തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തലസ്ഥാന നഗരത്തിൽ മദ്യ നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് ആറ് വൈകിട്ട് ആറ് മണി മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ചു.
തലസ്ഥാനത്ത് മദ്യ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഉത്തരവിറക്കിയത്. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിനാണ്. 27 മുതൽ തുടങ്ങുന്ന പൊങ്കാല മഹോത്സവം മാർച്ച് എട്ടിന് സമാപിക്കും.
കൊവിഡ് കവര്‍ന്ന രണ്ടു വര്‍ഷത്തിനു ശേഷം നഗരം നിറയെ അടുപ്പുകള്‍ നിരക്കുകയും തലസ്ഥാനവാസികള്‍ ഒന്നടങ്കം ആഘോഷമാക്കുകയും ചെയ്യുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം പഴയ പകിട്ടിലേക്ക് മടങ്ങിയെത്തുന്നത് ഇത്തവണയാണ്. അതുകൊണ്ടുതന്നെ 2020ലെ പൊങ്കാലയെ അപേക്ഷിച്ച് പങ്കാളികളാകുന്ന ഭക്തരില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.