കോഴിക്കോട്: നിപ വ്യാപന ഭീതി ഒഴിയുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന 16 ഫലങ്ങൾ കൂടി നെഗറ്റീവായി. ഇതുവരെ പരിശോധിച്ച 46 ഫലങ്ങളും നെഗറ്റീവായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 62 പേരാണ്. ഇതിൽ നിപ ലക്ഷണങ്ങളുള്ളത് 12 പേർക്കാണ്. 4995 വീടുകളിലെ 27536 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 44 പേർക്ക് പനിയുണ്ട്. നിപ കാരണം കണ്ടെയ്ൻമെന്‍റ് സോണിൽ അല്ലാത്ത സ്ഥലങ്ങളിൽ വാക്സിനേഷൻ തുടരും. 265 പേർ സമ്പർക്ക പട്ടികയിലുണ്ടെന്നും മന്ത്രി അറിയിച്ചു. വവ്വാലുകളുടെ അഞ്ച് സാംപിളുകളും പരിശോധനയ്ക്ക് അയയ്ക്കുമെന്ന് വീണാ ജോർജ് പറഞ്ഞു.
നേരത്തെ പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച അഞ്ച് പേരുടെ സാമ്പിളുകളുടെ ഫലം ഉൾപ്പെടെ ഇരുപത് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായിരുന്നു. 15 പേരുടെ പരിശോധന നടന്നത് കോഴിക്കോട് മെഡിക്കൽ കോളേജിൽ തയ്യാറാക്കിയ പ്രത്യേക ലാബിലാണ്. ഇതുൾപ്പെടെ ഇരുപത് ഫലങ്ങളാണ് നെഗറ്റീവായത്. ഇതോടെ മരിച്ച കുട്ടിയുമായി സമ്പർക്കം ഉണ്ടായിരുന്ന 30 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവായി.
കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ള 17 പേരിൽ നാലുപേർക്ക് മാത്രമാണ് ചെറിയതോതിൽ രോഗ ലക്ഷണങ്ങൾ ഉണ്ടായത്. ഇവർ ഉൾപ്പെടെ ആകെ 58 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 21 പേരുടെ പരിശോധന ഫലങ്ങൾ കൂടി പുറത്ത് വരും.
Also Read-
Nipah | വവ്വാലുകളെ ഉന്മൂലനം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോര്ജ്കുട്ടിയുമായി വളരെ അടുത്ത സമ്പര്‍ക്കമുള്ള കൂടുതൽ പേർ നെഗറ്റീവാണെന്നുള്ളത് ഈ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ ഒരേസമയം 96 പേരുടെ പരിശോധന നടത്തുവാനുള്ള സജ്ജീകരണമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധനയ്ക്ക് ഒപ്പം കൂടുതൽ രോഗ ലക്ഷണങ്ങൾ ഉളളവരുടെ സാംബിളുകൾ പൂനെയിലേക്ക് അയച്ച ശേഷമായിരിക്കും അന്തിമമായി ഫലം പുറത്ത് വിടുകയെന്നും മന്ത്രി അറിയിച്ചു.
പരിശോധനാ ഫലങ്ങൾ ആശ്വാസകരമാണെങ്കിലും ഉറവിടം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായി ഭോപ്പാലിൽ നിന്നുള്ള കേന്ദ്ര സംഘത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. അവർ ഇന്ന് വരുമെന്ന് അറിയിച്ചിരുന്നെങ്കിലും സംഘത്തിലെ ഒരാൾക്ക് ഉണ്ടായ അസൗകര്യം മൂലം യാത്ര ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
റോഡ് മാർഗം ഭോപ്പാലിൽ നിന്നും ഇന്ന് യാത്ര തുടരുന്ന കേന്ദ്ര സംഘം രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോട് എത്തിയ ശേഷം വിവിധ വകുപ്പുകളെ എകോപിച്ച് ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം തുടരും. ഇതിനോടൊപ്പം നിലവിൽ മൃഗസംരക്ഷണ, വനം വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധനകളും, സാമ്പിൾ ശേഖരണവും ചാത്തമംഗലം പഞ്ചായത്തിലും, സമീപ പ്രദേശങ്ങളിലും തുടരുമെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ നെഗറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രോഗം റിപ്പോട്ട് ചെയ്ത ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തിലും, മുക്കം നഗരസഭയിലും സമീപ പ്രദേശങ്ങളിലും നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ തുടരുന്നതിൽ അവലോകന യോഗത്തിൽ തീരുമാനം ഉണ്ടാവും. അതുവരെ ചാത്തമംഗലം പഞ്ചായത്തിലെ പ്രധാന പാത ഒഴികെ മറ്റ് വഴികൾ പൂർണ്ണമായും അടഞ്ഞ് കിടക്കും.
വിവിധ വകുപ്പുകളുടെ ഏകോപനയോഗങ്ങൾ ഇന്നും തുടരും. മന്ത്രിമാരുടെ സംഘം നിലവിൽ കോഴിക്കോട് തുടരുമെന്നും, മടങ്ങുന്ന കാര്യത്തിലും ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും വീണാ ജോർജ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.