ശബരിമലയില്‍ ആവശ്യത്തിന് അപ്പം അരവണ കൗണ്ടറുകള്‍ ഇല്ല; ഭക്തർ വലയുന്നു
- Published by:Naveen
- news18-malayalam
Last Updated:
സന്നിധാനത്ത് തിരക്കേറിയതോടെ മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തര്‍ അപ്പവും അരവണയും വാങ്ങുന്നത്. പ്രതിഷേധം ശക്തമാണൈങ്കിലും കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല
മണ്ഡല കാലത്തിന്റെ ആദ്യ ദിനങ്ങളിൽ ഇരുപതിനായിരത്തിൽ താഴെ ഭക്തർ മാത്രമാണ് പ്രതിദിനം ദർശനത്തിനായി എത്തിയിരുന്നത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. നേരത്തെ വെർച്ചൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തവരിൽ 50 ശതമാനത്തോളം പേർ മാത്രമാണ് എത്തിയിരുന്നെങ്കിൽ ഇപ്പോൾ അത് 80 ശതമാനമായി വർധിച്ചു. നിലവിൽ 35,000 ഓളം ഭക്തരാണ് പ്രതിദിനം ദർശനത്തിനായി എത്തുന്നത്. ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടും കൗണ്ടറുകളുടെ എണ്ണം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല. നിലവില്‍ 8 കൗണ്ടറുകള്‍ മാത്രമാണ് സന്നിധാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഭക്തര്‍ മണിക്കൂറുകളോളം ക്യൂ നിന്ന് അപ്പവും അരവണയും വാങ്ങേണ്ട അവസ്ഥയാണ്. അതായത് ദര്‍ശനത്തിന് കാത്ത് നില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം ചെലവഴിച്ചാല്‍ മാത്രമേ പ്രസാദം വാങ്ങാന്‍ കഴിയൂ.
മുന്‍ വര്‍ഷങ്ങളില്‍ മാളികപ്പുറത്തിന് സമീപവും കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ കൗണ്ടറുകള്‍ അടഞ്ഞു കിടക്കുകയാണ്. മാളികപ്പുറത്തിന് സമീപമുള്ള 4 കൗണ്ടറുകൾ ആണ് ഒരുവശത്ത് അപ്പത്തിനും അരവണയ്ക്കുമായി ഭക്തർ തിക്കി തിരക്കുമ്പോൾ അടഞ്ഞുകിടക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ കൗണ്ടറുകള്‍ക്ക് മുന്നിലെ തിക്കും തിരക്കും കാരണം പലരും അപ്പവും അരവണയും വാങ്ങാതെ മടങ്ങുന്ന സാഹചര്യവുമുണ്ട്. വരും ദിവസങ്ങളില്‍ സന്നിധാനത്തേക്ക് കൂടുതല്‍ ഭക്തര്‍ എത്താന്‍ സാധ്യതയുളളതിനാല്‍ മുഴുവന്‍ കൗണ്ടറുകളും തുറന്ന് പ്രവര്‍ത്തിക്കാനുളള നടപടി വേണമെന്നാണ് ആവശ്യം.
advertisement
അതേസമയം വരും ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചാൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കാം എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട്. അടിയന്തര സാഹചര്യമുണ്ടായാൽ രണ്ട് കൗണ്ടറുകൾ കൂടി തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി.നിലവിൽ പരമാവധി 45000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. ഭക്തരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഈ പരിധി സർക്കാർ മാറ്റാനുള്ള സാധ്യതയുമുണ്ട്.
Also read- Sabarimala|ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി ക്യാമറകൾ; ശബരിമലയിൽ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും
അതേസമയം ശബരിമല തീർത്ഥാടനത്തിന് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ്യഭിഷേകം, പമ്പാ സ്നാനം, പരമ്പരാഗത കാനനപാത വഴിയുള്ള തീർത്ഥാടനം, സന്നിധാനത്ത് ഭക്തർക്ക് വിരിവയ്ക്കാനുള്ള സൗകര്യം എന്നിവയ്ക്ക് അനുമതി വേണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഇതുവരെയും സർക്കാർ തീരുമാനം എടുത്തിട്ടില്ല. കാനന പാത വഴിയുള്ള തീർത്ഥാടനത്തിന് അനുമതി നൽകിയില്ലെങ്കിൽ ഈ മാസം 16ന് കാനനപാത വഴി വിശ്വാസികൾ സന്നിധാനത്തേക്ക് പ്രവേശിക്കുമെന്നാണ് വിവിധ ഹൈന്ദവ സംഘടനകൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
advertisement
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലകാല വരുമാനം വർധിക്കണമെങ്കിൽ കൂടുതൽ ഇളവുകൾ ആവശ്യമുണ്ട് എന്നതാണ് ദേവസ്വം ബോർഡിന്റെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2021 9:49 AM IST