പിക്കില്ലെന്നു പ്രഖ്യാപിച്ച് അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ സിപിഎം നേതാക്കള്‍ ഇപ്പോൾ ആ പാർട്ടിക്കും മകനും ചുവന്ന പരവതാനി വിരിച്ചിരിക്കുന്നുവെന്നാണ് എതിർപക്ഷത്തിന്റെ ആക്ഷേപം. വിഎസ് പറഞ്ഞ നരകത്തിലെ തീ, കോഴവീരൻ, വീട്ടിൽ നോട്ടടി യന്ത്രം എന്നിങ്ങനെ കെ എം മാണിക്കെതിരെ സിപിഎം, സിപിഐ നേതാക്കൾ ഉയർത്തിയ ആക്ഷേപങ്ങൾ ഇനി വിഴുങ്ങേണ്ടിവരും. എന്നാൽ, ബാർ കോഴ ആരോപണങ്ങളിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്. ബാർ കോഴ ആരോപണം ഉയർത്തിക്കൊണ്ടുവന്നത് കോൺഗ്രസിലെ ഐ വിഭാഗമാണെന്ന നിലപാടാണ് ഇപ്പോൾ സിപിഎം നേതാക്കൾ സ്വീകരിക്കുന്നത്.
6. ജോസ് പക്ഷം യുഡിഎഫ് വിട്ടതെന്തിന്?
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാമെന്ന ധാരണ പാലിച്ചില്ലെന്ന് ആരോപിച്ച് ജോസ് വിഭാഗത്തിനെതിരെ യുഡിഎഫ് നടപടി സ്വീകരിച്ചതോടെയാണ് വഴിപിരിയലിനു കളമൊരുങ്ങിയത്. അജിത് മുതിരമല എന്ന അംഗത്തിനു വേണ്ടിയായിരുന്നു ഈ ആവശ്യം. എന്നാൽ ഇതിന് ജോസ് വിഭാഗം വഴങ്ങിയില്ല. ജൂലൈ 29നാണ് ജോസ് പക്ഷത്തെ യുഡിഎഫില്‍നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് കൺവീനറായിരുന്ന ബെന്നി ബഹനാന്‍ അറിയിച്ചത്. നൂറു ദിവസത്തിനുള്ളില്‍ ജോസ് വിഭാഗം ഇടതുചേരിയിലേക്ക് എത്തുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ് ജന്മദിനത്തില്‍ കോട്ടയത്തുചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇടതുമുന്നണി പ്രവേശനത്തിനു പച്ചക്കൊടി കാട്ടിയിരുന്നു. തുടര്‍ന്നു തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലേയും സീറ്റുകൾ സംബന്ധിച്ച ധാരണയായതോടെയാണ് എല്‍ഡിഎഫുമായി സഹകരിക്കാനുള്ള തീരുമാനം ജോസ് കെ. മാണി പ്രഖ്യാപിച്ചത്. യുഡിഎഫ് വഞ്ചിച്ചെന്നും കെ എം മാണിയുടെ ആത്മാവിനെ വേദനിപ്പിച്ചെന്നും ആരോപിച്ചാണ് ജോസ് കെ മാണി ഇടതുമുന്നണിയിലെത്തിയിരിക്കുന്നത്.
7. ജോസ് പക്ഷം വരുമ്പോൾ എൽഡിഎഫ് പ്രതീക്ഷിക്കുന്നതെന്ത്?
ജോസ് കെ മാണി മുന്നണിയിലെത്തിയതോടെ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ മേൽക്കൈ ഉണ്ടാകുമെന്നാണ് സിപിഎമ്മിന്റെയും മുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ജോസ് വിഭാഗത്തിന് കോട്ടയത്തിനു പുറമെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ സീറ്റു നിലയിൽ ഗണ്യമായ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തൽ.മധ്യകേരളത്തിലെ ഈ നാലു ജില്ലകളിൽ കാര്യമായ ശക്തിയുണ്ടെന്നാണ് സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എന്തു വിവാദം ഉണ്ടായാലും എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്നും ജോസ് കെ മാണി കൂടി എത്തിയാൽ അത് കൂടുതൽ ഗുണം ചെയ്യും എന്നും വിലയിരുത്തുന്നു. ആറു ശതമാനത്തിനു മേലെ വോട്ട് കേരളാ കോൺഗ്രസിൽ നിന്നും ലഭിക്കും. ഇതിൽ പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി, കോതമംഗലം രൂപതകളിലെ അംഗങ്ങളായ നിലവിൽ ഇടതു മുന്നണിക്ക് വോട്ടു ചെയ്യാത്തവരും ജോസ് വരുമ്പോൾ വരും എന്നതാണ് വിലയിരുത്തൽ.
Also Read-
കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി
8. കോൺഗ്രസിന്റെ സാധ്യതകൾ?
ജോസ് പക്ഷം പോയതോടെ കേരള കോൺഗ്രസ് എമ്മിന്റെ കൈയിലിരുന്ന പകുതിയോളം സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. ഏറ്റുമാനൂർ, പൂഞ്ഞാർ, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ എന്നിവയ്ക്കു പുറമെ കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും കോൺഗ്രസ് അവകാശപ്പെടും. കോട്ടയം ജില്ലയിൽ ജോസ് പോയത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ യുഡിഎഫിൽ കേരള കോൺഗ്രസ് (എം ) 15 സീറ്റുകളിലാണ് മത്സരിച്ചത്. ജോസ് വിഭാഗം പോയതോടെ കോട്ടയം ജില്ലയിൽ വലിയ ഉണർവാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഈ ഉണർവ് അണികളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് കോൺഗ്രസിന്റെ ശ്രമം.
9. കോൺഗ്രസ് നേരിടുന്ന വെല്ലുവിളികൾ?
ജോസ് പക്ഷം പോയതോടെ അവർ മത്സരിച്ചുവന്നിരുന്ന കുറച്ചുസീറ്റുകളെങ്കിലും പാർട്ടിക്ക് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കോട്ടയത്തെ കോൺഗ്രസ് നേതൃത്വം. എന്നാൽ കോൺഗ്രസിന്റെ നീക്കം തിരിച്ചറിഞ്ഞ പി ജെ ജോസഫ്, കേരള കോൺഗ്രസിന്റെ സീറ്റുകള്‍ പ്രതീക്ഷിക്കേണ്ടെന്ന സൂചന നൽകി കഴിഞ്ഞു. ഇനി ഇടതുമുന്നണി അവകാശപ്പെടുന്നതുപോലെ, ആറു ശതമാനം വോട്ടുകൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലൂടെ എൽഡിഎഫിലേക്ക് പോയാൽ, തങ്ങളുടെ ചില സീറ്റുകളിലെയെങ്കിലുംജയ സാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. 38 വർഷം ഒപ്പമുണ്ടായിരുന്ന ഒരു ഘടകകക്ഷി മുന്നണി വിട്ടുപോകുന്നത് തടയുന്നതിന് മുന്നണി സംവിധാനത്തിന് വീഴ്ച പറ്റിയെന്ന് ചില കോൺഗ്രസ് നേതാക്കളെങ്കിലും അടക്കം പറയുന്നുണ്ട്. എൽഡിഎഫിൽ നിന്ന് പകരം ഒരു കക്ഷിയെങ്കിലും യുഡിഎഫിലെത്തിക്കാനാകുമോ എന്നും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.
10. മുന്നണി മാറ്റം കേരള കോൺഗ്രസിന് ഗുണകരമാകുമോ?
കേരള കോൺഗ്രസ് എം എൽഡിഎഫിലെത്തുന്നതോടെ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറുമെന്നാണ് ജോസ് കെ മാണിയുടെ അവകാശ വാദം. സിപിഎം പിന്തുണയും കേരള കോൺഗ്രസ് വോട്ടുകളും ചേരുമ്പോൾ മികച്ച നേട്ടമാണ് ജോസ് കെ മാണി പ്രതീക്ഷിക്കുന്നത്. ക്രൈസ്തവ സഭകൾ ഒപ്പം നിൽക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടർമാർക്ക് ഉൾക്കൊള്ളാനാകുമോ എന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. കാര്യമായ നേട്ടം ജോസ് കെ മാണിക്ക് ഉണ്ടാക്കാനാകില്ലെന്നും കേരള കോൺഗ്രസ് - ഇടതുപക്ഷ രാഷ്ട്രീയം ഒരേപാതയിൽ സഞ്ചരിക്കുക പ്രയാസകരമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച്, നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് ജോസ് കെ മാണി തയാറെടുക്കുന്നത്.
Also Read-
കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുണ്ട്? അവരൊക്കെ ഇപ്പൊ എവിടെയൊക്കെയാണ്?
നാലു കേരള കോൺഗ്രസുകളുമായി എൽഡിഎഫിന് മുന്നോട്ടുപോകാനാകുമോ എന്നാണ് ഇനി അറിയേണ്ടത്. ജോസ് പക്ഷവും കേരള കോൺഗ്രസ് ബിയും ഒഴിച്ചുള്ള രണ്ട് കക്ഷികൾക്കും നേതാക്കൾ മാത്രമേ ഉള്ളൂവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസുകളെ ഒന്നിപ്പിക്കാൻ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാകുമോ എന്ന് കണ്ടറിയണം. കേരള കോൺഗ്രസുകളുടെ ലയനമെന്നത്, പറയുന്നതുപോലെ അത്ര എളുപ്പമല്ല.
കെ എം മാണിക്കെതിരായ അഴിമതി ആരോപണങ്ങളുടെ പേരിലാണ് എതിർപ്പുയർത്തിയ കേരള കോൺഗ്രസിലെ ഒരു വിഭാഗം ജനാധിപത്യ കേരള കോൺഗ്രസിന് രൂപം കൊടുത്തതും എൽഡിഫിലെത്തിയതും. കെ എം മാണിയുടെ പാർട്ടി തന്നെ എൽഡിഎഫിലെത്തിയതോടെ ജനാധിപത്യ കേരള കോൺഗ്രസിന്റെ രാഷ്ട്രീയ നിലനിൽപുതന്നെ ഇല്ലാതെയായി. യുഡിഎഫിലാകട്ടെ ഇപ്പോൾ രണ്ട് കേരള കോൺഗ്രസ് മാത്രമാണുള്ളത്. എന്നാൽ, മൂന്നാമതൊരു കേരള കോൺഗ്രസ് കൂടി യുഡിഎഫിൽ എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.