തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ പരാമര്‍ശം അന്തസ്കെട്ടതും കോണ്‍ഗ്രസ് നേതാക്കളുടെ അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും ഉദാഹരണമാണെന്നും ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്. സ്ത്രീകളോട് പുലര്‍ത്തേണ്ട മാന്യത പോലും ഇക്കൂട്ടര്‍ വിസ്മരിച്ചിരിക്കുകയാണ്. മുല്ലപ്പള്ളിയുടെയും മറ്റും രാഷ്ട്രീയ വൈകൃതം കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്നും എ.വിജയരാഘവന് പറഞ്ഞു.
മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് പുറത്തായതെന്നും വിജയരാഘവൻ ആരോപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത്. ഏത് വിധേനയും കേരളത്തെ കോവിഡിന്റെ പിടിയിലേക്ക് തള്ളിയിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇവരുടെയെല്ലാം വാക്കുകളില്‍ മാത്രമേ വ്യത്യാസമുള്ളൂ. സമൂഹ വ്യാപനത്തിന് വഴിയൊരുക്കി കേരളത്തെ കോവിഡിന്റെ ചുടലക്കളമാക്കണമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സിലിരിപ്പെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.