• HOME
  • »
  • NEWS
  • »
  • kerala
  • »
  • എംഎല്‍എ ബ്രോയ്ക്ക് വേണ്ടത് പുസ്തകങ്ങള്‍; അണികള്‍ക്കിടയില്‍ ചര്‍ച്ചയായി വി കെ പ്രശാന്തിന്റെ കുറിപ്പ്

എംഎല്‍എ ബ്രോയ്ക്ക് വേണ്ടത് പുസ്തകങ്ങള്‍; അണികള്‍ക്കിടയില്‍ ചര്‍ച്ചയായി വി കെ പ്രശാന്തിന്റെ കുറിപ്പ്

സ്വീകരണ പരിപാടിക്ക് മുന്നോടിയായി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്

News18 Malayalam

News18 Malayalam

  • Share this:
    തലസ്ഥാനവാസികളുടെ പ്രിയപ്പെട്ട 'മേയര്‍ ബ്രോ' ഇന്ന് കേരളത്തിന്റെ മുഴുവന്‍ 'എം.എല്‍.എ ബ്രോ'യാണ്. വട്ടിയൂര്‍ക്കാവില്‍ മിന്നുന്ന വിജയം നേടി സിപിഎമ്മിനും സര്‍ക്കാരിനും അഭിമാനം പകര്‍ന്ന വി.കെ പ്രശാന്തിന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്വീകരണ പരിപാടികള്‍ ഇന്നാണ് തുടങ്ങുക. അതിന് മുന്നോടിയായി പ്രശാന്ത് ഇന്നലെ ഫേസ്ബുക്കിലിട്ട കുറിപ്പ് മണ്ഡലത്തിലെ പാര്‍ട്ടി അണികള്‍ ഏറ്റെടുത്തുകഴിഞ്ഞു.

    'നാളെ മുതല്‍ സ്വീകരണ പരിപാടികള്‍ തുടങ്ങുകയാണ്. കഴിവതും പുസ്തകങ്ങള്‍ നല്‍കി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.' ഇതാണ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
    രക്തഹാരങ്ങളും ചുവന്ന ഷാളും നല്‍കി ജനപ്രതിനിധികളെ സ്വീകരിച്ചു പരിചയിച്ച എല്‍.ഡി.എഫ് അണികള്‍ക്ക്, പ്രത്യേകിച്ച് സി.പി.എമ്മുകാര്‍ക്ക് പുതിയ അനുഭവമാകും ഈ സ്വീകരണ പരിപാടികള്‍ എന്നുറപ്പ്.

    Also Read- പെടയ്ക്കണ മീൻ വറുത്തടിക്കാം, കൊച്ചിക്കു വാ....

    പുസ്തകവായനയില്‍ ഒട്ടും പിന്നിലല്ലാത്ത വി.കെ പ്രശാന്തിന് ഏത് പുസ്തകങ്ങള്‍ നല്‍കും എന്ന് താഴെത്തലത്തിലുള്ള അണികള്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സ്വീകരണപരിപാടികള്‍ കഴിയുമ്പോഴേയ്ക്കും പ്രശാന്തിന്റെ വീട്ടില്‍ പുസ്തക ഷെല്‍ഫുകളുടെ എണ്ണം കൂടുമോ എന്നും കാത്തിരുന്നു കാണണം. എന്നും വേറിട്ടുചിന്തിക്കുന്ന വി.കെ പ്രശാന്തിന്റെ പോസ്റ്റ് ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതികരണങ്ങള്‍.


    പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്നതും മണ്ഡലത്തിലാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവില്‍ നേടിയ മിന്നും ജയത്തോടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പുതിയ താരമായി മാറിയിട്ടുണ്ട് വി.കെ പ്രശാന്ത്. മൂന്ന് മുന്നണികള്‍ക്കും ശക്തമായ വേരോട്ടവും സംഘടനാസംവിധാനവുമുള്ള വട്ടിയൂര്‍ക്കാവില്‍ ഇത്ര മികച്ചൊരു വിജയം പ്രശാന്തോ സിപിഎമ്മോ പ്രതീക്ഷിച്ചിരുന്നില്ല.

    പ്രളയകാലത്തെ ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചതും തിരുവനന്തപുരം മേയര്‍ എന്ന നിലയിലുള്ള ജനകീയപ്രവര്‍ത്തനവും സൃഷ്ടിച്ചെടുത്ത മികച്ച പ്രതിച്ഛായ വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് കാര്യമായി ഗുണം ചെയ്തിരുന്നു. പ്രളയസമയത്ത് പ്രശാന്തിനെക്കുറിച്ച് വന്ന ട്രോളുകള്‍ മലയാളി സമൂഹത്തില്‍ ഒന്നാകെ അദ്ദേഹത്തെ സുപരിചിതനാക്കാനും സഹായിച്ചു. സ്വീകരണപരിപാടിയെക്കുറിച്ച് പ്രശാന്ത് ഇട്ട ഫേസ്ബുക്ക് കുറിപ്പ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മാലയും ഷാളുകളും വാങ്ങിക്കളയുന്ന പണം പുസ്തകങ്ങള്‍ക്ക് ചെലവിടുകയും കൂടുതല്‍ പുസ്തകങ്ങള്‍ ലഭിച്ചാല്‍ അവ ഗ്രന്ഥശാലകള്‍ക്കോ സ്‌കൂളുകള്‍ക്കോ കൈമാറുകയും വേണമെന്നാണ് അഭിപ്രായം.

     
    First published: