മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
- Published by:Rajesh V
- news18-malayalam
Last Updated:
തിങ്കഴാഴ്ച രാവിലെ കോട്ടയം നഗരസഭാ ഓഫീസിലായിരുന്നു ജീവനക്കാരെ ‘വിഷമസന്ധിയിലാക്കിയ’ ലഡു വിതരണ പ്രതിഷേധം നടന്നത്
കോട്ടയം: “ഒരു ലഡു എടുക്കൂ സർ... നിങ്ങൾ ചെയ്തുതന്ന സേവനത്തിന്റെ സന്തോഷത്തിൽ കൊണ്ടുവന്നതാണ്”-ഇതുകേട്ട് കോട്ടയം നഗരസഭാ ജീവനക്കാരിൽ പലരും സന്തോഷത്തോടെ ലഡു എടുത്തു. പിന്നീടാണ്, ലഡു തന്ന ആളുടെ നെഞ്ചിൽ പതിച്ചിരുന്ന പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടത്. ‘മൂന്നുദിവസംകൊണ്ട് ലഭിക്കേണ്ട സേവനം 73 ദിവസംകൊണ്ട് ചെയ്തുതന്ന കോട്ടയം മുനിസിപ്പാലിറ്റി സ്റ്റാഫിന് ലഡു വിതരണം ചെയ്യുന്നു, 73 ദിവസം ഓഫീസിൽ കയറ്റിയിറക്കിയതിന് നന്ദി’ എന്നായിരുന്നു പോസ്റ്റർ. ഇതുകണ്ടയുടൻ ചില ജീവനക്കാര്‍ ലഡു തിരിച്ചുനൽകി, ഇതിനിടെ കഴിച്ചുപോയ മറ്റ് ചിലർ വിറളിവെളുത്ത മുഖവുമായി കസേരകളിൽ ഇരുന്നു.
തിങ്കഴാഴ്ച രാവിലെ കോട്ടയം നഗരസഭാ ഓഫീസിലായിരുന്നു ജീവനക്കാരെ ‘വിഷമസന്ധിയിലാക്കിയ’ ലഡു വിതരണ പ്രതിഷേധം നടന്നത്. അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ കിട്ടേണ്ട നിക്ഷേപത്തുക 73 ദിവസമായിട്ടും ലഭിച്ചില്ല. തുടർന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതിനൽകി. പിറ്റേദിവസം തുക ലഭിച്ചു. കാലതാമസം വരുത്തിയ നഗരസഭാ ജീവനക്കാരോടുള്ള പ്രതിഷേധം അറിയിക്കാനാണ് ലഡുവുമായി റിട്ട. തദ്ദേശവകുപ്പ് ജീവനക്കാരനായ സലിമോൻ എത്തിയത്.
ചിങ്ങവനം കരിമ്പിൽ സലിമോൻ അസിസ്റ്റന്റ് സെക്രട്ടറി ആയി കുറിച്ചി പഞ്ചായത്തിൽ നിന്നും വിരമിച്ചയാളാണ്. മകളുടെ വിവാഹത്തിന് ഫെബ്രുവരിയിൽ കോട്ടയം നഗരസഭാ ഹാൾ ബുക്കുചെയ്തു. ജൂലായ് 12നായിരുന്നു വിവാഹം. ബുക്ക് ചെയ്തപ്പോൾ നിക്ഷേപത്തുകയായി നൽകിയ പതിനായിരം രൂപ തിരിച്ചുകിട്ടുന്നതിന് 21 ന് നഗരസഭയിൽ അപേക്ഷ നൽകി. പിന്നീട് അന്വേഷിച്ചുചെന്ന ദിവസങ്ങളിലെല്ലാം ഓരോരോ കാരണങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നുവെന്ന് സലിമോൻ പറയുന്നു. സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ ഒപ്പിട്ടുവിട്ടു, അവിടെ ചോദിക്കൂ... എന്നായിരുന്നു മറുപടി. തുടര്‍ന്ന് ഗതികെട്ട് ഒക്ടോബർ മൂന്നിന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകി. നാലാംതീയതി വൈകിട്ട് നിക്ഷേപത്തുക തിരികെ ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
October 08, 2025 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം