തിരുവനന്തപുരം: കെ എസ് ആർടിസി(KSRTC) ശമ്പള പരിഷ്കരണ (pay revision) കരടിൽ അപാകതയുണ്ടെന്ന യൂണിയനുകളുടെ പരാതിയെ തുടർന്നാണ് ഇന്ന് വീണ്ടും ചർച്ച നടത്തിയത്. ഗതാഗത മന്ത്രി തൊഴിലാളി സംഘടന പ്രതിനിധികളുമായാണ് ചർച്ച നടത്തിയത്. ചർച്ച നാല് മണിക്കൂറോളം നീണ്ടു. മാസ്റ്റർ സ്കെയിലിലെ അപാകതയുണ്ടെന്ന വാദം മന്ത്രി അംഗീകരിച്ചതായി ചർച്ചയ്ക്ക് ശേഷം യൂണിയനുകൾ അറിയിച്ചു. ഈ മാസം തന്നെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രിയും ഉറപ്പ് നൽകിയതായി തൊഴിലാളി നേതാക്കൾ പറഞ്ഞു.
ശമ്പള പരിഷ്കരണ കരാറിൽ രണ്ട് മൂന്ന് ദിവസത്തിനകം ഒപ്പിടും. ഇന്ന് തന്നെ തിരുത്തിയ കരട് തൊഴിലാളി സംഘടനകൾക്ക് കൈമാറും. തുടർന്ന് യൂണിയനുകളുടെ ചർച്ചയ്ക്ക് ശേഷം നാളെ വീണ്ടും ചർച്ച നടത്തും. ഈ മാസം മുതൽ അഞ്ചാം തീയതിയ്ക്ക് മുൻപ് ശമ്പളം വിതരണ ചെയ്യുമെന്നും യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. അഞ്ചാം തീയതിയ്ക്ക് മുൻപ് ശമ്പളം ലഭിച്ചില്ലെങ്കിൽ തൊഴിലാളി യൂണിയനുകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ശമ്പളപരിഷ്ക്കരണം നടപ്പാക്കിയാൽ സർക്കാർ ഇപ്പോൾ നൽകുന്നതിനെക്കാൾ 15 കോടി രൂപയെങ്കിലും അധികമായി നൽകിയാൽ മാത്രമെ എല്ലാവർക്കും ശമ്പളം നൽകാനാകു. 45 വയസ് കഴിഞ്ഞവർക്ക് പകുതി ശമ്പളത്തിൽ അവധി അനുവദിക്കുന്നത് ബാധ്യത കുറയ്ക്കുമെന്നാണ് കരുതുന്നത്.
ഇപ്പോൾ 25793 ജീവനക്കാരാണ് കെ എസ് ആർ ടി സി യിൽ ഉള്ളത്. പുതിയ ശമ്പള സ്കെയിൽ പ്രകാരം 11 ഗ്രേഡുകളിലായി അടിസ്ഥാന ശമ്പളം 23000 രൂപ മുതൽ 1,18,000 രൂപ വരെ മാസ ശമ്പളം വാങ്ങുന്നവർ കെ എസ് ആർടിസിയിൽ ഉണ്ട്. നിലവിൽ 84 കോടിയാണ് ശമ്പളം നൽകാൻ വേണ്ടത്. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതോടെ 15 കോടി രൂപ അധികമായി കണ്ടെത്തണം.
കെ സ്വിഫ്റ്റ് നടപ്പിലാകുന്നതോടെ ദീർഘദൂര ബസ്സുകളും അതിന്റെ വരുമാനവും അങ്ങോട്ടേക്ക് മാറ്റേണ്ടിയും വരും. ബാധ്യത മറികടക്കാൻ അധിക വരുമാനം കണ്ടെത്തണമെന്ന് പറയുന്നതല്ലാതെ വ്യക്തമായ പദ്ധതി സർക്കാരിനും ഇല്ല. 45 വയസ് കഴിഞ്ഞവർക്ക് പകുതി ശമ്പളത്തിൽ 5 വർഷം അവധി നൽകാമെന്ന് പ്രാഖ്യാപിച്ചിട്ടുണ്ട്.
പ്രഖ്യാപന പ്രകാരം 2022 ജനുവരിയിലെ ശമ്പളം മുതല്‍ പുതിയ നിരക്കിലുള്ള ശമ്പളം ലഭിച്ചു തുടങ്ങും. ഡി.എ. 137 ശതമാനം പുതിയ ശമ്പള സ്കെയിലില്‍ ലയിപ്പിക്കും. ഫിറ്റ്മെന്റ് അലവന്‍സ് 10 ശതമാനം നിലനിര്‍ത്തും. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് 6 മാസം പ്രസവാവധിയ്ക്ക് പുറമെ 5000 രൂപ അലവന്‍സോട് കൂടി ഒരു വര്‍ഷത്തെ ശൂന്യവേതനാവധി അനുവദിക്കും.
സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്ക് ഈ കാലയളവു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രീ സൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പളപരിഷ്കരണത്തിലുണ്ട്. വീട്ടു വാടക ബത്ത 4 ശതമാനം നിരക്കില്‍ കുറഞ്ഞത് 1200/- രൂപ മുതല്‍ 5000/- രൂപ വരെ വര്‍ദ്ധിപ്പിക്കും. ഡി.സി.ആര്‍.ജി. 7 ലക്ഷത്തില്‍ നിന്നും 10 ലക്ഷമായി വര്‍ദ്ധിപ്പിക്കും. സി.വി.പി. 20 ശതമാനം തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 50 രൂപയും 20ല്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് 100 രൂപയും അധിക ബത്ത നല്‍കും. പ്രമോഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കും. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കരിക്കും. എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും കരട് ബില്ലിൽ പറയുന്നു.
500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ നിയോഗിക്കും. അന്തര്‍സംസ്ഥാന ബസുകളില്‍ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവര്‍ കം കണ്ടക്ടര്‍, അക്കൗണ്ടിംഗ് വിഭാഗം എന്നീ പുതിയ കേഡര്‍ തസ്തികകൾ സൃഷ്ടിക്കും. മെക്കാനിക്കല്‍ ജനറല്‍, മെക്കാനിക്കല്‍ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കല്‍ വിഭാഗം രണ്ടായി പുനസംഘടിപ്പിക്കും. 45 വയസിലധികം പ്രായമുള്ള ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളത്തോടുകൂടി 5 വര്‍ഷം വരെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവധി അനുവദിക്കും. പൊതു അവധി 15 ആയും, നിയന്ത്രിതാവധി 4 ആയും നിജപ്പെടുത്തുമെന്നും കരട് ബില്ലിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.