Arun Balachandran | കടുത്ത ജീവിത സാഹചര്യത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ IT ഫെലോ വരെ; ആരാണ് അരുൺ ബാലചന്ദ്രൻ?

Last Updated:

കോട്ടയം എരുമേലി പഞ്ചായത്തിലെ ഇടകടത്തി എന്ന മലയോരഗ്രാമത്തിൽ നിന്നാണ് ഫാഷൻ ലോകത്തിന്റെ വെള്ളിവെളിച്ചത്തിലേക്കും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി ഫെലോ എന്ന പ്രമുഖനിലേക്കും അരുൺ വളർന്നത്.

തിരുവനന്തപുരം: സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവാദത്തിലാക്കിയ സ്വർണക്കടത്ത് കേസിനിടെ ഉയർന്നു വന്ന പുതിയൊരു പേരാണ് അരുൺ ബാലചന്ദ്രൻ. മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അരുൺ ബാലചന്ദ്രൻ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയാണെന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. സ്വർണക്കടത്ത് പ്രതികൾക്ക് റൂം ബുക്ക് ചെയ്തു നൽകിയെന്ന ആരോപണത്തെ തുടർന്ന് ഇയാളെ ഐ.ടി വകുപ്പിൽ നിന്നും പുറത്താക്കി.
മുൻപ് കേട്ടിട്ടേയില്ലെന്ന് സൈബർ സഖാവ്
മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടതോടെയാണ് സി.പി.എം അനുകൂല ടെക്നോക്രാറ്റുകൾ പോലും അരുൺ ബാലചന്ദ്രനെന്ന പേര് ആദ്യമായി കേൾക്കുന്നത്. സ്വർണക്കടത്ത് വിവാദത്തിൽപ്പെട്ടപ്പോഴും അരുൺ ബാലചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ദുരൂഹമാണെന്നാണ് ഇടത് അനുകൂല സൈബർ വിദഗ്ധൻ ന്യൂസ് 18 മലയാളത്തോട് പ്രതികരിച്ചത്.
advertisement
ആരാണ് അരുൺ
കോട്ടയം എരുമേലി പഞ്ചായത്തിലെ ഇടകടത്തി എന്ന മലയോരഗ്രാമത്തിൽ നിന്നാണ് ഫാഷൻ ലോകത്തിന്റെ വെള്ളിവെളിച്ചത്തിലേക്കും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി ഫെലോ എന്ന പ്രമുഖനിലേക്കും അരുൺ വളർന്നത്. പമ്പാവാലിക്കും മുക്കൂട്ടുതറയ്ക്കുമിടയിലെ ഇടകടത്തി എന്ന ഗ്രാമത്തിലേക്ക് ഇന്നും ബസ് സർവീസ് കുറവാണ്. പത്തനംതിട്ട ജില്ലയോടു ചേര്‍ന്നു കിടക്കുന്ന ഇരുപൂവളംകാട്ടിൽ‌ വീട്ടിൽ അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം. ഇടകടത്തി ടി.കെ.എം.യു.പി സ്കൂളിലായിരുന്നു അരുണിന്റെയും വിദ്യാഭ്യാസം. തുടർന്ന് ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിലും പ്ലസ് ടു വേൻകുറിഞ്ഞി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലും. സാധാരണക്കാരായ ഇടകടത്തിക്കാർക്ക് ഇന്നും അഭിമാനവും അത്ഭുതവുമാണ് അരുൺ ബാലചന്ദ്രൻ എന്ന സാധാരണക്കാരന്റെ വളർച്ച.
advertisement
advertisement
കഠിനാധ്വാനിയായ അരുണിന്റെ സ്വപ്നതുല്യമായ വളർച്ച നാട്ടുകാരിൽ പലർക്കും ആവേശവുമാണ്. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ പിറന്നിട്ടും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് അരുൺ പമ്പാ നദിക്കരയിലെ ഒരു മലയോര ഗ്രാമ പ്രദേശത്തു നിന്നും ഫാഷൻ ലോകത്തേക്കും തുടർന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റു വരെയും എത്തിയത്.
പ്രസിദ്ധീകരണത്തിലൂടെ തുടക്കം
തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബി.ടെക് ബിരുദമുണ്ടെന്നാണ് അരുൺ തന്റെ ബയോഡാറ്റയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാലയളവിൽ ഇദ്ദേഹം 'ടെക്നോ ഫസ്റ്റ്' എന്ന മാസിക സ്വന്തമായി ആരംഭിച്ചു. 20 രൂപയായിരുന്നു ഇതിന്റെ മുഖവില. കോഴിക്കോട് ഐഐഎമ്മിൽ നിന്നും വിദൂരവിദ്യാഭ്യാസത്തിലൂടെ എം.ബി.എയും നേടി.
advertisement
ജീവിതം മുന്നോട്ടുകൊണ്ടുപോയ 'ഫോർവേഡ്'
2008-ൽ യു.എസ്.ടി ഗ്ലോബൽ എന്ന ഐ.ടി കമ്പനിയിൽ ജൂനിയർ ബിസിനസ് അനലിസ്റ്റായി അരുൺ ജോലി ചെയ്തിട്ടുണ്ട്. ഒരു വർഷത്തിനു ശേഷം യു.എസ്.ടി വിട്ടു. പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് സംരംഭകരെ സഹായിക്കാനായി 24 മത്തെ വയസിൽ പ്രീഇൻക്യുബേഷൻ ഇന്നവേഷൻ ലാബ് ആരംഭിച്ചു. ഒരു വർഷത്തിനു ശേഷം ഈ സംരംഭം പൂട്ടി. 2011-ൽ FWD ( ഫോർവേഡ്)' എന്ന പേരിൽ ഒരു ലക്ഷ്വറി ലൈഫ് സ്റ്റൈൽ മാഗസിന് തുടക്കമിട്ടു. ഒരു സൂപ്പർ താരമായിരുന്നു ഈ മാസികയുടെ ഉപദേശക സ്ഥാനത്ത്. സ്വതവേ ഉത്സാഹിയായ അരുൺ ഇതിലൂടെ സിനിമാ രാഷ്ട്രീയ രംഗങ്ങളിൽ വൻ സ്വാധീനമാണ് ഉണ്ടാക്കിയെടുത്തത്. ഇതിനു പിന്നാലെ പ്രവാസികളിൽ നിന്നും നിക്ഷേപം ആകർഷിച്ച് വീണ്ടുമൊരു ഇൻക്യുബേഷൻ ലാബിന് തുടക്കമിട്ടു. ഇതോടെ വ്യത്യസ്ത ആശയങ്ങളുള്ള സംരംഭകൻ എന്ന നിലയിൽ ദേശീയ മാധ്യമങ്ങളിൽ പോലും അരുണിനെ കുറിച്ചുള്ള വാർത്തകൾ വന്നു. 2017 സെപ്തബറിൽ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയി നിയമിക്കപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയതിനു പിന്നാലെ ഐ.ടി രംഗത്തെ മോട്ടിവേഷൻ സ്പീക്കറായും അരുൺ പല വേദികളിലും‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
advertisement
ഡിസൈനർ സംഗമം
രാജ്യത്തെ പ്രമുഖ ഡിസൈനർമാർ പങ്കെടുത്ത ഡിസൈനർ സംഗമത്തിലൂടെയാണ് അരുൺ കൊച്ചിയിൽ ശ്രദ്ധേയനായത്. ഡിസൈനർമാരുടെ സംഗമത്തിനു വൻ പ്രതികരണമാണു ലഭിച്ചത്. പ്രമുഖ ഡിസൈനർമാർ പലരും കുടുംബസമേതം കൊച്ചിയിലും കുമരകത്തും അവധിയാഘോഷിച്ചു. ഫാഷൻ ഷോ ഇല്ലെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ഡിസൈനർ സംഗമങ്ങളിലൊന്നായിരുന്നു ഇത്. ഇതൊരു സ്ഥിരം വേദിയാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയതോടെ ഉപേക്ഷിച്ചു.
advertisement
വാർഷിക ശമ്പളം 22 ലക്ഷം
ഇൻഫോസിസ് സഹ സ്ഥാപകനായ എസ്.ഡി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള ഹൈപവർ ഐ.ടി കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് കേരളത്തിലേക്ക് ഐ.ടി നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഐ.ടി ഫെലോ മാരെ നിയമിച്ചത്. 13 മാസത്തിനു ശേഷം ഈ തസ്തിക ഇല്ലാതാക്കി. ഇതിനു പിന്നാലെ 2019-ൽ ഹൈപവർ ഡിജിറ്റൽ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ച് അരുൺ ബാലചന്ദ്രനെ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടറായി സർക്കാർ നിലനിർത്തി. 22 ലക്ഷമായിരുന്നു വാർഷിക ശമ്പളം. വിവാദങ്ങളെ തുടർന്ന് ഈ സ്ഥാനത്ത് നിന്നാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Arun Balachandran | കടുത്ത ജീവിത സാഹചര്യത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ IT ഫെലോ വരെ; ആരാണ് അരുൺ ബാലചന്ദ്രൻ?
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement