കേരളത്തിന്റെ കുംഭമേള; കാശിയിൽ നിന്നുള്ള പുരോഹിതരുടെ സാന്നിധ്യത്തിൽ നിളാ ആരതിക്ക് തുടക്കം
- Published by:meera_57
- news18-malayalam
Last Updated:
ദീപങ്ങൾ ഉയരുകയും മന്ത്രങ്ങൾ മുഴങ്ങുകയും ചെയ്തതോടെ, കാശിയിൽ നിന്നുള്ള പണ്ഡിതന്മാർ കേരളത്തിൽ ആദ്യമായി ആചാരപരമായ നദീ ആരതി നടത്തി
കേരളത്തിന്റെ കുംഭമേളയായി കണക്കാക്കപ്പെടുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിളാ നദീതീരത്ത് കാശിയിലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ 'നിളാ ആരതി' ചടങ്ങുകൾ അരങ്ങേറി. ദീപങ്ങൾ ഉയരുകയും മന്ത്രങ്ങൾ മുഴങ്ങുകയും ചെയ്തതോടെ, കാശിയിൽ നിന്നുള്ള പണ്ഡിതന്മാർ കേരളത്തിൽ ആദ്യമായി ആചാരപരമായ നദീ ആരതി നടത്തി. പുരാതനകാലം മുതൽ തന്നെ ഭാരതപ്പുഴ കേരളത്തിന്റെ ആത്മീയ ഭൂപ്രകൃതിയുടെ സിരാകേന്ദ്രമെങ്കിലും, നദിയെ ഒരു ദേവതയായി കണക്കാക്കുന്ന വേദിയിൽ നിളാ ആരതിയിലൂടെ, നദി തന്നെ ആരാധനാ മൂർത്തിയായി മാറുന്നു
advertisement
ദശാശ്വമേധ ഘട്ടിലെ ഏഴ് പണ്ഡിതന്മാരുടെ സാന്നിധ്യം ഈ ചടങ്ങിന് ആധികാരികതയും ആത്മീയ പ്രാധാന്യവും നൽകുന്നു. കാശിയിലെ ഗംഗാ ആരതിയുടെ തനത് ശൈലി, ഭാരതപ്പുഴയുടെ ശാന്തമായ ഒഴുക്കിൽ പ്രതിഫലിക്കുന്നു. ധർമ്മ ധ്വജാരോഹണം എന്ന പരമ്പരാഗത ചടങ്ങോടെയാണ് ഉത്സവം ആരംഭിച്ചത്. നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടത്തിൽ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തില്‍ 'മഹാമാഘ മഹോത്സവ'ത്തിന്റെ ആദ്യ സ്നാനം നടന്നു (തുടർന്ന് വായിക്കുക)
advertisement
വേദമന്ത്രങ്ങളുടെയും സംഗീതോപകരണങ്ങളുടെയും അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ. കാശിയിൽ ഗംഗാ ആരതി നടത്തുന്ന പണ്ഡിതന്മാരുടെ നേതൃത്വത്തിൽ വൈകുന്നേരം നടന്ന നിളാ ആരതി കാഴ്ചയിൽ അതിശയിപ്പിക്കുന്ന അനുഭവം പ്രദാനം ചെയ്തു. യജ്ഞങ്ങളും പരമ്പരാഗത കർമങ്ങളും നിറഞ്ഞ മഹാമാഘ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ നടത്തുന്ന ആരതി ഒരു ആത്മീയ അനുഭവമാണ്. വിളക്കുകൾ ഉയരുകയും താഴുകയും ചെയ്യുമ്പോൾ, മന്ത്രങ്ങളുടെ ശബ്ദങ്ങൾ നദീതീരത്ത് വ്യാപിക്കുമ്പോൾ, ഭക്തരും സന്ദർശകരും ഒരേസമയം നിശബ്ദ പ്രാർത്ഥനയിൽ ലയിക്കുന്നു
advertisement
ഗവർണർ രാജേന്ദ്ര അർലേക്കർ തിങ്കളാഴ്ച മഹോത്സവം ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ നിളാസ്നാനവും നടക്കും. ഫെബ്രുവരി 3 വരെ നീണ്ടുനിൽക്കുന്ന 'മഹാമാഘ മഹോത്സവ'ത്തിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ എത്തിത്തുടങ്ങിയിട്ടുണ്ട്. സത്സംഗങ്ങൾ, വിദ്വൽസദസ്, കളരി, യോഗ, കലാപരിപാടികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്
advertisement
നിളാ ആരതി ദർശനം നാവാമുകുന്ദ ക്ഷേത്രക്കടവിലിരുന്നാണ് ഭക്തർ ദർശിച്ചത്. താത്കാലിക പാലത്തിലൂടെ തിങ്കളാഴ്ച യാഗശാലയിലേക്ക് ഭക്തരെ കടത്തിവിട്ടില്ല. ചൊവ്വാഴ്ച മുതൽ ദേഹപരിശോധന നടത്തിയാണ് യജ്ഞശാലയിലേക്കും ക്ഷേത്രപരിസരത്തേക്കും ഭക്തരെ കടത്തിവിടുക. രണ്ട് ഡീപ് സേർച്ച് മെറ്റൽ ഡിറ്റക്ടർ പടിഞ്ഞാറെ കടവിലെ പുഴയോരത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ. പുഴയിലും കരയിലും ബോംബ് സ്ക്വാഡ് ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തും. ഡിവൈഎസ്പിമാർ മേൽനോട്ടം വഹിക്കും. സുരക്ഷ ഏകോപിപ്പിക്കാൻ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്. ദിവസവും വൈകീട്ട് ഭാരതപ്പുഴയിൽ നിളാ ആരതി നടക്കും. ഫെബ്രുവരി മൂന്നുവരെയാണ് കുംഭമേള നടക്കുക









