ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ പെരിയാര്‍ വനത്തിലേക്ക് മാറ്റും. കൊമ്പനുമായുള്ള എലിഫന്റ് ആംബുലൻസ് ചിന്നക്കനാലില്‍ നിന്ന് പുറപ്പെട്ടു. തേക്കടി വനമേഖലയിലാകും അരിക്കൊമ്പനെ തുറന്നുവിടുക എന്നാണ് സൂചന. ഇതിന് മുന്നോടിയായി കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആനയെ തുടര്‍ന്ന് നിരീക്ഷിക്കുന്നതിനായി ജിപിഎസ് റേഡിയോ കോളര്‍ ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
അവസാനനിമിഷം വരെ പോരാടി ഒടുവില്‍ അരിക്കൊമ്പന് ലോറിയില്‍; ദൗത്യം വിജയിപ്പിച്ച് കുംകിയാനകള്‍
രണ്ട് ദിവസമായി നടന്ന ദൗത്യത്തിനൊടുവില്‍ ഇന്ന് രാവിലെ ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്കിയ ശേഷമാണ് അരിക്കൊമ്പന് മയങ്ങിയത്. കുന്നിന് മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്.
5 തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം വരെ ചെറുത്തുനില്‍പ്പ് നടത്തിയാണ് കൊമ്പന് ചിന്നക്കനാലിനോട് വിടപറയുന്നത്. അവസാന നിമിഷം പെയ്ത മഴ ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കുംകിയാനകള്‍ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.