വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി
- Published by:Anuraj GR
- news18-malayalam
Last Updated:
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി
കൊച്ചി: സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. മെയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ തീർപ്പാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടെണ്ണൽ ദിനത്തിനായി സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. ഈ വിഷയത്തിൽ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ കോടതിക്ക് സംശയമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞടുപ്പു കമ്മിഷന് കോടതിയെ അറിയിച്ചു. ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ടെന്നും കമ്മിഷന്റെ അഭിഭാഷകന് ദീപു ലാല്‍ മോഹന്‍ പറഞ്ഞു. വിജയിച്ച സ്ഥാനാര്‍ഥിക്കു വരണാധികാരിയില്‍നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്ബോള്‍ രണ്ടു പേരെ മാത്രമാണ് ഒപ്പം കൂട്ടാവുന്നതെന്നും കമ്മിഷന് അറിയിച്ചു. മെയ് ഒന്ന് അര്‍ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ധ രാത്രി വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യവുമായി കൊല്ലത്തെ അഭിഭാഷകന് അഡ്വ വിനോദ് മാത്യു വില്‍സണ്‍ ആണ് കോടതിയെ സമീപിച്ചത്.
advertisement
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മേയ് രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകമാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
തൊട്ടടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മീഷന്റെ നിർദേശം. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറിൽനിന്നും വിജയിച്ച സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പോകുമ്പോൾ വിജയിച്ചയാൾക്ക് രണ്ടിൽ കൂടുതൽ പേരെ ഒപ്പംകൂട്ടാൻ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വിശദമായ ഉത്തരവ് ഉടൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
advertisement
രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന് ഉത്തരവാദി കമ്മീഷനാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ബംഗാളിൽ എല്ലാ റോഡ്ഷോകളും പാദയാത്രകളും വാഹന റാലികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.
രാജ്യത്ത് 24 മണിക്കൂറിൽ 3,23,144 പുതിയ കോവിഡ് രോഗികൾ; മരണം 2771
തുടർച്ചയായ ആറാം ദിവസവും മൂന്ന് ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായവരുടെ എണ്ണം 3,23,144 ആണ്. നേരിയ ആശ്വാസം പകർന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് 3,52,991 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 2771 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,97,894 ആയി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം 1,76,36,307 ആണ്.
advertisement
ഇന്നലെ 2,51,827 കോവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 14,52,71,186 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 28,82,204 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,45,56,209 പേർ കോവിഡ് മുക്തരായി. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 47.67 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 15.07 ശതമാനം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ചവരിൽ 524 പേരും മഹാരാഷ്ട്രയിൽ നിന്നാണ്. ഡൽഹിയിൽ ഇന്നലെ 380 പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്ര- 48,700, ഉത്തർപ്രദേശ്- 33,551, കർണാടക- 29,744, കേരളം-21,890, ഡൽഹി-20201 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 27, 2021 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി








