കേന്ദ്ര നാളികേര വികസന ബോർഡ് ആസ്ഥാനം കേരളത്തില്‍ നിന്നും മാറ്റാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ രാജൻ
- Published by:Rajesh V
- news18-malayalam
Last Updated:
പി ജി വേലായുധൻ നായരുടെ പത്താം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി
തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോർഡ് ആസ്ഥാനം കേരളത്തിൽ നിന്നും മാറ്റാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ദേശീയാടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ് രൂപീകരിക്കാനുള്ള ഇന്ദിരാ ഗാന്ധി സർക്കാരിന്റെ തീരുമാനത്തിനു പിന്നിലെ ശക്തി പി ജി വേലായുധൻ നായർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ജി വേലായുധൻ നായരുടെ പത്താം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
തെങ്ങ് കൃഷിക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച കേന്ദ്ര നാളികേര വികസന ബോർഡിൻ്റെ ആസ്ഥാനം കേരളത്തിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ കൊടിയുടെ നിറം നോക്കാതെ അണിനിരക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഇന്ദിരാഗാന്ധിയെ നേരിൽ കണ്ട് 1979ൽ കേന്ദ്ര നാളികേര ബോർഡ് ആക്ട് കൊണ്ടുവന്നതും പിന്നീട് 1981ൽ നാളികേര വികസന ബോർഡ് സ്ഥാപിച്ചതും കേരകർഷക സംഘം സ്ഥാപകനും സ്വാതനന്ത്ര്യ സമര സേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി ജി വേലായുധൻ നായരുടെ ശ്രമഫലമായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇതും വായിക്കുക: കർഷകരെ ഒരൊറ്റക്കുടക്കീഴിൽ അണിനിരത്തിയ നേതാവ്; പി ജി വേലായുധൻ നായർ ഓർമ്മയായിട്ട് 5 വർഷം
ബോർഡിൻ്റെ ആസ്ഥാനമായി കേരളത്തെ നിശ്ചയിച്ചത് ഇന്ദിരാഗാന്ധി തന്നെയായിരുന്നു. തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നു പിജി എങ്കിലും പാർട്ടി വ്യത്യാസമില്ലാതെ കർഷകരെ അണിനിരത്തുന്ന ഒരു പൊതുവേദിയായിട്ടാണ് അദ്ദേഹം കേരകർഷക സംഘം രൂപീകരിച്ചത്.
കേരകർഷക സംഘം നേതാക്കളായ അഡ്വ ജെ വേണുഗോപാലൻ നായർ, ജി ഗോപിനാഥൻ, തലയൽ പി കൃഷ്ണൻ നായർ, എ പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 06, 2025 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്ര നാളികേര വികസന ബോർഡ് ആസ്ഥാനം കേരളത്തില്‍ നിന്നും മാറ്റാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ രാജൻ


