ബൈക്ക് യാത്രികന് കൂളിങ് ഫിലിം ഒട്ടിച്ചതിന് 3250 രൂപ പിഴയിട്ട് എംവിഡി
- Published by:Rajesh V
- news18-malayalam
Last Updated:
നൗഷാദിനാണെങ്കിൽ സ്വന്തമായി കാറുമില്ല. വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് സ്കൂട്ടർ എന്നും. വിലാസവും വാഹന നമ്പറും ഫോൺ നമ്പറുമെല്ലാം കൃത്യം
തൃശൂർ: ബൈക്ക് യാത്രികന് അനധികൃതമായി കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശി നൗഷാദിനാണ് 3250 രൂപ പിഴയടയ്ക്കണമെന്ന് കാട്ടി മൂവാറ്റുപുഴ ആർടി ഓഫീസിൽ നിന്ന് കത്ത് കിട്ടിയത്. നൗഷാദ് ഈ അടുത്തൊന്നും കോതമംഗലത്തോ മൂവാറ്റുപുഴ ഭാഗത്തോ പോയിട്ടില്ല. അതുകൊണ്ടുതന്നെ കത്തു കിട്ടിയപ്പോൾ നൗഷാദ് ഞെട്ടി.
കൂളിങ് ഫിലിം ഒട്ടിച്ചതിനും നമ്പർപ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്തതിനുമാണ് പിഴ. ബൈക്കിലെങ്ങനെയാണ് കൂളിങ് ഫിലിം ഒട്ടിക്കുന്നതെന്നാലോചിച്ച് കൂടുതൽ നോക്കിയപ്പോൾ അതാ കത്തിൽ സ്വിഫ്റ്റ് കാറിന്റെ പടം. നൗഷാദിനാണെങ്കിൽ സ്വന്തമായി കാറുമില്ല. വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് സ്കൂട്ടർ എന്നും. വിലാസവും വാഹന നമ്പറും ഫോൺ നമ്പറുമെല്ലാം കൃത്യമാണു താനും.
Also Read- ‘എന്നെ അച്ഛനും അപ്പൂപ്പനുമാക്കിയവൾക്ക് ഇന്ന് പിറന്നാൾ’; ലച്ചുവിന് ജന്മദിനാശംസയുമായി അച്ഛൻ
കോതമംഗലം മലയൻകീഴ് ഭാഗത്ത് മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവറുടെ പേരും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരിൽ ജോലിചെയ്യുന്ന നൗഷാദ്, ഇരിങ്ങാലക്കുട-തൃശ്ശൂർ വിട്ട് പോകാറേയില്ലെന്നു പറയുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ ഒരു പിടിയും കിട്ടാതെ ഞെട്ടിയിരിക്കുകയാണ് നൗഷാദ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Muvattupuzha,Ernakulam,Kerala
First Published :
March 25, 2023 2:23 PM IST