തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് വിജയിച്ചതോടെ നിയമസഭയിൽ ഇടതുമുന്നണിയുടെ അംഗസംഖ്യ 93ആയി ഉയർന്നു. പ്രതിപക്ഷത്തിന്റെ അംഗസംഖ്യ 45 ആയി. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സിപിഎമ്മിനും കോൺഗ്രസിനും രണ്ട് അംഗങ്ങൾ വർധിച്ചു. മുസ്ലിംലീഗിനും ഒരംഗം കൂടിയായി. സിപിഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗസംഖ്യയാണ് ഇപ്പോഴുള്ളത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് മത്സരിച്ച് ജയിച്ചതോടെ അരൂർ എംഎൽഎയായിരുന്ന എ എം ആരിഫ് രാജിവെച്ചു. ഇതോടെ ഇടതുമുന്നണിയുടെ ആകെ സീറ്റ് 90 ആയി കുറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ എൽഡിഎഫിന്റെ ആകെ സീറ്റ് 91 ആയി. ഇപ്പോൾ കോന്നിയിലെയും വട്ടിയൂർക്കാവിലെയും വിജയത്തോടെ അംഗസംഖ്യ 93 ആയി ഉയർന്നു.
Also Read- പ്രതിപക്ഷ നിരയിലെ ആദ്യവനിത; ആലപ്പുഴയ്ക്ക് രണ്ടാമത്തെ വനിതാ ജനപ്രതിനിധി
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സീറ്റുകളിലാണ് യുഡിഎഫ് ജയിച്ചത്. മഞ്ചേശ്വരത്തെ ലീഗ് എംഎൽഎ പി ബി അബ്ദുൾ റസാഖ് മരണപ്പെട്ടതോടെ സീറ്റ് 46 ആയി കുറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് കോൺഗ്രസ് സിറ്റിംഗ് എംഎൽഎമാർ വിജയിച്ചതോടെ അംഗസംഖ്യ 43 ആയി കുറഞ്ഞു. പാലായിൽ കെ എം മാണി മരണപ്പെട്ടതോടെ അംഗസംഖ്യ 42 ആയി. ഏറ്റവും ഒടുവിൽ അഞ്ചുസീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ വിജയിച്ചതോടെ യുഡിഎഫിന്റെ അംഗബലം 45 ആയി.
നിയമസഭയിലെ നിലവിലെ കക്ഷി നില ഇങ്ങനെ-
എൽഡിഎഫ്- 93 (സിപിഎം- 59, സിപിഐ -19, ജെഡിഎസ്- 3, എൻസിപി- 3, സിഎംപി (എ)-1, കോൺഗ്രസ് എസ്-1, കേരള കോൺഗ്രസ് ബി-1, നാഷണൽ സെക്കുലർ കോണ്‍ഫറൻസ്-1, സ്വതന്ത്രർ- 5).
യുഡിഎഫ് - 45 (കോൺഗ്രസ് 21, ഐയുഎംഎൽ- 18, കേരള കോൺഗ്രസ് എം- 5 , കേരള കോൺഗ്രസ് ജേക്കബ്- 1)
എൻഡിഎ- 2 (ബിജെപി-1, കേരള ജനപക്ഷം-1)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.