COVID 19| എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗണ്‍; മൂന്ന് പഞ്ചായത്തുകള്‍ അടച്ചിടും, പോസിറ്റിവിറ്റി കുത്തനെ ഉയർന്നു

Last Updated:

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുമായും ജില്ലാ കളക്ടര്‍ ആശയവിനിമയം നടത്തി

എറണാകുളം: ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഏഴു ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക. സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു, റൂറല്‍ എസ് പി എസ് കാര്‍ത്തിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാര്‍ഡുകളാണ് കണ്ടെയിൻമെന്റ് സോണ്‍ ആക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകള്‍ ഉള്‍പ്പടെയാണിത്.
മുഴുവന്‍ വാര്‍ഡുകളും കണ്ടയിൻമെന്റ് സോണുകളായ എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകള്‍ അടച്ചിടും. ലക്ഷണങ്ങളുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ കൂട്ട പരിശോധനയില്‍ രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്താനായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ളത് കീഴ്മാട് പഞ്ചായത്തിലാണ്. 43% ആണ് പഞ്ചായത്തിലെ നിരക്ക്. കണ്ടയിൻമെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തുക. നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
advertisement
കണ്ടയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. വിവാഹങ്ങള്‍ക്ക് പരമാവധി 20 പേരും മരണാനന്തര ചടങ്ങുകളില്‍ 10 പേരും മാത്രമേ ഒരു സമയം പങ്കെടുക്കാവൂ. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിരോധിച്ചു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍ വിതരണം മാത്രമേ അനുവദിക്കൂ. അവശ്യ സര്‍വീസുകള്‍ പ്രവർത്തിക്കാം. ജനങ്ങളുടെ ഉപജീവനം മാര്‍ഗം മുടങ്ങുന്ന വിധത്തില്‍ ജോലിക്കായി പോകുന്നവരെ തടയില്ല.
advertisement
ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡോ തൊഴിലുടമയുടെ കത്തോ കൈയില്‍ കരുതിയിരിക്കണം. മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ നടത്താവൂ. റംസാന്‍ വ്രതത്തിന്റെ ഭാഗമായുള്ള നോമ്പുതുറ വീടുകളില്‍ തന്നെ നടത്തണം. പ്രാര്‍ഥനയ്ക്കു മാത്രം പള്ളിയില്‍ സാമൂഹിക അകലം പാലിച്ച് പ്രവേശിക്കുക. പള്ളികളില്‍ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കരുത്. കണ്ടയിൻമെന്റ് സോണുകളിലെ വ്യവസായ ശാലകള്‍, ഫാക്ടറികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. അവിടുത്തെ തൊഴിലാളികള്‍ ഫാക്ടറി കോംപൗണ്ടില്‍ തന്നെ താമസിക്കുന്നതിന് സൗകര്യമൊരുക്കണം. ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടയിൻമെന്റ് സോണുകളില്‍ തൊട്ടടുത്ത ദിവസം വൈകിട്ട് ആറു മുതല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. കണ്ടയിൻമെന്റ് സോണുകളില്‍ ഒരു എന്‍ട്രിയും ഒരു എക്‌സിറ്റും മാത്രമായിരിക്കും ഉണ്ടാകുക. ഇവിടെ പൊലീസിന്റെ പരിശോധനയുണ്ടാകും.
advertisement
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുമായും ജില്ലാ കളക്ടര്‍ ആശയവിനിമയം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്കും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗണ്‍; മൂന്ന് പഞ്ചായത്തുകള്‍ അടച്ചിടും, പോസിറ്റിവിറ്റി കുത്തനെ ഉയർന്നു
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement