കടയ്ക്കൽ വിപ്ലവം: തിരുവിതാംകൂറിലെ ആദ്യ കർഷക കലാപത്തിൻ്റെ ഓർമ്മകൾക്ക് 87 വർഷം
Last Updated:
1114 കന്നി 15,16 തീയതികളിൽ കാരിയത്തും, നിലമേലും സംഘടിച്ച് സമരഭടന്മാർ തോക്കും കൃഷി ആയുധങ്ങളുമയി മാർച്ച് നടത്തി ദിവാൻ ഭരണത്തെ വെല്ലുവിളിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി കൊല്ലവർഷം 1114 ൽ (AD 1938) ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും കടയ്ക്കൽ ചന്തയിലെ അന്യായ കരം പിരിവിനുമെതിരായി കർഷക ജനത നടത്തിയ ധീരമായ പോരാട്ടമാണ് കടയ്ക്കൽ വിപ്ലവം. 1114 കന്നി 5 ന് ആറ്റിങ്ങൽ സ്റ്റേറ്റ് കോൺഗ്രസ്സ് സംഘടിപ്പിച്ച യോഗത്തിന് നേരെ പോലീസ് നടത്തിയ ലാത്തിചാർജും വെടിവെയ്പ്പും ദേശാഭിമാനികളായ കടയ്ക്കൽ നിവാസികളിൽ രോഷമുളവാക്കി. കടയ്ക്കൽ ചന്തയിലെ അന്യായ കരം പിരിവിൽ പൊറുതിമുട്ടിയ കർഷകർ പിറ്റേദിവസം ആൽത്തറയിൽ യോഗം ചേർന്നു. 1114 കന്നി 10 ന് നികുതി നൽകാതെ അവർ സമാന്തര ചന്ത നടത്തി. കോൺട്രാക്ടറുടെ ഗുണ്ടകളും പോലീസും നാട്ടുകാരെ നേരിട്ടെങ്കിലും പരാജയപ്പെട്ടു. നാടുവാഴി ദുർഭരണത്തിനും അതിൻ്റെ രക്ഷകരായ ബ്രിട്ടീഷ് കോളനിവാഴ്‌ചയ്ക്കും എതിരെ കൂടുതൽ ആവേശത്തോടെ കർഷക യുവാക്കൾ ഒത്തുകൂടി.

1114 കന്നി 13 ന് ചിതറയിൽ നിന്ന് കടയ്ക്കൽ ചന്തയിലേക്ക് ആയിരത്തിലേറെ പേർ പങ്കെടുത്ത ജാഥ സഞ്ചരിച്ചു. പാങ്ങലുകാട്ടിൽ വച്ച് പോലീസും മജിസ്ട്രേറ്റും ചേർന്ന് ജാഥ തടഞ്ഞു ലാത്തി ചാർജ് നടത്തി. പോലീസ് അതിക്രമത്തിൽ രോഷാകുലരായ ജനക്കൂട്ടം കടയ്ക്കൽ എത്തി പോലീസ് ഔട്ട്പോസ്‌റ്റ് എറിഞ്ഞു തകർത്തു. 1114 കന്നി 15,16 തീയതികളിൽ കാരിയത്തും, നിലമേലും സംഘടിച്ച് സമരഭടന്മാർ തോക്കും കൃഷി ആയുധങ്ങളുമയി മാർച്ച് നടത്തി ദിവാൻ ഭരണത്തെ വെല്ലുവിളിച്ചു. കടയ്ക്കൽ ജനത സ്വതന്ത്രരാജ്യം സ്ഥാപിച്ചിരിക്കുന്നുവെന്നും അവരെ പാഠം പഠിപ്പിക്കണമെന്നും ദിവാൻ സർ. സി.പി. രാമസ്വാമി അയ്യർ തീരുമാനിച്ചു.
advertisement
ഒരാഴ്ച്ച കഴിഞ്ഞ് പട്ടാളം കടയ്ക്കലേക്ക് മാർച്ച് ചെയ്‌തു. സ്ത്രീകളേയും, കുട്ടികളേയും ഉൾപ്പെടെ പട്ടാളക്കാർ നീചമായി ആക്രമിച്ചു. വിലപിടിപ്പുള്ളതെല്ലാം കവർച്ച നടത്തി. കാർഷിക വിളകൾ അരിഞ്ഞുതള്ളി, എൺപതോളം വീടുകൾ ചുട്ടെരിച്ചു. കടയ്ക്കൽ ജനതയ്ക്ക് ഭക്ഷ്യധാന്യം പോലും ലഭ്യമാക്കാതെ ഒരുവർഷത്തോളം ഉപരോധമേർപ്പെടുത്തി പട്ടിണിക്കിട്ടു. നിരപരാധികളടക്കം 62 പേരെ പ്രതിയാക്കി രാജ്യദ്രോഹക്കുറ്റത്തിന് കേസ്സെടുത്തു. 11 പേരൊഴിച്ച് ബാക്കിയെല്ലാവരേയും ശിക്ഷിച്ചു. 10 പേരെ ജീവപര്യന്തം ശീക്ഷിച്ചു. അവരുടെ സർവ സ്വത്തുക്കളും കണ്ടുകെട്ടി. കടയ്ക്കൽ രാജാവ് ഫ്രാങ്കോ രാഘവൻപിള്ളയെ 5 വർഷം തടവിലിട്ടു. മന്ത്രി ചന്തിരൻ കാളിയമ്പി വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു.
advertisement

ബീഡി വേലു, തോട്ടുംഭാഗം സദാനന്ദൻ, ചന്തവിള ഗംഗാധരൻ, പുത്തൻ വീട്ടിൽ നാരായണൻ, പറയാട്ട് വാസു എന്നിവർ ലോക്കപ്പിലും ജയിലിലുമായി രക്തസാക്ഷികളായി. ഒന്നാംപ്രതി കുട്ടിവാസു, കമാണ്ടർ കുഞ്ചു ഉൾപ്പടെയുള്ള പ്രതികൾ ചോര തുപ്പി ജീവിതം കഴിച്ചു. ചാങ്കുവിള ഉണ്ണി നാടുവിട്ടുപോയ ശേഷം തിരിച്ചെത്തിയില്ല. അറിയപ്പെടാത്ത എണ്ണമറ്റ സമര ഭടന്മാരും അവരുടെ ത്യാഗവും ഇന്നും അജ്ഞാതമാണ്. ജീവിച്ചിരിക്കുന്നവർക്കും വരും തലമുറയ്ക്കും മഹത്തായ ഒരു പൈതൃകത്തിൻ്റെ അവകാശികളാകുവാൻ, ഓർമ്മയുണ്ടാവണം എന്നതിൻ്റെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ ചരിത്രചുവർ ശില്പാവിഷ്കാരം ചെയ്തിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
September 30, 2025 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കടയ്ക്കൽ വിപ്ലവം: തിരുവിതാംകൂറിലെ ആദ്യ കർഷക കലാപത്തിൻ്റെ ഓർമ്മകൾക്ക് 87 വർഷം