കണ്ണൂർ: ബ്രണ്ണന്‍ കോളജിലെ പഠനക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോളജിലെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ കെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരൻ കോളജ് രാഷ്ട്രീയത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നത്.
പിണറായി വിജയനെ നേരിട്ടത് സുധാകരൻ വിശദീകരിക്കുന്നത് ഇങ്ങനെ- ''എസ് എഫ് ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെ എസ് യുവിന്റെ പ്ലാന്‍. രണ്ടാം വര്‍ഷ വിദ്യാർഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എ കെ ബാലന്റെ നേതൃത്വത്തില്‍ വിദ്യാർഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു. ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെ എസ് യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളേർ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.”
ക്യാമ്പസില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ് എന്ന സഹപാഠിയെക്കുറിച്ചും സുധാകരന്‍ പറയുന്നുണ്ട്. ''ഒരിക്കല്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചു. പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാന്‍സിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞു. പേരാമ്പ്രയിൽ നിന്ന് വന്ന് വിലസി നടക്കുന്ന ഒരു കെ എസ് യുക്കാരന്റെ അരയിലൊരു പിച്ചാത്തിയുണ്ടുപോലും -പിണറായി പറഞ്ഞു തുടങ്ങിയതും ഫ്രാൻസിസ് ചീടിയെഴുന്നേറ്റ്, മുണ്ട് മടത്തിക്കുത്തി സ്റ്റേജിലെത്തിയതും ഒപ്പം മൈക്കെടുത്ത് പിണറായിയെ ഒറ്റയടി. ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കിൽ പിണറായിയുടെ തല പിളർന്നുപോകുമായിരുന്നു. പിന്നെ ഞങ്ങളെല്ലാവരും കൂടി പിണറായിയെയും സംഘത്തെയും അടിച്ചോടിച്ചു. ഇത്തരം അടിയും തിരിച്ചടിയും അന്ന് പതിവാണ്. ''
Also Read- യൂട്യൂബ് ചാനൽ വഴി അശ്ലീലം; പബ്ജി മദന് അറസ്റ്റിലായി; പരാതിയുമായെത്തിയത് 159 സ്ത്രീകള്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AK Balan, Chief Minister Pinarayi Vijayan, K sudhakaran