തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജന് പറഞ്ഞു. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്ക്കാന് പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ഭീകര സംഘടനകള്‍ മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. പൊലീസിനെ കബളിപ്പിച്ച് വിമാനത്തില്‍ കയറിയത് ഭീകരപ്രവര്‍ത്തനത്തിന്റെ സ്വഭാവമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. നാളെ ഇവര്‍ ബോംബെറിയുമെന്നും രാഷ്ട്രീയമായി നടന്ന ഗൂഡാലോചനയാണിതെന്നും ഇപി ജയരാജന് പ്രതികരിച്ചു. പ്രതിഷേധക്കാരെ ജയരാജന് തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സിന് മജീദ്, ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്തും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതിഷേധക്കാര്‍ നിലവില്‍ സിഐഎസ്എഫ് കസ്റ്റഡിയിലാണുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഏതു വകുപ്പ് ചുമത്തണം എന്ന കാര്യത്തില്‍ നിയമപരിശോധന ആരംഭിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കേസ് എടുക്കും. ഇതിനു ശേഷം പ്രതിഷേധക്കാരെ വലിയതുറ പോലീസിന് കൈമാറും.
ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ജോലി സംബന്ധമായ ആവശ്യത്തിന് തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നായിരുന്നു ഫര്സീന് പൊലീസിനോട് പറഞ്ഞത്. ആര് സി സിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ കാണാന്‍ ആണ് തിരുവനന്തപുരത്തേക്ക് പോകുന്നതെന്നാണ് മറ്റ് രണ്ട് പേരും പറഞ്ഞതെന്നും പൊലീസ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.