കോട്ടയം:
കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കൂടി വന്നാൽ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ മേൽക്കൈ ഉണ്ടാകുമെന്ന് സിപിഎം കണക്കുകൂട്ടൽ. ജോസ് വിഭാഗം എൽ ഡി എഫിൽ വരുന്നതിനെ ശക്തമായി പിന്തുണക്കുന്ന കോട്ടയം ജില്ലാ നേതൃത്വത്തിന്റെതാണ് ഈ വിലയിരുത്തൽ. ജോസഫ് വിഭാഗത്തെ അപേക്ഷിച്ച് ജോസ് കെ മാണി പക്ഷത്തിന് ജില്ലയിൽ മികച്ച സ്വാധീനമുണ്ടെന്നും പാർട്ടി ജില്ലാ ഘടകം കണക്കാക്കുന്നു.
ജോസ് വിഭാഗത്തിന് മധ്യകേരളത്തിലെ നാലു ജില്ലകളിൽ കാര്യമായ ശക്തിയുണ്ടെന്നാണ് സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എന്തു വിവാദം ഉണ്ടായാലും എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
ജോസ് കെ മാണി കൂടി എത്തിയാൽ അത് കൂടുതൽ ഗുണം ചെയ്യും. കോട്ടയത്തിനു പുറമെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ സീറ്റു നിലയിൽ ഗണ്യമായ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തൽ. ആറു ശതമാനത്തിനു മേലെ വോട്ട് കേരളാ കോൺഗ്രസിൽ നിന്നും ലഭിക്കും. ഇതിൽ പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി, കോതമംഗലം രൂപതകളിലെ അംഗങ്ങളായ നിലവിൽ ഇടതു മുന്നണിക്ക് വോട്ടു ചെയ്യാത്തവരും ജോസ് വരുമ്പോൾ വരും എന്നതാണ് വിലയിരുത്തൽ.
2016 തെരഞ്ഞെടുപ്പിൽ നാലു ജില്ലകളിലായി ആകെയുള്ള 33 സീറ്റുകളിൽ 18 യുഡിഎഫിനും 14 എൽഡിഎഫിനും ഒരെണ്ണം പിസി ജോർജിനും ആയിരുന്നു.
നാലു ജില്ലകളിലെ നില (2016 )എറണാകുളം (14 ) യുഡിഎഫ് (9 ) എൽഡിഎഫ് (5 )
കോട്ടയം (9 ) യുഡിഎഫ് (6 ) എൽഡിഎഫ് (2 ) പിസി ജോർജ് (1)
ഇടുക്കി (5 ) എൽഡിഎഫ് (3 ) യുഡിഎഫ് (2)
പത്തനംതിട്ട (5 ) എൽഡിഎഫ് (4 ) യുഡിഎഫ് (1)
ആകെ (33 ) യുഡിഎഫ് (18 ) എൽഡിഎഫ് (14 ) പിസി ജോർജ് (1)പാലാ, കോന്നി ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം രണ്ടു സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തതോടെ (2019) നാലു ജില്ലകളിലെ സീറ്റുനിലയിൽ ഇരു മുന്നണികളും തുല്യ നിലയിലായി.
എറണാകുളം (14 ) യുഡിഎഫ് (9 ) എൽഡിഎഫ് (5 )
കോട്ടയം (9 ) യുഡിഎഫ് (5 ) എൽഡിഎഫ് (3 ) പിസി ജോർജ് (1)
ഇടുക്കി (5 ) എൽഡിഎഫ് (3 ) യുഡിഎഫ് (2)
പത്തനംതിട്ട (5 ) എൽഡിഎഫ് (5 ) യുഡിഎഫ് (0 )
ആകെ (33 ) യുഡിഎഫ് (16 ) എൽഡിഎഫ് (16 ) പിസി ജോർജ് (1)ഇതിലും മെച്ചമായ അവസ്ഥ അടുത്ത തെരഞ്ഞെടുപ്പിൽ നാലു ജില്ലകളിൽ ഉണ്ടാകും എന്നാണ് ജോസ് വിഭാഗത്തിനു വേണ്ടി വാദിക്കുന്നവരുടെ കണക്കുകൂട്ടൽ. അത് ഇങ്ങനെ.
കോട്ടയം (9 )നിലവിലെ മൂന്നു മണ്ഡലങ്ങളും (വൈക്കം, ഏറ്റുമാനൂർ, പാലാ) ഒപ്പമുണ്ടാകും. കാഞ്ഞിരപ്പളളി എം എൽ എ ജയരാജ് എൽ ഡിഎഫിലേക്ക് വരുന്നതോടെ മണ്ഡലം ഇടത്തേക്ക് മറിയും. ചങ്ങനാശേരിയിൽ കഴിഞ്ഞ തവണ 1849 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് യു ഡിഎഫിന് ഉണ്ടായത്. ഇത് മറികടക്കാൻ ജോസ് വരുന്നതോടെ കഴിയും.കടുത്തുരുത്തി മാണി വിഭാഗത്തിന് ശക്തിയുള്ളതെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. അതും അനുകൂലമാകും. പൂഞ്ഞാറിൽ
മാണി വിഭാഗം വന്നാൽ പിസി ജോർജിനെ പരാജയപ്പെടുത്താൻ കഴിയും. കോട്ടയം മണ്ഡലത്തിൽ ഇടതു മുന്നേറ്റം ഉണ്ടാകും എന്നും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയല്ലാതെമറ്റാരു വന്നാലും വിജയിക്കാം എന്നുമാണ് വിലയിരുത്തൽ. ജില്ലയിൽ കുറഞ്ഞത് 7 സീറ്റുകൾ ഉറപ്പാക്കുന്നു.
ഇടുക്കി (5 )നിലവിലെ മൂന്നു മണ്ഡലങ്ങളും (ഉടുമ്പൻചോല, പീരുമേട്, ദേവികുളം ) ഒപ്പമുണ്ടാകും. എൽ ഡി എഫിൽ എത്തുന്ന റോഷി അഗസ്റ്റിന് തന്റെ വ്യക്തി പ്രഭാവം കൊണ്ട് ഇടുക്കി നിലനിർത്താൻ കഴിയും. തൊടുപുഴയിൽ മാണി വിഭാഗം വന്നാൽ പിജെ ജോസഫിനെ തളയ്ക്കാൻ കഴിയും. ജില്ലയിൽ കുറഞ്ഞത് 4 സീറ്റുകൾ ഉറപ്പാക്കുന്നു.
പത്തനംതിട്ട (5 )നിലവിലെ അഞ്ചു മണ്ഡലങ്ങളും (റാന്നി, തിരുവല്ല, ആറന്മുള, അടൂർ, കോന്നി ) നിലനിർത്താം. രാഷ്ട്രീയമായി വന്ന മാറ്റങ്ങൾ ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ സഹായിക്കും.
എറണാകുളം (14 )നിലവിലെ അഞ്ചു മണ്ഡലങ്ങളും (കൊച്ചി, കോതമംഗലം. മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, വൈപ്പിൻ,) നിലനിർത്താം. നേരിയ വോട്ടിനു നഷ്ടമായ കുന്നത്തുനാട്ടിൽ കേരളാ കോൺഗ്രസിലെ മാറ്റം ഗുണം ചെയ്യും. പഴയ മാണി വിഭാഗം സീറ്റുകളായ അങ്കമാലി, പിറവം എന്നിവടങ്ങളിലും മാറ്റം വരുത്തും. പ്രത്യേക സാഹചര്യത്തിൽ നഷ്‌ടമായ പെരുമ്പാവൂർ മണ്ഡലം തിരിച്ചു പിടിക്കാനും ജോസിന്റെ വരവ് സഹായിക്കും എന്നാണ് കണക്കുക്കൂട്ടൽ. ജില്ലയിൽ കുറഞ്ഞത് 8 സീറ്റുകൾ ഉറപ്പാക്കുന്നു.
You may also like:'സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് പഠിപ്പിച്ചവർക്ക്' വിവാഹ വാർഷികാശംസകൾ നേർന്ന് ജഗതിയുടെ മകൾ [NEWS]'മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുന്നു': കെസിബിസി [NEWS] Sunny Leone| 'ചീത്ത കാര്യങ്ങൾ മാത്രമല്ല നല്ലതും ഒരുപാട് ഉണ്ട്': ബോളിവുഡിനെ കുറിച്ച് സണ്ണി ലിയോണി [NEWS]അങ്ങനെ മേഖലയിലെ ആകെയുള്ള 33 സീറ്റിൽ കുറഞ്ഞത് 24 എങ്കിലും ഇടതു മുന്നണിക്ക് ലഭിക്കും എന്നതാണ് സെപ്റ്റംബർ ആദ്യ വാരത്തിലെ വിലയിരുത്തൽ. ഇതു വഴി മറ്റിടങ്ങളിൽ ഉണ്ടായേക്കാവുന്ന തിരിച്ചടി മറികടക്കാനും ഭരണത്തുടർച്ച ഉറപ്പാക്കാനും കഴിയും എന്ന് ഉറപ്പിച്ചാണ് ഭാവി കാര്യങ്ങൾ തീരുമാനിച്ചിട്ടുള്ളത്.
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ ഉടൻ തന്നെ സീറ്റു ചർച്ചകൾ തുടങ്ങാൻ
എൽഡിഎഫ് തയ്യാറെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.