• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സവർണ ഹിന്ദുവിഭാഗങ്ങളിൽ നല്ലൊരു പങ്കും ദരിദ്രർ; ജോലി കിട്ടാനുള്ള സാധ്യത വിരളം': കോടിയേരി

'സവർണ ഹിന്ദുവിഭാഗങ്ങളിൽ നല്ലൊരു പങ്കും ദരിദ്രർ; ജോലി കിട്ടാനുള്ള സാധ്യത വിരളം': കോടിയേരി

വിശ്വാസികളല്ലാത്ത സ്ത്രീകൾ ശബരിമലയിൽ കയറിയത് വലിയ തിരിച്ചടിയായെന്ന് ജനങ്ങൾ കരുതുന്നുവെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: സവർണ ഹിന്ദു വിഭാഗങ്ങളിൽ നല്ലൊരു പങ്കും ദരിദ്രരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പല അഗ്രഹാരങ്ങളും ചേരികൾക്ക് സമാനമാണ്. അഗ്രഹാരങ്ങൾ പുതുക്കിപ്പണിയാൻ സർക്കാർ സഹായം നൽണം. സവർണർക്ക് ജോലി കിട്ടാനുള്ള സാധ്യതകൾ വിരളമാണെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ബാലൃഷ്ണൻ പറയുന്നു. ശബരിമല കാരണമാണ് വോട്ട് മാറ്റി ചെയ്തതെന്ന് വീട്ടമ്മമാരും ഗൃഹ സന്ദർശന സമയത്ത് തുറന്നുപറഞ്ഞു. വിശ്വാസികളല്ലാത്ത സ്ത്രീകൾ ശബരിമലയിൽ കയറിയത് വലിയ തിരിച്ചടിയായെന്ന് ജനങ്ങൾ കരുതുന്നുവെന്നും കോടിയേരി പറയുന്നു.

  ലേഖനത്തിൽ നിന്ന്- തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തെരുവിലെത്തിയപ്പോൾ പലവിധ പരാതികൾ കേട്ടു. അതിലൊന്ന് തങ്ങളെ "സവർണഹിന്ദു'ക്കളെന്ന് വിശേഷിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നായിരുന്നു. സവർണ ഹിന്ദു മേധാവിത്വ തത്ത്വശാസ്ത്രമാണ് ആർഎസ്എസിന്റേതെന്ന് കമ്യൂണിസ്റ്റുകാർ ചൂണ്ടിക്കാട്ടാറുണ്ട്. അത് ദാരിദ്ര്യാവസ്ഥയിൽ ഇന്നു കഴിയുന്ന, ജന്മംകൊണ്ട് സവർണസമുദായത്തിൽ പിറന്നവരെ അധിക്ഷേപിക്കാനല്ലെന്ന് ഞാൻ ഓർമപ്പെടുത്തി. പഴയകാലത്ത് അധികാരവും ധനവും നിയമവുമെല്ലാം അന്ന് പ്രതാപത്തിൽ കഴിഞ്ഞിരുന്ന ഹിന്ദുവിഭാഗത്തിലെ സവർണർക്കായിരുന്നു. അവർണർക്കാകട്ടെ അയിത്തവും അവഗണനയും. ആ വ്യവസ്ഥ പൊളിച്ചെഴുതാനാണ് ഇ എം എസ് ഉൾപ്പെടെയുള്ളവർ പരിശ്രമിച്ചത്. എന്നാൽ, സാമൂഹ്യ അസമത്വത്തിന്റെ വ്യവസ്ഥ നിലനിർത്താനാണ് ഗോൾവാൾക്കർ ഉൾപ്പെടെയുള്ളവർ യത്നിച്ചത്. ഈ വിഷയത്തിൽ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പോരാട്ടം തുടരും. അതിനൊപ്പം ഇന്നത്തെ സാമൂഹ്യയാഥാർഥ്യം മനസ്സിലാക്കി നിലപാടെടുക്കുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടേത്. ബ്രാഹ്മണർ ഉൾപ്പെടെ സവർണഹിന്ദുക്കളിൽ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണ്. അതുകൊണ്ടാണ് പിന്നോക്കസമുദായ സംവരണം നിലനിൽക്കെത്തന്നെ ഉയർന്ന ജാതിയിലെ പാവപ്പെട്ടവർക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിർദേശം സിപിഐ എം ദേശീയമായിത്തന്നെ വളരെമുമ്പേ ആവശ്യപ്പെട്ടത്. അഗ്രഹാരത്തിലെ ഒരു കാരണവർ പറഞ്ഞു: ""ഈ അഗ്രഹാരത്തിൽത്തന്നെ പട്ടിണിക്കാരായ കുടുംബങ്ങളെ കാട്ടിത്തരാം. അവർക്ക് രക്ഷ നൽകാൻ നിങ്ങളെല്ലാം എന്തെങ്കിലും ചെയ്യണം.''

  ഈ ആവശ്യം വളരെ ന്യായമാണ്. ചേരികൾക്ക് സമാനമായ ദുഃസ്ഥിതിയിൽ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. ഇത് പുതുക്കിപ്പണിയാൻ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സർക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാമെന്നും തുടർനടപടിയെടുപ്പിക്കാമെന്നും ഉറപ്പുനൽകി. എൽഐസി, ബാങ്ക്, ബിഎസ്എൻഎൽ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽമാത്രം ജോലിക്ക് പോകുന്നവരാണ് ഇവിടത്തെ ബിരുദധാരികളായ സ്ത്രീകൾ. പക്ഷേ, ആ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള സാധ്യത വിരളമായി. പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയം തിരിച്ചടിയായി.....

  .....എൽഡിഎഫിന് വോട്ടുചോർച്ചയുണ്ടായതിൽ "ശബരിമല' ഒരു ഘടകമാണെന്ന് ചിലർ വെളിപ്പെടുത്തി. ശബരിമല കാരണമാണ് വോട്ട് മാറി ചെയ്തതെന്ന് ചില വീട്ടമ്മമാർ തുറന്നുപറഞ്ഞു. ശക്തമായ അതൃപ്തിയുണ്ടെങ്കിലും വോട്ട് എൽഡിഎഫിനുതന്നെ ചെയ്തെന്ന് പറഞ്ഞവരുമുണ്ട്. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി എൽഡിഎഫ് സർക്കാരിന്റെ സൃഷ്ടിയല്ല. വിധി വന്നപ്പോൾ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ളവർ അനുകൂലിച്ചു. പിന്നീട് അവർ നിലപാടിൽ മാറ്റംവരുത്തിയപ്പോൾ ഒരു രാഷ്ട്രീയസമരമായി മാറുന്നുവെന്ന് കണക്കിലെടുത്ത് ഇടപെടാൻ ഗവൺമെന്റിന് കഴിഞ്ഞില്ലെന്ന് ചിലർ കുറ്റപ്പെടുത്തി. വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകൾ, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികൾ കരുതുന്ന സ്ത്രീകൾ, ക്ഷേത്രത്തിൽ കയറിയത് സർക്കാരിനും എൽഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങളുണ്ടായി.

  First published: