Kerala Rains| രക്ഷയായത് 33 ജീവനുകൾക്ക്; ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹം
- Published by:Rajesh V
- news18-malayalam
Last Updated:
ബസിന് മുന്നിലും പിന്നിലും കല്ലും മണ്ണും ചെളിയും നിറഞ്ഞ് മരണം മുന്നിൽക്കണ്ട യാത്രക്കാരെ ബസ് ജീവനക്കാർ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
കോട്ടയം: സ്വകാര്യ, കെഎസ്ആർടിസി ബസ് ജീവനക്കാരുടെ (Private, KSRTC Bus Staffs) സമയോചിത ഇടപെടൽ തുണയായത് 33 യാത്രക്കാർക്ക് (33 Passengers) . നെടുങ്കണ്ടം - മുണ്ടക്കയം (Nedumkandam-Mundakkayam) റൂട്ടിൽ പുല്ലുപാറയിൽ (Pullupara) ഉരുൾപൊട്ടി (Landlside) ബസിന് മുന്നിലും പിന്നിലും കല്ലും മണ്ണും ചെളിയും നിറഞ്ഞ് മരണം മുന്നിൽക്കണ്ട യാത്രക്കാരെ ബസ് ജീവനക്കാർ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ഡ്രൈവർ തോമസ്, കണ്ടക്ടർ ജയ്സൺ, തേജസ് ബസിലെ ഡ്രൈവർ സുരാജ്, കണ്ടക്ടർ പ്രവീൺ, ടാക്സി ഡ്രൈവർമാരായ നിതിൻ, റിയാസ് എന്നിവരാണ് ആ സൂപ്പർ ഹീറോകൾ.
ശനിയാഴ്ച രാവിലെ 7.15നാണ് തേജസ് ബസ് നെടുങ്കണ്ടത്ത് നിന്ന് കോട്ടയത്തേക്ക് സർവീസ് തുടങ്ങിയത്. കട്ടപ്പന കഴിഞ്ഞപ്പോൾ മഴ കനത്തു. 9.45ന് പുല്ലുപാറയിൽ എത്തിയപ്പോൾ വലിയൊരു മുഴക്കം കേട്ടു. ഉരുൾപൊട്ടി മണ്ണും ചെളിയും വലിയ കല്ലുകളും ബസിന് മുന്നിലേക്ക് പതിക്കുകയായിരുന്നു. ബസ് നിർത്തി കണ്ടക്ടറും ഡ്രൈവറും മാത്രം പുറത്തിറങ്ങി. യാത്രക്കാരെ ആരെയും പുറത്തിറക്കിയില്ല. പിന്നാലെ ഉരുൾപൊട്ടലിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ അപ്‍ലോഡ് ചെയ്തു. വിവരം പുറംലോകത്തെ അറിയിച്ചു.
advertisement
ജീവനക്കാർ വീണ്ടും ബസിൽ കയറി. ബസിന്റെ പിൻഭാഗത്തും മണ്ണിടിച്ചിലുണ്ടായി. ബസ് ഒരിടത്തേക്കും നീക്കാൻ കഴിയാത്ത അവസ്ഥയായി. കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള രോഗികളടക്കം ബസിലുണ്ട്. എല്ലാവരെയും പിന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിലേക്ക് മാറ്റി.
കെഎസ്ആർടിസി ഡ്രൈവർ തോമസ്, കണ്ടക്ടർ ജയ്സൺ, ടാക്സി ഡ്രൈവർമാരായ നിതിൻ, റിയാസ് എന്നിവരും തേജസിലെ സുരാജും പ്രവീണും ചേർന്ന് റോഡിലെ കല്ലും മണ്ണും മരങ്ങളും നീക്കി. ബസിലെ യാത്രക്കാർക്ക് സമീപത്തെ കടയിൽ നിന്നു ഭക്ഷണം വാങ്ങിക്കൊടുത്തു.
advertisement
കെഎസ്ആർടിസി ബസിന് പിറകിൽ വന്ന കാറിൽ നിന്നു മൂന്നു യാത്രക്കാർ പുറത്തിറങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ടു. ജയ്സൺ മൂന്നു പേരെയും പിടിച്ച് ബസിലേക്ക് വലിച്ചുകയറ്റി. തേക്കടി സന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്ന ഗുജറാത്തി കുടുംബമായിരുന്നു അപകടത്തിൽപെട്ടത്. പുല്ലുപാറയിൽ ഉരുൾപൊട്ടി വരുന്നതു കണ്ടു കാറിൽ നിന്ന് ഇറങ്ങി ഓടിയ പിതാവും മകനുമാണ് വെള്ളപ്പാച്ചിലിൽ പെട്ട് റോഡിലൂടെ ഒഴുകിപ്പോയത്. കെഎസ്ആർടിസി ബസിൽ യാത്രക്കാരെ മുറിഞ്ഞപുഴ സെന്റ് ജോർജ് പള്ളിയിലെത്തിച്ച് സുരക്ഷിതരാക്കി.
സംഭവമറിഞ്ഞ് മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ബസ് ജീവനക്കാരെ അഭിനന്ദിച്ച് രംഗത്തെത്തി. ജീവനക്കാരെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലും ഒട്ടേറെ പേരാണ് രംഗത്ത് വന്നിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2021 8:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains| രക്ഷയായത് 33 ജീവനുകൾക്ക്; ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹം