പച്ചപ്പനംതത്തേ പാടിയ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
സംഗീതസംവിധായകൻ ബാബുരാജിന്റെ ശിഷ്യയും സംഗീതസംഘത്തിലെ അംഗവുമായിരുന്നു മച്ചാട്ട് വാസന്തി
പ്രശസ്ത നാടക സിനിമാ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി(81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരിക്കേറ്റിരുന്ന വാസന്തിയെ വാർദ്ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഗീതസംവിധായകൻ ബാബുരാജിന്റെ ശിഷ്യയും സംഗീതസംഘത്തിലെ അംഗവുമായിരുന്നു മച്ചാട്ട് വാസന്തി.
കണ്ണൂരിൽ നടന്ന കിസാൻ സഭാ സമ്മേളന വേദിയിൽ തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വാസന്തി ആദ്യമായി പാടുന്നത്. ഇ കെ നായനാരാണ് വാസന്തിയെ വേദിയിലേക്ക് എടുത്ത് കയറ്റിയത്. പിന്നീട് അച്ഛന്റെ സുഹൃത്തായിരുന്ന ബാബുരാജിന്റെ കീഴിൽ സംഗീതം പഠിച്ചു.
ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ പാടിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. നാടകത്തിലും സിനിമയിലും ആകാശവാണിയിലുമായി പതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് ഏറെ പ്രസിദ്ധമായ പച്ചപ്പനംതത്തേ എന്ന ഗാനം ആലപിക്കുന്നത്.
advertisement
കോഴിക്കോട് സ്ഥിരതാമസം ആക്കിയതോടെ നാടകത്തിലും വാസന്തി സജീവമായി. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ബഹദൂർ സംവിധാനം ചെയ്ത ബല്ലാത്ത പഹയൻ, പിജെ ആന്റണിയുടെ ഉഴുവുചാൽ, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു.
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും റേഡിയോ ആർട്ടിസ്റ്റും വിപ്ലവഗായകനുമായിരുന്ന കണ്ണൂർ കക്കാട് സ്വദേശി മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി ജനനം. ഭർത്താവ് പരേതനായ തമ്പിക്കണ്ടത്തിൽ ബാലകൃഷ്ണൻ, മക്കൾ: മുരളീധരൻ സംഗീത, മരുമകൾ: സുനിത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 14, 2024 8:15 AM IST