ഇന്റർഫേസ് /വാർത്ത /Kerala / 'കെ പി അനിൽകുമാർ പാർട്ടിവിട്ടാൽ കോൺഗ്രസിന് ഒരു ഇല കൊഴിയുന്ന പോറൽ പോലും സംഭവിക്കില്ല': കോഴിക്കോട് ഡി സി സി നേതൃത്വം

'കെ പി അനിൽകുമാർ പാർട്ടിവിട്ടാൽ കോൺഗ്രസിന് ഒരു ഇല കൊഴിയുന്ന പോറൽ പോലും സംഭവിക്കില്ല': കോഴിക്കോട് ഡി സി സി നേതൃത്വം

കെ പി അനിൽകുമാർ

കെ പി അനിൽകുമാർ

''പാർട്ടിയുടെ വേതനം വാങ്ങി പാർട്ടി പ്രവർത്തനം നടത്തിയ വ്യക്തിയാണ് അനിൽകുമാർ. അദ്ദേഹം പോയത് മൂലം കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. ഒരു ഇല കൊഴിയുന്ന പോറൽ പോലും പാർട്ടിക്ക് ഉണ്ടാവില്ല. അനിൽ കുമാറിൻ്റെ ജനപിന്തുണ എന്താണെന്ന് കോടിയേരി പറയണം''

കൂടുതൽ വായിക്കുക ...
  • Share this:

കോഴിക്കോട്: കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന കെ പി അനിൽകുമാറിന് എന്ത് ധാർമ്മികതയാണ് ഉള്ളതെന്ന് കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കോൺഗ്രസ് പാർട്ടിയിൽ എന്ത് മൂല്യച്യുതിയാണ് സംഭവിച്ചിട്ടുള്ളത്. ഡി സി സി പ്രസിഡൻ്റ് സ്ഥാനം കിട്ടാത്തതിൻ്റെ പേരിൽ പാർട്ടി വിട്ടതിനെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.  എല്ലാവർക്കും ഡിസിസി പ്രസിഡൻ്റുമാരാകുവാൻ കഴിയില്ല. ഒരാൾക്ക് മാത്രമെ പ്രസിഡൻ്റ് ആകുവാൻ കഴിയു. സ്ഥാനം കിട്ടാത്തതിൻ്റെ പേരിൽ പാർട്ടി വിട്ടത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി എല്ലാ കാലത്തും അർഹിക്കുന്ന സ്ഥാനങ്ങൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. വിജയ സാധ്യതയുള്ള സീറ്റുകൾ പലപ്രാവശ്യം പാർട്ടി നൽകി. പക്ഷേ ജനകീയത ഇല്ലാത്തതിനാൽ നൽകിയ സീറ്റുകളിൽ എല്ലാം പരാജയപ്പെട്ടു.  പാർട്ടിയുടെ വേതനം വാങ്ങി പാർട്ടി പ്രവർത്തനം നടത്തിയ വ്യക്തിയാണ് അനിൽകുമാർ. അദ്ദേഹം പോയത് മൂലം കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. ഒരു ഇല കൊഴിയുന്ന പോറൽ പോലും പാർട്ടിക്ക് ഉണ്ടാവില്ല. അനിൽ കുമാറിൻ്റെ ജനപിന്തുണ എന്താണെന്ന് കോടിയേരി പറയണം. ജില്ലയിൽ അദ്ദേഹത്തിനൊപ്പം ഒരാൾ പോലും കോൺഗ്രസ് പാർട്ടി വിടില്ലെന്നും ഡിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.

അതേസമയം, ഇത് പറയുമ്പോഴും അനിലിൻ്റെ നീക്കത്തെ ഡിസിസി നേതൃത്വം കരുതലോടെയാണ് നോക്കി കാണുന്നത്. ആരോപണങ്ങൾ ഉന്നയിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കാണ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിടും മുൻപ്  സി പി എം കോഴിക്കോട് ജില്ലാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നതായി ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചിരുന്നു. അദ്ദേഹം പാർട്ടിയിലേക്ക് എത്തിയത് ഉപാധികളില്ലാതെയാണ്. ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ അനുമതി വേണമെന്ന ആവശ്യം മാത്രമാണ് അനിൽ കുമാർ ഉന്നയിച്ചത്. അദ്ദേഹത്തിന് പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് എല്ലാ അവസരവും നൽകും.

വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും  കോൺഗ്രസിൽ നിന്നും യു ഡി എഫ് ഘടകകക്ഷികളിൽ നിന്നും സിപിഎമ്മിൽ എത്തും. അവർക്കും പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് അവസരം നൽകും. എം എസ് എഫിലെ വനിതാ നേതാകൾക്കളെയും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുകയാണ്. അവരുമായി എന്തെങ്കിലും ചർച്ച നടത്തിയോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പി മോഹനൻ പറഞ്ഞു.

Also Read- പാർട്ടി വിടും മുൻപ് ജില്ലാ നേതൃത്വവുമായി അനിൽകുമാർ ചർച്ച നടത്തി; ജില്ലാ സെക്രട്ടറി പി.മോഹനൻ

കെപിസിസി ജനറൽ  സെക്രട്ടറിയായ കെ പി അനിൽകുമാർ ചൊവ്വാഴ്ച്ച രാവിലെയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തിൽ പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ അനിൽകുമാർ എകെജി സെന്ററിലെത്തിയിരുന്നു. ഉപാധികളില്ലാതെയാണ് താൻ സിപിഎമ്മിലേയ്ക്ക് പോകുന്നതെന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞശേഷമാണ് സി പി എം ആസ്ഥാനത്ത് എത്തിയത്. പാർട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ ഞാൻ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ പി അനിൽകുമാർ രാജി പ്രഖ്യാപിച്ചത്.

നാലാം വയസിൽ അച്ഛന്റെ കൈപിടിച്ചു വന്നതാണ് പാർട്ടിയിലേക്ക്. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് ഞാൻ. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിർവാഹക സമിതിയിൽ ഉപെടുത്താത്തതിന് പരാതി പറഞ്ഞില്ല. നാല് പ്രസിഡന്റുമാർക്കൊപ്പം ജനറൽ സെക്രട്ടറിയായി. 2016ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളമുണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് പറഞ്ഞു തന്നെ ചതിച്ചുവെന്നും അനിൽകുമാർ പറഞ്ഞു. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്തിത്വം നഷ്ടമായി. പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. സുധാകരന്‍ കെപിസിസി പിടിച്ചത് താലിബാന്‍ അഫ്‍ഗാനിസ്ഥാന്‍ പിടിച്ചെടുത്തത് പോലെ ആണെന്നും അനിൽകുമാർ ആരോപിച്ചിരുന്നു. ഇത്തരത്തിൽ ഗുരുതരമായ ആരോപണം ഉന്നയിച്ച ശേഷമാണ് അദ്ദേഹം എകെ ജി സെൻ്ററിൻ്റെ പടികൾ ആദ്യമായി ചവിട്ടിയത്.

Also Read- 'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല'; കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നു

നേരത്തെ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി എസ് പ്രശാന്തിനൊപ്പമാണ് അനിൽകുമാർ എകെജി സെന്ററിൽ എത്തിയത്. എകെജി സെന്ററിലെത്തിയ അനിൽകുമാറിനെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിന് കെ പി അനിൽകുമാറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. വിശദീകരണം നൽകിയിട്ടും അച്ചടക്കനടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലും ഇദ്ദേഹത്തിന് അതൃപ്തിയു‍ണ്ടായിരുന്നു.

First published:

Tags: Congress, Cpm, DCC president, Kozhikode, Kpcc