• HOME
 • »
 • NEWS
 • »
 • kerala
 • »
 • CPM | 'കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്':സീതാറാം യെച്ചൂരി; CPM സംസ്ഥാനസമ്മേളനം തുടങ്ങി

CPM | 'കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്':സീതാറാം യെച്ചൂരി; CPM സംസ്ഥാനസമ്മേളനം തുടങ്ങി

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയാണെന്നും അതിന് ബദലായ പ്രത്യയശാസ്ത്രങ്ങളാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്നും യെച്ചൂരി

cpm-flag

cpm-flag

 • Share this:
  കൊച്ചി: കേന്ദ്രത്തിന്‍റെ എല്ലാ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നതെന്ന് സിപിഎം (CPM) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). അതുകൊണ്ടാണ് ഇന്ത്യയുടെ ഒരു മൂലയിൽ മാത്രമുള്ള ഇടതുപക്ഷം അപകടകരമെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യെച്ചൂരി. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയാണെന്നും അതിന് ബദലായ പ്രത്യയശാസ്ത്രങ്ങളാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്നും അതുകൊണ്ടാണ് കേന്ദ്രം കേരളത്തിനെതിരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

  കേന്ദ്ര സർക്കാരിനെതിരേ വലിയ ജനകീയ പ്രതിരോങ്ങളും ഉയരുന്നു. യുവാക്കളുടെ വലിയ പങ്കാളിത്തം അതിൽ ഉണ്ടാകുന്നു. ഒരു കൈയിൽ ദേശീയ പതാകയും മറുകൈയിൽ ഭരണഘടനയുമായാണ് യുവാക്കൾ സമരത്തിനിറങ്ങുന്നത്. ജനകീയ പ്രതിരോധമാണ് ബി ജെ പി ആർ എസ് എസ് സർക്കാരിനെതിരേ മുന്നോട്ടുള്ള വഴിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

  ഈ വലിയ രാഷ്ട്രീയ പോരാട്ടത്തിൽ കേരള പാർടിക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കാരണം രാജ്യത്തെ പാർടിയുടെ നട്ടെല്ലാണ് കേരള പാർട്ടി. നിങ്ങൾ നല്ല ചർച്ച നടത്തി നല്ല നിലയിൽ പാർട്ടിയെ മുന്നോട്ടു നയിക്കാൻ തീരുമാനമെടുക്കുക. കേരളത്തിന്റെ പ്രതിരോധം, രാജ്യത്തിന്റെയാകെ പ്രതിരോധമാണ്. പാർട്ടി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന രേഖകൾ ചർച്ച ചെയ്ത് നിങ്ങൾ ശരിയായ തീരുമാനത്തിലേക്ക് എത്തണമെന്നും പ്രതിനിധികളോടായി സീതാറാം യെച്ചൂരി പറഞ്ഞു.

  യുക്രൈൻ പ്രതിസന്ധി നേരിടുന്നതിൽ സാമാജ്യത്വ ശക്തികൾക്ക് വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണം. യുദ്ധ സാഹചര്യത്തിലേക്കു നയിച്ചതിൽ അമേരിക്കയുടെ പങ്കും പ്രധാനമാണ്. നാറ്റോ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക പാലിച്ചില്ല. റഷ്യ സങ്കുചിത ദേശീയ വാദത്തെ ശക്തിപ്പെടുത്തിയെന്നും യെച്ചൂരി പറഞ്ഞു.

  പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സീതാറാം യെച്ചൂരി പരിഹസിക്കുകയും ചെയ്തു. യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഫോട്ടോ ഷൂട്ടുകളാക്കി മാറ്റുകയാണെന്ന് യെച്ചൂരി പറഞ്ഞു. ഗൾഫ് യുദ്ധകാലത്തും ലിബിയയിൽ നിന്നുമൊക്കെ ഇന്ത്യ ലക്ഷക്കണക്കിനു പേരെ രക്ഷപ്പെടുത്തി കൊണ്ടു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ മോദിക്ക് നന്ദി പറഞ്ഞ് ഫോട്ടോ ഷൂട്ട് നടത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.

  സാധാരണ ജനജീവിതം കേന്ദ്രം താറുമാറാക്കുന്നു.രാജ്യം നിര്‍ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ഭാവികേരളത്തിന്റെ നയരേഖ സമ്മേളനത്തില്‍ അവതരിപ്പിക്കും. കോര്‍പ്പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നത്.രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ കേന്ദ്രം നശിപ്പിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

  Also Read- Kodiyeri Balakrishnan | സിപിഎമ്മിൽ നേതൃമാറ്റമുണ്ടാകില്ല; സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും

  മുതിർന്ന അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെയാണ് സിപിഎം സംസ്ഥാന സമ്മേളന നടപടികൾക്ക് തുടക്കമായത്. സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമെ 14 ജില്ലകളിൽനിന്നുള്ള 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേന്ദ്രകമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടി രൂപീകരിച്ചശേഷം വി എസ് അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണിതെന്ന സവിശേഷതയുമുണ്ട്. സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന വികസനരേഖയാണ് ഏവരും ആകാംക്ഷയോടെ ഉറ്റുന്നോക്കുന്നത്.
  Published by:Anuraj GR
  First published: