പുള്ളിമാനെ ഇടിച്ച KSRTC സ്കാനിയ വിട്ടുകിട്ടാൻ കോടതിയിൽ കെട്ടിവച്ചത് 13 ലക്ഷം രൂപ; ബസ് വിട്ടുനൽകിയത് 24 ദിവസത്തിനുശേഷം
- Published by:Rajesh V
- news18-malayalam
Last Updated:
ഓടുന്ന ബസിന് മുൻപിലേക്ക് മാൻ ചാടിയെത്തിയതാണെങ്കിലും വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 9 പ്രകാരം നായാട്ടിനുള്ള കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. അതോടെ ബസും കസ്റ്റഡിയിലായി
പുള്ളിമാനെ ഇടിച്ചതിനെ തുടർന്ന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കെഎസ്ആർടിസി സ്കാനിയ ബസ് കോടതിയുടെ ഇടപെടലിൽ വിട്ടുകിട്ടി. മാൻ ചത്തതിനെ തുടർന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലായ ബസ് 24 ദിവസത്തിനു ശേഷമാണു വീണ്ടും നിരത്തിലിറങ്ങുന്നത്. കെഎസ്ആർടിസിയുടെ ഹർജിയിൽ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബസിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. കോടതി നിർദേശിച്ച 13 ലക്ഷം രൂപ ബോണ്ടായി കെഎസ്ആർടിസി കെട്ടിവച്ചു.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിനിടെ കഴിഞ്ഞ 19ന് രാവിലെ 6.30ഓടെയാണ് മുത്തങ്ങയ്ക്കടുത്ത് എടത്തറയിലാണ് ബസ് പുള്ളിമാനെ ഇടിച്ചത്. മാൻ തൽക്ഷണം ചത്തതോടെ വനപാലകരെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഓടുന്ന ബസിന് മുൻപിലേക്ക് മാൻ ചാടിയെത്തിയതാണെങ്കിലും വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 9 പ്രകാരം നായാട്ടിനുള്ള കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. അതോടെ ബസും കസ്റ്റഡിയിലായി. തുടർന്ന് വയനാട് വന്യജീവി സങ്കേതം കുറിച്യാട് റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
advertisement
കഴിഞ്ഞ 24 ദിവസമായി ബത്തേരി ആർആർടി റേഞ്ച് ഓഫീസ് പരിസരത്താണ് ബസ് സൂക്ഷിച്ചിരുന്നത്. ഇതോടെ പകരം മറ്റൊരു ബസാണ് സർവീസിനായി ഉപയോഗിച്ചിരുന്നത്. ഇത്രയും ദിവസം ഓടാതെ കിടന്നതിനാൽ അറ്റകുറ്റപ്പണി നടത്തിയ ശേഷമാകും വീണ്ടും നിരത്തിലിറക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
May 14, 2025 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുള്ളിമാനെ ഇടിച്ച KSRTC സ്കാനിയ വിട്ടുകിട്ടാൻ കോടതിയിൽ കെട്ടിവച്ചത് 13 ലക്ഷം രൂപ; ബസ് വിട്ടുനൽകിയത് 24 ദിവസത്തിനുശേഷം