അങ്കമാലിക്കാരുടെ സ്വന്തം അങ്കമാലി മാങ്ങാക്കറി
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ചോറിൻ്റെ കൂടെ മാങ്ങാക്കറി, പോർക്ക്, സർലാസ് ഇവയൊക്കെ ഉണ്ടെങ്കിൽ അങ്കമാലിക്കാരുടെ അന്നത്തെ ദിവസം ഉഷാറാകും.
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ 'അങ്കമാലി മാങ്ങാക്കറി' ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. അങ്കമാലിക്കാരുടെ വിശേഷ പരിപാടികൾക്ക് ചോറിനോടൊപ്പം മാങ്ങാകറി നിർബന്ധമാണ്. കല്യാണം, പെരുന്നാൾ ഈ വിശേഷ പരിപാടികൾക്കാണ് കൂടുതലായി ചോറിനോടൊപ്പം മാങ്ങാക്കറി കാണുന്നത്. ചോറിൻ്റെ കൂടെ മാങ്ങാക്കറി, പോർക്ക്, സർലാസ് ഇവയൊക്കെ ഉണ്ടെങ്കിൽ അങ്കമാലിക്കാരുടെ അന്നത്തെ ദിവസം ഉഷാറാകും. ഇവയെല്ലാം കൂട്ടിയുള്ള ഊണ് വയറും മനസ്സും ഒരുപോലെ നിറയ്ക്കും. അപ്പോഴും പ്രധാന താരം മാങ്ങാക്കറി തന്നെ ആയിരുക്കും. ചോറിൻ്റെ കൂടെ കിട്ടുന്ന നല്ല മണവും രുചിയും ഉള്ള മാങ്ങാക്കറി എന്നും അങ്കമാലിക്കാർക്ക് ഒരു ഹരം തന്നെയാണ്. ഈ മാങ്ങാക്കറിയുടെ രുചിക്കൂട്ട് ഒരു പ്രത്യേക രീതിയിൽ ആണെങ്കിലും ഇത് ഉണ്ടാക്കാൻ എളുപ്പമാണ്.
പച്ച മാങ്ങ (3 എണ്ണം) കഴുകി തൊലികളഞ്ഞു വണ്ണം കുറച്ച് നീളത്തിൽ നുറുക്കി എടുക്കുക. കറി ഉണ്ടാക്കാൻ എടുക്കുന്ന പാത്രത്തിലേക്ക് പച്ചമുളക് (2 എണ്ണം), കനം കുറഞ്ഞു അരിഞ്ഞു വെച്ച സവാള (1എണ്ണം), ഇഞ്ചി (മീഡിയം), കറിവേപ്പില, 3 ടീസ്പൂൺ വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞൾ പൊടി (1/2), മല്ലിപൊടി (2 ടീസ്പൂൺ), കാശ്മീരി മുളക് പൊടി (1/2), വിനാഗിരി (1 ടീസ്പൂൺ) ചേർത്ത് കൈ വച്ചു നന്നായി തിരുമ്മി യോജിപ്പിക്കുക. സവാളയിലെ നീര് നന്നായി ഇറങ്ങി വരണം. ശേഷം നേരത്തെ നുറുക്കി വെച്ച മാങ്ങ ഇതിലേക്ക് ചേർത്ത് എല്ലാം കൂടി യോജിപ്പിക്കുക. അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ (1 കപ്പ്) ചേർത്തിളക്കി അടുപ്പത്തു വയ്ക്കാം. ഒരേ ദിശയിലേക്ക് വേണം ഇളക്കി കൊടുക്കുവാൻ, അല്ലെങ്കിൽ മാങ്ങ ഉടഞ്ഞു പോവാൻ സാധ്യത ഉണ്ട്. മാങ്ങ വെന്തത്തിനു ശേഷം അതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കി തിള വന്നു കഴിഞ്ഞാൽ തീ അണയ്ക്കുക. ഇനി ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുകും ചുവന്ന മുളകും പൊട്ടിച്ചു ഇടുക. ചെറിയ ഉള്ളി വട്ടത്തിൽ കനം കുറച്ച് അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റി കറിയിലേക്കു ചേർക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 18, 2025 3:41 PM IST


