• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണ്ടും സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: മലപ്പുറം സ്വദേശി കസ്റ്റഡിയിൽ; വീട്ടിൽ ആധുനിക യന്ത്രങ്ങൾ പിടികൂടി

വീണ്ടും സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: മലപ്പുറം സ്വദേശി കസ്റ്റഡിയിൽ; വീട്ടിൽ ആധുനിക യന്ത്രങ്ങൾ പിടികൂടി

നേരത്തെ മൈസൂരു കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്ന കേസിൽ മിസ്ബഹ് അറസ്റ്റിലായിട്ടുണ്ട്. വിലയേറിയ ഒട്ടേറെ ആധുനിക ഉപകരണങ്ങളും നിരവധി സിംകാർഡുകളും ഇയാളിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

News18

News18

  • Share this:
    മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ ആളെ പൊലീസ് പിടികൂടി. മലപ്പുറം കീഴ്ശേരി വാണിയംകോൾ മിസ്ഹബാണ് കസ്റ്റഡിയിലായത്. ഇയാളിൽനിന്ന് ആധുനികയന്ത്ര സംവിധാനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മിസ്ഹബ് നടത്തിയിരുന്ന മൂന്നു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പൊലീസ് കണ്ടെടുത്തു. പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ കീഴ്ശേരിയിലെ വീട്ടിലും വാഴക്കാട്ടെ സഹോദരിയുടെ വീട്ടിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം മൂന്നാമതൊരെണ്ണം കൂടി കണ്ടെത്തിയെങ്കിലും അത് പ്രവർത്തനരഹിതമായിരുന്നു.

    മിസ്ബഹ് പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ സെർവറിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്നാണ് ഇത്തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളെ നിയന്ത്രിക്കുന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നേരത്തെ മൈസൂരു കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്ന കേസിൽ മിസ്ബഹ് അറസ്റ്റിലായിട്ടുണ്ട്. വിലയേറിയ ഒട്ടേറെ ആധുനിക ഉപകരണങ്ങളും നിരവധി സിംകാർഡുകളും ഇയാളിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

    അതേസമയം സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ റെയ്ഡിൽ പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ രണ്ട് ലഘുലേഖകൾ കണ്ടെത്തിയതായി പോലീസ്. കുഴല്‍മന്ദം സ്വദേശി ഹുസൈന്‍റെ ഉടമസ്ഥതയിലുള്ള കീ‍ര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്സേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്നാണ് മേട്ടുപ്പാളയം എക്സ്ചേഞ്ചിനെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്.

    എന്നാൽ പാലക്കാട് കണ്ടെത്തിയത് ഐഎസ് വിരുദ്ധ പോസ്റ്ററുകളാണെന്നും ഐ എസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കോഴിക്കോട് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച്‌ വരികയാണെന്നും ആര്‍ വിശ്വനാഥ് വ്യക്തമാക്കി.

    പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ (എം എ) ടവറിലെ വാടകമുറിയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയും പാലക്കാട് നോർത്ത് പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. അന്വേഷണസംഘം മുറിയുടെ പൂട്ടുതകർത്താണ് അകത്തുകയറിയത്. ഇവിടെനിന്ന് എട്ട് സിം കാർഡുകളും 32 ഉപയോഗിച്ച സിം ബോക്സുകളും കണ്ടെത്തി.

    നേരത്തെ പിടിയിലായ കോഴിക്കോട് സ്വദേശിയാണ് മുറി വാടകയ്ക്കെടുത്ത് നൽകിയതെന്നും സൂചനയുണ്ട്. ഇതേത്തുടർന്ന് ആയുർവേദ സ്ഥാപനം നടത്തിവരുന്ന കുളവൻമുക്ക് സ്വദേശിയെയും ചോദ്യംചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പരിശോധന നടത്തിയത്. മുമ്പ് തൃശ്ശൂർ, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു.

    സമാനമായ കേസിൽ കോഴിക്കോട്ട്‌ പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്‌ മേട്ടുപ്പാളയം സ്‌ട്രീറ്റിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉണ്ടെന്ന വിവരം കിട്ടിയതെന്നാണ് സൂചന. ഈ ടവറിൽ ഒരു ആയുർവേദ സ്ഥാപനം പ്രവർത്തിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മറവിൽ എക്സ്‌ചേഞ്ച് പ്രവർത്തിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ‌‌

    കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്

    കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എൻഐഎ ഉടൻ ഏറ്റെടുക്കും. എന്‍ഐഎ സംഘം കോഴിക്കോട് ജില്ലാക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതെന്നാണ് വിവരം.

    ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ അറസ്റ്റിലായ ഇബ്രാഹിം പുല്ലോട്ടിലിന്‍റെ മൊഴിയും സമാനരീതിയില്‍ ആയിരുന്നു. സൈനിക നീക്കങ്ങള്‍ അടക്കം ചോര്‍ത്താന്‍ ശ്രമം നടന്നുവെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
    Published by:Anuraj GR
    First published: