ബലാത്സംഗ കേസിൽ 15 ദിവസമായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി. പാലക്കാട് കുന്നത്തൂർ മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുൽ എത്തി വോട്ട് ചെയ്തത്. വൈകിട്ട് 4.40ഓടെയാണ് രാഹുൽ എത്തിയത്. (തുടർന്ന് വായിക്കുക)
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന സമിതി അംഗം എൻ ഹരിദാസ് എന്നിവർ തലശ്ശേരി മുബാറക് സ്കൂളിൽ വോട്ട് ചെയ്തു.

കോഴിക്കോട് സിപിഎം, മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കം. വെള്ളയിൽ ഫിഷറീസ് യു പി സ്കൂളിലെ ബൂത്ത് രണ്ടിലാണ് വാക്കുതർക്കമുണ്ടായത്.
ബൂത്തിനുള്ളിലെ വോട്ടുപിടുത്തവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പോലീസ് ഇരുവിഭാഗത്തെയും ബൂത്ത് പരിസരത്തു നിന്നും പുറത്താക്കി. സ്ഥാനാർത്ഥികളെ മാത്രമേ ബൂത്തിനുള്ളിൽ അനുവദിയ്ക്കുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.

ന്യൂസ് 18 വാർത്താ സംഘത്തിന് നേരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. കാസർഗോഡ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
മുഖ്യമന്ത്രിയുടെ പ്രസ്താവന തൽസമയം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു കയ്യേറ്റശ്രമം. കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു.

പട്ടാമ്പിയിൽ വോട്ടെടുപ്പിനിടെ മുസ്ലിംലീഗ്- വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കവും ഉന്തും തള്ളും. പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാർഡിലെ കൂൾ സിറ്റി ബൂത്തിന് മുന്നിലായിരുന്നു തർക്കം. വെൽഫെയർ പാർട്ടി പ്രവർത്തക ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തർക്കം. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വാർഡിൽ മുസ്ലിംലീഗിൻ്റെ ടി പി ഉസ്മാൻ, വെൽഫെയർ പാർട്ടിയുടെ സ്വതന്ത്രനായി കെ പി സാജിദ്, അബ്ദുൽ കരീം എന്നയാൾ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. സിപിഎം പിന്തുണയോടെയാണ് വെൽഫെയർ പാർട്ടി സ്വതന്ത്രൻ മത്സരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ അബ്ദുൽ കരീം തങ്ങളുടെ സ്വതന്ത്രനാണെന്നും വാർഡിൽ വോട്ട് കുറവായതിനാലാണ് പ്രചാരണത്തിനിറങ്ങാതിരുന്നതെന്നും സിപിഎം നേതൃത്വം അറിയിച്ചു.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പ് ഒന്നര മണിയോടെ പോളിങ് ശതമാനം 50 ശതമാനം പിന്നിട്ടു. ഏറ്റവും കൂടുതൽ മലപ്പുറത്തും (54.84 %) ഏറ്റവും കുറവ് കാസർഗോഡാണ് (51.48 %). തൃശൂർ 51.17 %, പാലക്കാട് 53.47 %, കോഴിക്കോട് 53.56 %, വയനാട് 51.93%, കണ്ണൂർ 51.52 % എന്നിങ്ങനെയാണ് പോളിങ്
പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പരമ്പരാഗതമായ ‘ആദ്യ വോട്ട്’ പാരമ്പര്യം ഇത്തവണയും തെറ്റിച്ചില്ല. പാണക്കാട് സികെഎംഎല്‍പി സ്‌കൂളിലെ ബൂത്തിൽ, കുടുംബത്തിലെ കാരണവരായ സാദിഖലി ശിഹാബ് തങ്ങൾ ഇത്തവണയും ആദ്യ വോട്ട് രേഖപ്പെടുത്തി. മുൻ തിരത്തെടുപ്പുകളിലെ പോലെ ഇത്തവണയും പാണക്കാട് സികെഎം എൽപി സ്കൂളിലെ ആദ്യവോട്ടറായി മുസ്ലിംലിഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ വോട്ട് ചെയ്തു. രാവിലെ 6.50ന് പോളിംഗ് ബൂത്തിലെത്തിയ അദ്ദേഹം വോട്ടർമാർക്കുള്ള വരിയിലെ മുന്നിൽ പോളിംഗ് തുടങ്ങുന്നതിനായി കാത്ത് നിന്നു. സാദിഖലി തങ്ങളെ കൂടാതെ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, സാദിഖലി തങ്ങളുടെ മക്കളായ അസീൽ അലി ശിഹാബ് തങ്ങൾ, ശഹീൻ അലി ശിഹാബ് തങ്ങൾ എന്നിവരും ഇതേ സ്‌കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ വോട്ടവകാശം വിനിയോഗിക്കാനെത്തി.

72ആം വയസ്സിൽ തന്റെ കന്നിവോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ് കാസർഗോഡ് തൃക്കരിപ്പൂരിലെ എ കൃഷ്ണൻ. തന്റെ 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചതിനുശേഷമാണ് കൃഷ്ണൻ വോട്ടർ പട്ടികയിൽ പോലും പേര് ചേർത്തത്. ആദ്യമായി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കൃഷ്ണൻ.

വോട്ടെടുപ്പിനിടെ കണ്ണൂരിൽ എൽഡിഎഫ് ബൂത്ത് ഏജന്റിന് മർദ്ദനമേറ്റതായി പരാതി. തളിപ്പറമ്പ് പട്ടുവം അരിയിലാണ് സംഭവം. അരിയിൽ എട്ടാം വാർഡ് ബൂത്ത് ഏജന്റ്
പി അബ്ദുള്ളക്കാണ് മർദനമേറ്റത്. കള്ളവോട്ട് തടയാൻ ശ്രമിച്ചതാണ് മർദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. സംഘർഷ സ്ഥലത്ത് എം വി ഗോവിന്ദൻ സന്ദർശനം നടത്തുന്നു.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പ് 12 മണിയോടെ പോളിങ് ശതമാനം 40 ശതമാനം പിന്നിട്ടു. ഏറ്റവും കൂടുതൽ മലപ്പുറത്തും (44.19%) ഏറ്റവും കുറവ് കണ്ണൂരുമാണ് (40.71%). തൃശൂർ 41.61 %, പാലക്കാട് 42.93%, കോഴിക്കോട് 42.27%, വയനാട് 41.76 %, കാസർഗോഡ് 41.13% എന്നിങ്ങനെയാണ് പോളിങ്
കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ വോട്ട് ചെയ്യാനെത്തി. പാലക്കാട് ചെത്തല്ലൂർ തെക്കുമുറി വുമൺ വെൽഫയർ സെന്ററിലെത്തിയാണ് രാവിലെ വോട്ട് രേഖപ്പെടുത്തിയത്.

തൃശൂർ നെടുപുഴയിൽ കള്ളവോട്ട് ആരോപണം. പോളിടെക്നിക്കിലെ ബൂത്തിലാണ് കള്ളവോട്ട് ചെയ്തത്. നെടുപുഴ പ്രദീപിൻ്റെ വോട്ടാണ് മറ്റാരോ ചെയ്തത്. കോർപറേഷൻ ഡിവിഷൻ 45 ലെ ബൂത്ത് 1 ലായിരുന്നു കള്ളവോട്ട്. പ്രദീപിന് പകരം ടെൻഡർ വോട്ട് നൽകാമെന്ന് അധികൃതർ പറഞ്ഞു.
പാലക്കാട് കൊഴിഞ്ഞമ്പാറ ഒമ്പതാം വാർഡിലെ രണ്ടാം ബൂത്തിൽ വോട്ടിംഗ് മെഷീൻ മൂന്നു തവണ തകരാറിലായി. വോട്ടർമാരുടെ നീണ്ട നിര
ബിജെപി നേതാവ് എം ടി രമേശ് കാരപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്തു. ജമാഅത്തെ- SDPI സംഘടിത വോട്ടിന് പുറകിൽ LDF, UDF അണിനിരന്നു. തൃശൂരിൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ അതേ ഫലം ഉണ്ടാകും. ഒരു വോട്ടർക്ക് വോട്ട് രേഖപ്പെടുത്താൽ അവകാശം ഉണ്ട്. രാഹുലിന് വോട്ട് ചെയ്യാൻ അവസരം ഒരുക്കിയത് സംസ്ഥാന സർക്കാരാണ്. സാധരണ ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം ലഭിക്കാറില്ല. കോഴിക്കോട് കോർപ്പറേഷനിൽ BJP വലിയ മുന്നേറ്റം ഉണ്ടാകും- എം ടി രമേശ് പ്രതികരിച്ചു.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പ് മൂന്നേമുക്കാൽ മണിക്കൂർ പിന്നിടുമ്പോൾ പോളിങ് ശതമാനം 25 ശതമാനം പിന്നിട്ടു. ഏറ്റവും കൂടുതൽ മലപ്പുറത്തും (26.78%) ഏറ്റവും കുറവ് കണ്ണൂരുമാണ് (24.76%). തൃശൂർ 25.18 %, പാലക്കാട് 25.88%, കോഴിക്കോട് 25.98%, വയനാട് 24.92 %, കാസർഗോഡ് 24.73% എന്നിങ്ങനെയാണ് പോളിങ്
വോട്ട് ചെയ്യാനായി മാത്രം മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്നും വനിതാ ക്രിക്കറ്റ് താരം സജന സജീവൻ മാനന്തവാടിയിലെത്തി. വോട്ട് പൗരന്റെ അവകാശമാണ്. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സജന പറഞ്ഞു.

കണ്ണൂരിൽ വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് ആണെന്ന് മരിച്ചത്. മോറാഴ സൗത്ത് എൽ പി സ്കൂളിലാണ് സംഭവം.
കോഴിക്കോട് കൊടിയത്തൂർ പന്നിക്കോട് പോളിംഗ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സിപിഎം പാർട്ടി ഓഫീസ് പോലീസ് എത്തി പൂട്ടിച്ചു. ഇവിടെ സ്ലിപ്പുകൾ ഉൾപ്പെടെ എഴുതി നൽകുന്നുണ്ടന്ന് യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഓഫീസ് പൂട്ടിച്ചത്. ഓഫീസ് പൂട്ടിക്കാനായി എത്തിയ സമയം എൽ ഡി എഫ് – യു ഡി എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.

ആർജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ വോട്ട് രേഖപ്പെടുത്തി. പുളിയാർമല ജി എൽ പി സ്കൂളിലാണ് വോട്ട് ചെയ്തത്. കേരളത്തിന്റെ വിധിയെഴുത്ത് എൽഡിഎഫിന് അനുകൂലമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.

എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന് അനുകൂല വികാരമാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചു. കുടുംബ യോഗങ്ങളിൽ പങ്കെടുത്തപ്പോൾ സംസ്ഥാന സർക്കാരിനെതിരെ ഒരു പ്രതിഷേധവും വന്നില്ല. ഇതൊരു ട്രെൻഡ് ആയി കാണുന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. അവർക്ക് ഓരോ തിരഞ്ഞെടുപ്പിലും എങ്ങാനെ വോട്ട് ചെയ്യണമെന്ന് അറിയാം. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അവർ ചെവി കൊടുക്കില്ല. കോഴിക്കോട് ജില്ലയിൽ ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്തുകളിൽ സീറ്റ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ കോഴിക്കോട് വെസ്റ്റ് ഹിൽ സെൻ്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂളിൽ വോട്ടു ചെയ്തു. യുഡിഎഫ് തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്നും ഇത്തവണ കോർപറേഷൻ പിടിച്ചെടുക്കുമെന്നും കേന്ദ്ര കേരള സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധ തരംഗം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാകും. ശബരിമല സ്വർണക്കൊള്ളക്കാർക്കും ജാതി മത ശക്തികളുമായി ചേർന്ന് വോട്ടുപിടിക്കുന്നവർക്കും എതിരെ ശക്തമായ ജനവിധിയുണ്ടാകും. ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിൽ അവസാനിപ്പിക്കുകയാണ്. ഉന്നതർക്കെതിരെ അന്വേഷണമില്ല. വോട്ടർമാർക്ക് വലിയ അമർഷമുണ്ട്. യുഡിഎഫ് ഭരണകാലത്തും ദേവസ്വം കൊള്ള നടന്നു- കെ സുരേന്ദ്രൻ പറഞ്ഞു
ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വോട്ട് രേഖപ്പെടുത്തി. ഗവ. പൂനൂർ എംയുപി സ്കൂളിലെ ഉണ്ണികുളം പഞ്ചായത്ത് 9 ആം വാർഡ് പോളിംഗ് സ്റ്റേഷൻ നമ്പർ 1ലാണ് അദ്ദേഹം വോട്ട് ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ജൂനിയർ ബേസിക് സ്കൂളിൽ വോട്ടു ചെയ്തു. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പറഞ്ഞു.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പ് രണ്ടേകാൽ മണിക്കൂർ പിന്നിടുമ്പോൾ പോളിങ് ശതമാനം 14 ശതമാനം പിന്നിട്ടു. ഏറ്റവും കൂടുതൽ മലപ്പുറത്തും (14.56%) ഏറ്റവും കുറവ് കണ്ണൂരുമാണ് (13.51%). തൃശൂർ 14.26 %, പാലക്കാട് 14.25%, കോഴിക്കോട് 13.88%, വയനാട് 14.26 %, കാസർഗോഡ് 13.84% എന്നിങ്ങനെയാണ് പോളിങ്



