തോറ്റെങ്കിലും പറഞ്ഞ വാക്കിൽ നിന്ന് മെട്രോമാൻ മാറിയില്ല; മധുരവീരൻ കോളനിക്ക് നൽകിയ വാഗ്ദാനം പാലിച്ചു
Last Updated:
തങ്ങൾക്ക് വൈദ്യുതി ലഭ്യത ഉറപ്പാക്കണമെന്ന് ആയിരുന്നു കോളനിയിലെ നിരവധി കുടുംബങ്ങൾ അന്ന് ശ്രീധരന് മുമ്പാകെയെത്തി ആവശ്യപ്പെട്ടത്.
പാലക്കാട്: വാക്കു നൽകിയത് പാലിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം മെട്രോമാൻ ഇ ശ്രീധരന് ഒരു തടസമായില്ല. അതിന്റെ ഗുണഭോക്താക്കളായത് മധുരവീരൻ കോളനിയിലെ കുറേ സാധാരണക്കാരായ മനുഷ്യരും. സ്ഥാനാർത്ഥിയായി എത്തിയയാൾ വാഗ്ദാനം പാലിച്ചപ്പോൾ മധുരവീരൻ കോളനിയിലെ കുറേ കുടുംബങ്ങളിലേക്ക് കൂടി കഴിഞ്ഞിദിവസം വൈദ്യതിവെളിച്ചമെത്തി.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി ആയിരുന്നു ഇ ശ്രീധരൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നഗരസഭ മൂന്നാം വാർഡിൽ ഉൾപ്പെട്ട മധുരവീരൻ കോളനിയിൽ എത്തിയപ്പോൾ ആയിരുന്നു സഹായ അഭ്യർത്ഥനയുമായി അവിടുത്തെ നിരവധി കുടുംബങ്ങൾ ഇ ശ്രീധരന്റെ മുമ്പാകെ എത്തിയത്.
തങ്ങൾക്ക് വൈദ്യുതി ലഭ്യത ഉറപ്പാക്കണമെന്ന് ആയിരുന്നു കോളനിയിലെ നിരവധി കുടുംബങ്ങൾ അന്ന് ശ്രീധരന് മുമ്പാകെയെത്തി ആവശ്യപ്പെട്ടത്. കുടിശ്ശിക തീർക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നൽകിയാണ് മെട്രോമാൻ മടങ്ങിയത്.
advertisement
തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ ഷാഫ് പറമ്പിലിനോട് പരാജയപ്പെട്ടെങ്കിലും വാഗ്ദാനം പാലിക്കുന്ന കാര്യത്തിൽ അദ്ദേഹം ട്രാക്ക് മാറിയില്ല. ഒമ്പത് കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനുള്ള തുകയും ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശികയും തീർക്കാൻ 81, 525 രൂപയുടെ ചെക്ക് അദ്ദേഹം കെ എസ് ഇ ബി കൽപാത്തി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരിൽ അയച്ചു നൽകുകയായിരുന്നു. നഗരസഭ ഉപാധ്യക്ഷൻ ഇ കൃഷ്ണദാസ് ഇതിന്റെ സമ്മതപത്രവും കൈമാറി.
advertisement
മെട്രോമാൻ വാക്ക് പാലിച്ചതോടെ മധുരവീരൻ കോളനിയിലെ സാധാരണക്കാർക്ക് വൈദ്യുതി ലഭിച്ചു. ചടങ്ങിൽ വാർഡ് തല ആർ ആർ ടി അംഗങ്ങൾക്ക് പൾസ് ഓക്സിമീറ്ററും വിതരണം ചെയ്തു. വാർഡ് കൗൺസിലർ വി നടേശൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ പി സ്മിതേഷ്, ആശാ പ്രവർത്തക സെമീന എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 19, 2021 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തോറ്റെങ്കിലും പറഞ്ഞ വാക്കിൽ നിന്ന് മെട്രോമാൻ മാറിയില്ല; മധുരവീരൻ കോളനിക്ക് നൽകിയ വാഗ്ദാനം പാലിച്ചു