എം ടി വാസുദേവൻ നായർ: കാലത്തെ അതിജീവിച്ച സുകൃതം
Last Updated:
ഇരുട്ടിൻ്റെ ആത്മാവ് കണ്ടെത്തിയ, കാലാതീതമായ സുകൃതം. എഴുത്തിൻ്റെ ശക്തി എന്താണ് എന്ന് മലയാളികൾക്ക് ബോധ്യപ്പെടുത്തി കൊടുത്ത എം ടി.
മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായർ. മലയാള സാഹിത്യത്തിലും, ചലച്ചിത്ര രംഗത്തും മാത്രമല്ല പത്രാധിപൻ എന്ന നിലയിലും തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എം ടി എന്ന രണ്ടക്ഷരം മലയാളികളുടെ ഹൃദയത്തോടാണ് ചേർന്ന് കിടക്കുന്നത്. ഒരു പക്ഷെ മലയാളികൾ ഏറ്റവും അധികം വായിച്ചതും അദ്ദേഹത്തിൻ്റെ കൃതികൾ ആയിരിക്കും. സിനിമാ ആസ്വാദകരും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ ഹൃദയത്തിലേറ്റി. ഇരുട്ടിൻ്റെ ആത്മാവ് കണ്ടെത്തിയ, കാലാതീതമായ സുകൃതം.
പഴയ ഒരു നായർ തറവാടിൻ്റെ അകത്തളങ്ങളിൽ ജനിച്ചു വളർന്ന എം ടിയുടെ കൃതികളിൽ ആ ഒരു സ്വാധീനം കാണാം. അദ്ദേഹത്തിൻ്റെ ആദ്യകാലത്തെ പ്രശസ്ത നോവലായ നാലുകെട്ടിൽ അവസാനം ഇരുൾ മൂടിയ നാലുകെട്ട് പൊളിച്ച് വെളിച്ചം കടന്നുവരുന്ന ചെറിയ ഒരു വീട് പണിയണമെന്ന് പറയുന്നു. അന്നു നിലനിന്നിരുന്ന നായർ തറവാട്ടിലെ അനാചാരങ്ങളോടുള്ള പ്രതിഷേധമായിരുന്നു അത്.

മലയാള സിനിമാ ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ പങ്ക് വളരെ വലുതാണ്. കഥയും, തിരക്കഥയും ഒക്കെയായി ധാരാളം ചിത്രങ്ങൾ. നിർമ്മാല്യത്തിലാണ് തുടക്കം. എസ് കെ പൊറ്റക്കാടിൻ്റെ കടത്തുതോണി എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് കടവ് എന്ന ചിത്രം. അതിൻ്റെ തിരക്കഥയും സംവിധാനവും എം ടിയുടേതായിരുന്നു.
advertisement
നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, രണ്ടാമൂഴം, വാരാണസി തുടങ്ങി ധാരാളം നോവലുകളും, നിൻ്റെ ഓർമ്മയ്ക്ക്, ഓളവും തീരവും, കുട്ട്യേടത്തി, പതനം, ബന്ധനം, വാനപ്രസ്ഥം, സ്വർഗ്ഗം തുറക്കുന്ന സമയം തുടങ്ങി ധാരാളം കഥകളും അദ്ദേഹത്തിൻ്റേതായുണ്ട്.
എഴുത്തിൻ്റെ ശക്തി എന്താണ് എന്ന് എം ടി മലയാളികൾക്ക് ബോധ്യപ്പെടുത്തി കൊടുത്ത ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. നമ്മൾ കേട്ടും വായിച്ചും അറിഞ്ഞ ചതിയൻ ചന്തു എന്ന കഥാപാത്രത്തെ, തൻ്റെ സാങ്കൽപ്പികവും അസാമാന്യമായ വൈഭവവും കൊണ്ട് ചന്തു ചതിയനല്ല എന്ന് മലയാളികളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരൻ. എം ടി യുടെ ചന്തുവാണ് ശരി എന്ന് ഒരു ജനതയൊന്നാകെ വിശ്വസിക്കാൻ ആഗ്രഹിച്ചു. ഒരു എഴുത്തുകാരനും സാധ്യമാകാത്ത ഒന്നാണത്.
advertisement
പത്മഭൂഷൺ, കേരള ജ്യോതി, ജ്ഞാന പീഠം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ഇത് പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹത്തിൻ്റെ വാക്കുകൾ തന്നെ ഞാൻ കടമെടുക്കുന്നു. 'ആഘോഷിക്കണമെന്ന് തോന്നിയിട്ടില്ല. പക്ഷെ കാലത്തിനോട് നന്ദിയുണ്ട്. ഇത്രയും കാലം എനിക്ക് അനുവദിച്ചതിന്... അത് ദൈവമാവാം, എന്തുമാവാം.'
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 26, 2024 12:42 PM IST

