'ജലീൽ' എന്ന പേരുകാരനായി ഒരു സംവിധാനത്തിന്റേയും മുന്നിൽ പോകാൻ ആഗ്രഹിക്കുന്നില്ല; ഗോപാലകൃഷ്ണന്റെ "ഭീകരവാദി" പരാമർശത്തിൽ നിയമനടപടിക്കില്ലെന്ന് കെടി ജലീൽ

Last Updated:

ഇത് തന്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണെന്നും കെടി ജലീൽ

തിരുവനന്തപുരം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ “ഭീകരവാദി” പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് കെടി ജലീൽ. 24 ന്യൂസിന്റെ ചർച്ചയ്ക്കിടയിലാണ് ഗോപാലകൃഷ്ണൻ കെടി ജലീലിനെ ഭീകരവാദിയെന്ന് വിളിച്ചത്. ഇതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഗോപാലകൃഷ്ണനെതിരെ ജലീൽ നിയമപരമായി നീങ്ങണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.
എന്നാൽ, നിയമനടപടി വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ തീരുമാനമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ ജലീൽ വ്യക്തമാക്കി. “ജലീൽ” എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റേയും മുമ്പിൽ പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതെൻ്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണെന്നും പോസ്റ്റിൽ പറയുന്നു.
advertisement
24 ന്യൂസിന്റെ അന്തിച്ചർച്ചയിൽ പങ്കെടുത്ത് ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ എന്നെ “ഭീകരവാദി” എന്നാക്ഷേപിച്ചതിനെ കുറിച്ച് നിയമ നടപടി സ്വീകരിക്കണമെന്ന് പലരും സഹോദര ബുദ്ധ്യാ ഉണർത്തി. ചർച്ചയിൽ തന്നെ ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്ക് പി തോമസ് ആ പ്രസ്താവനയോട് ശക്തമായി പ്രതിഷേധിച്ചു. വാർത്താവതാരകനും തന്റെ വിയോജിപ്പ് പ്രകടമാക്കി. കെ.പി.സി.സി വൈസ് പ്രസിഡണ്ട് ശ്രീ വി.ടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലും നിയമ നടപടിയെ കുറിച്ച് സൂചിപ്പിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എല്ലാവരോടും എനിക്ക് ഒരുപാട് നന്ദിയുണ്ട്.
advertisement
തൽക്കാലം നിയമനടപടി വേണ്ടെന്നാണ് എന്റെ വ്യക്തിപരമായ തീരുമാനം.”ജലീൽ” എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റേയും മുമ്പിൽ പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതെൻ്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണ്.‌
ജീവിതത്തിൽ ഇന്നോളം ഒരാളെ ‘തോണ്ടി’ എന്ന കേസിലോ പത്ത് പൈസ ആരെയെങ്കിലും പറ്റിച്ചു എന്ന കേസിലോ അവിഹിത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലോ ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായുള്ള കേസിലോ ഞാൻ പ്രതിയായിട്ടില്ല. ഭീകരവാദ ബന്ധം ഉൾപ്പടെ അന്വേഷിക്കുന്ന എൻ.ഐ.എ അടക്കം മൂന്ന് അന്വേഷണ ഏജൻസികൾ ഏകദേശം 40 മണിക്കൂർ എന്നിൽ നിന്ന് വിവര ശേഖരണം നടത്തിയിട്ടും ഒരു തരിമ്പെങ്കിലും എൻ്റെ ഭാഗത്ത് തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ല. ഇനിയൊട്ട് കണ്ടെത്തുകയുമില്ല. ഒരു തരത്തിലുള്ള നികുതി വെട്ടിപ്പും നടത്തിയിട്ടില്ല. ടാക്സ് അടക്കാത്ത ഒരു രൂപ പോലും കൈവശമില്ല. കിട്ടുന്ന പരിമിതമായ വരുമാനത്തിൻ്റെ പരിതിക്കുള്ളിൽ ഒതുങ്ങിനിന്നേ ജീവിച്ചിട്ടുള്ളൂ.
advertisement
കഴിഞ്ഞ 30 വർഷത്തെ എൻ്റെ ബാങ്ക് എക്കൗണ്ടുകൾ മുടിനാരിഴകീറി സസൂക്ഷ്മം നോക്കി. ഞാൻ അനുഭവിക്കുന്ന സ്വത്തുവഹകളും വീട്ടിനകത്തെ ഉപകരണങ്ങളും കണക്കെടുത്ത് പരിശോധിച്ചു. എന്നിട്ടെന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. അന്വേഷണ ഏജൻസികൾക്ക് പകൽ വെളിച്ചം പോലെ എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാനായി.
കോൺഗ്രസ്സിനെയും ലീഗിനേയും ഞാൻ വിമർശിക്കാറുണ്ട്. ബി.ജെ.പിയേയും സംഘ്പരിവാർ ശക്തികളെയും ശക്തമായി എതിർക്കാറുണ്ട്. മുസ്ലിങ്ങളിലെ തീവ്ര ചിന്താഗതിക്കാരെയും മതരാഷ്ട്രവാദികളെയും നിർദാക്ഷിണ്യം തുറന്നുകാട്ടാറുണ്ട്.
പശുവിൻ്റെയും മതത്തിൻ്റെയും പേരിൽ മനുഷ്യനെ കൊല്ലുന്നെടത്തോളം കാലം, സാധാരണ മനുഷ്യരുടെ വീടുകളും സ്വത്തുക്കളും അഗ്നിക്കിരയാക്കുന്നെടത്തോളം കാലം, സഹോദ മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുന്നെടത്തോളം കാലം, ഇതെല്ലാം ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കുന്നെടത്തോളം കാലം, പല്ലും നഖവും ഉപയോഗിച്ച്‌ അത്തരം കാട്ടാളത്തങ്ങളെ എതിർക്കും. അതിൻ്റെ പേരിൽ ഏത് ‘മുദ്ര’ പതിച്ച് തന്നാലും എനിക്കതൊരു പ്രശ്നമല്ല. ഞാനാരാണെന്ന് എന്നെ അറിയുന്ന ജനങ്ങൾക്കറിയാം.
advertisement
ഇന്ത്യക്കാരനായി ജനിച്ച ഈ വിനീതൻ ഇന്ത്യാക്കാരനായി ജീവിക്കും. ഇന്ത്യക്കാരനായിത്തന്നെ മരിക്കും. ലോകത്തെവിടെ സ്വർഗ്ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടേക്കും പോവില്ല. കാരണം, ഈ നാട്ടിലാണ് എൻ്റെ വേരുകളും ബന്ധങ്ങളും സൗഹൃദങ്ങളും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജലീൽ' എന്ന പേരുകാരനായി ഒരു സംവിധാനത്തിന്റേയും മുന്നിൽ പോകാൻ ആഗ്രഹിക്കുന്നില്ല; ഗോപാലകൃഷ്ണന്റെ "ഭീകരവാദി" പരാമർശത്തിൽ നിയമനടപടിക്കില്ലെന്ന് കെടി ജലീൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement