കൊച്ചി: ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതു രണ്ടാംതവണയാണ് യു വി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ യൂണിടാക്കിന് കരാർ നൽകാൻ സമ്മർദം ചെലുത്തിയത് ശിവശങ്കറെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. യു വി ജോസിന്റെ സാന്നിധ്യത്തിൽ ശിവശങ്കറിനെയും ചോദ്യം ചെയ്യും. നേരത്തെ വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.
Also Read- അറസ്റ്റിന് പിറകെ 'ഐ ഫോണ്‍' കുരുക്കും: യൂണിടാക് നൽകിയ ഫോണുകളിൽ ഒന്ന് ശിവശങ്കറിന്റെ കൈയില്‍
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടുകളാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ നാല് കാര്യങ്ങളാണ് ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വരുന്നത്. പദ്ധതിയുടെ നിർമ്മാണ കരാർ യൂണിടാക്കിന് നൽകാൻ സമ്മർദ്ദം ചെലുത്തിയത് ആര്?,
ഇക്കാര്യത്തിൽ ശിവശങ്കറിൻ്റെ ഇടപെടലുകൾ?, ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിന് കരാർ നൽകാൻ ശിവശങ്കറിന് പ്രതിഫലം ലഭിച്ചിരുന്നോ?, ശിവശങ്കറിനെ കൂടാതെ സർക്കാറിലെ മറ്റാരെങ്കിലും ഇടപെടലുകൾ നടത്തിയോ? എന്നിവയാണ് അന്വേഷിക്കുന്നത്.
പദ്ധതി സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സർക്കാറും ദുബൈയിലെ റെഡ്ക്രസൻ്റ് എന്ന സംഘടനയുമായാണ്. എന്നാൽ നിർമ്മാണക്കരാർ ഒപ്പിട്ടത് യു എ ഇ കോൺസൽ ജനറലും യൂണിടാക്കും തമ്മിലാണ്. സർക്കാർ അംഗീകൃത ഏജൻസികൾക്കു മാത്രമേ കരാർ നൽകാവൂ എന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നു. മാത്രമല്ല ഇതിനായി ലിമിറ്റഡ് ടെൻഡർ വിളിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.ഈ രണ്ട് നിർദ്ദേശങ്ങളും അട്ടിമറിക്കപ്പെട്ടത് ശിവശങ്കറിൻ്റെ സമ്മർദ്ദഫലമാണെന്നാണ് ഇ.ഡി.യുടെ നിഗമനം. യു.വി.ജോസിൻ്റെ സാന്നിദ്ധ്യത്തിൽ ശിവശങ്കറിൽ നിന്ന് ഇക്കാര്യങ്ങൾ ചോദിച്ചറിയാനാണ് എൻഫോഴ്സ്മെൻ്റ് തയ്യാറെടുക്കുന്നത്.
സ്വപ്ന ഡോളർ കടത്തിയതായി അറിവില്ലെന്ന് ശിവശങ്കർ മൊഴി നൽകിയിരുന്നു. വിദേശയാത്രയിൽ സ്വപ്നയുടെ പക്കൽ അസാധാരണമായി എന്തെങ്കിലും ഉള്ളത് ശ്രദ്ധയിൽ പെട്ടില്ലെന്നും ശിവശങ്കർ ഇ.ഡി.യ്ക്ക് മൊഴി നൽകി.കഴിഞ്ഞ വർഷം ഏപ്രിലിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി ഓർക്കുന്നില്ലെന്നു . മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ. ഇന്നും ചോദ്യം ചെയ്യൽ തുടരും
ആറ് പ്രാവശ്യം വിദേശത്തേക്ക് നടത്തിയ യാത്രയിൽ സ്വപ്ന ഒപ്പമുണ്ടായിരുന്നെങ്കിലും അവർ ഡോളർ കടത്തിയതായി തനിക്ക് അറിവില്ലെന്നാണ് ശിവശങ്കർ എൻഫോഴ്സ്മെൻ്റിനെ അറിയിച്ചത്. അസാധാരണമായ എന്തെങ്കിലും ബാഗേജിൽ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. തികച്ചും ഔദ്യോഗിക യാത്രകളാണ് സ്വപ്നക്കൊ പ്പം നടത്തിയത്.
വിദേശത്ത് അനൗദ്യോഗികമായ ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും ശിവശങ്കർ ഇ.ഡി.യ്ക്ക് മൊഴി നൽകി. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ഒഴിഞ്ഞു മാറുന്ന മുൻ നിലപാടു തന്നെയാണ് അറസ്റ്റിന് ശേഷവും ശിവശങ്കർ സ്വീകരിക്കുന്നത്. മൊബൈലിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങൾ താൻ അയച്ച സന്ദേശങ്ങളാണോ എന്ന് ഉറപ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിച്ചത്. ഇന്ത്യൻ രൂപ ഡോളറിലേക്ക് മാറ്റി നൽകിയ ബാങ്കിൻ്റെ മാനേജരെ ഇ.ഡി. ഉടൻ വിളിച്ചു വരുത്തും.ശിവശങ്കറിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിനെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enforcement Directorate, Life mission case, M sivasankar