'അടുത്ത 12 മണിക്കൂർ ട്രെയിനിൽ കയറരുത്'; ഇറാൻ ജനതയ്ക്ക് ഇസ്രായേൽ സൈന്യത്തിന്റെ അടിയന്തര മുന്നറിയിപ്പ്
- Published by:Sarika N
- news18-malayalam
Last Updated:
ഇസ്രായേൽ സൈന്യം ഇറാന്റെ പേർഷ്യൻ ഭാഷാ അക്കൗണ്ട് വഴിയാണ് മുന്നറിയിപ്പ് നൽകിയത്
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ ഭീതി പടർത്തി അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത നീക്കങ്ങൾ. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെ ഇറാൻ ജനതയോട് ട്രെയിൻ യാത്രകൾ ഒഴിവാക്കാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചു.
അടുത്ത 12 മണിക്കൂർ നേരത്തേക്ക് (ഇറാൻ സമയം രാത്രി 9 മണി വരെ) രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ നിന്നും ട്രെയിനുകളിൽ നിന്നും വിട്ടുനിൽക്കാൻ ഇസ്രായേൽ സൈന്യം ഇറാന്റെ പേർഷ്യൻ ഭാഷാ അക്കൗണ്ട് വഴി മുന്നറിയിപ്പ് നൽകി. "നിങ്ങളുടെ സുരക്ഷയ്ക്കായി ട്രെയിൻ യാത്രകൾ ഒഴിവാക്കുക. റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള നിങ്ങളുടെ സാന്നിധ്യം ജീവന് അപകടമാണ്," എന്നാണ് സൈന്യം വ്യക്തമാക്കിയത്. വൻതോതിലുള്ള മിസൈൽ-വ്യോമാക്രമണങ്ങൾ റെയിൽവേ ശൃംഖലകളെ ലക്ഷ്യം വെച്ചേക്കാം എന്നതിന്റെ സൂചനയാണിത്.
ചൊവ്വാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ടെഹ്റാനിലെ 'റാഫി-നിയ' സിനഗോഗ് (ജൂത ആരാധനാലയം) പൂർണ്ണമായും തകർന്നു. ഇറാനിയൻ വാർത്താ ഏജൻസിയായ മെഹറും ഷർഗ് ദിനപത്രവുമാണ് ഈ വിവരം പുറത്തുവിട്ടത്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ജൂത ജനസംഖ്യ കുറവാണെങ്കിലും ഇറാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള മതവിഭാഗമാണ് ജൂതമതം.
advertisement
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് മേൽ ട്രംപ് കടുത്ത അന്ത്യശാസനം നൽകിയിരിക്കുകയാണ്. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് മുൻപ് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇറാന്റെ ഓരോ പാലവും പവർ പ്ലാന്റുകളും തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. "വെറും നാല് മണിക്കൂർ കൊണ്ട് ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും ചാമ്പലാക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്," എന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികളെ 'അഹങ്കാരവും അടിസ്ഥാനരഹിതവും' എന്ന് വിശേഷിപ്പിച്ച ഇറാൻ സൈന്യം, തങ്ങൾ കീഴടങ്ങാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഭീഷണികളെ തള്ളിക്കളഞ്ഞ ഇറാൻ ഇസ്രായേൽ സേനയ്ക്കെതിരായ നീക്കങ്ങൾ തുടരുമെന്നും അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 07, 2026 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'അടുത്ത 12 മണിക്കൂർ ട്രെയിനിൽ കയറരുത്'; ഇറാൻ ജനതയ്ക്ക് ഇസ്രായേൽ സൈന്യത്തിന്റെ അടിയന്തര മുന്നറിയിപ്പ്










