• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ലീഗിന്റെ തോൽവിയുടെ ഉത്തരവാദികൾ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും': നേതൃത്വത്തിന് എതിരെ വിമർശനവുമായി MSF നേതാവ്

'ലീഗിന്റെ തോൽവിയുടെ ഉത്തരവാദികൾ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും': നേതൃത്വത്തിന് എതിരെ വിമർശനവുമായി MSF നേതാവ്

സോഷ്യൽ മീഡിയയിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്കിലും കടുത്ത വിമർശനവുമായി പ്രവർത്തകർ സജീവമാണ്.

പി.കെ കുഞ്ഞാലിക്കുട്ടി

പി.കെ കുഞ്ഞാലിക്കുട്ടി

 • News18
 • Last Updated :
 • Share this:
  മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനത്തിനു പിന്നാലെ മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ വിമർശനവുമായി അണികൾ. 'രാജാക്കൻമാർ നഗ്നരാണ്' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനവുമായാണ് എം എസ് എഫ് മലപ്പുറം ജില്ല കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി വി പി അഹ്മദ് സഹീർ നേതൃത്വത്തിന് എതിരെ രംഗത്തെത്തിയത്.

  പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വത്തിന് ആണെന്ന് അഹ്മദ് സഹീർ ഫേസ്ബുക്കിൽ കുറിച്ചു. തോല്‍വിയുടെ പ്രധാന ഉത്തരവാദികള്‍ കുഞ്ഞാലിക്കുട്ടിയും സ്വാദിഖലി തങ്ങളുമാണ്. അധികാരക്കൊതി മൂത്താണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലെ പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വാദിഖലി തങ്ങളുടെ ഹാഗിയ സോഫിയ ലേഖനവും തിരിച്ചടിയായി.

  Kerala Lottery Karunya KR- 496 | കാരുണ്യ KR- 496 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ ആർക്ക്?

  ക്രിസ്ത്യന്‍ സമുദായം യു ഡി എഫിനെതിരെ തിരിയാന്‍ ഇത് കാരണമായി. മികച്ച സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ സമയം കിട്ടില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയണമെന്നും അഹമ്മദ് സഹീര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെ പ്രവർത്തകരുടെ രോഷം ഉയരുകയാണ്.

  അഹ്മദ് കബീർ ഫേസ്ബുക്കിൽ കുറിച്ചത്,

  'രാജാക്കന്മാർ നഗ്നരാണു

  കേരളത്തിൽ ഭരണത്തിലുണ്ടായിരുന്നത്‌ മുസ്ലിം ലീഗും കോൺഗ്രസുമാണെന്ന് തോന്നി പോവും ഈ തെരഞ്ഞെടുപ്പ്‌ ഫലം കണ്ടാൽ. അധികാരത്തോടുള്ള ആർത്തിക്കാർക്കും ചില അരമുറി ബുദ്ധിജീവികളുടെ വാക്കുകൾ കേട്ട്‌ തുള്ളുന്ന മുസ്ലിം ലീഗിന്റെ നേതൃത്വത്തിനും ഈ പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. പ്രിയപ്പെട്ട സഹപ്രവർത്തകരെ നിങ്ങളെ ആവേശം കൊള്ളിക്കുന്നതിനു വേണ്ടി പരാജയത്തെ കുറച്ച്‌ കാണിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും പോസ്റ്റുകളും നേതൃത്വത്തിലുള്ള പലരുടെയും ഭാഗത്ത്‌ നിന്നു വരും. ഇനിയും നിങ്ങൾ അത്തരത്തിലുള്ള കുഴലൂത്തുകാരുടെ വാക്കുകൾ കേട്ട്‌ തുള്ളരുത്‌. സ്വന്തമായ ചിന്തകളിലൂടെ ഈ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച്‌ മനസ്സിലാക്കാൻ ഒരിത്തിരി സമയമെങ്കിലും മാറ്റിവെക്കണം. ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്ന ഉമർ ഇബ്നു ഖത്താബ്‌ പോലും അണികളോട്‌ പറഞ്ഞിരുന്നത്‌ 'എനിക്കെന്തെങ്കിലും തെറ്റുപറ്റിയാൽ നിങ്ങളത്‌ തിരുത്തണം' എന്നായിരുന്നു. എന്നാൽ, സമുദായത്തിന്റെ പേരും പറഞ്ഞ്‌ മേനി നടിക്കുന്ന പാർട്ടിയിൽ തിരുത്തുന്നത്‌ പോയിട്ട്‌ ഒരു അഭിപ്രായം പോലും പറയാൻ ധൈര്യമുണ്ടാവാറില്ല പലർക്കും. അത്രമേൽ ഉണ്ട്‌ പാർട്ടിക്കകത്ത്‌ ജനാധിപത്യം.

  ഈ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണക്കാർ മുഖ്യമായും രണ്ട്‌ പേരാണു.

  ക്രിസ്ത്യൻ പള്ളിയായി ആറാം നൂറ്റാണ്ടിൽ തുർക്കിയിലെ ഇസ്താൻബൂളിൽ പണിത 'ഹാഗിയ സോഫിയ' മസ്ജിദാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട്‌ ഉർദുഗാൻ സ്വീകരിച്ച നടപടികളെ ന്യായീകരിക്കും വിധം മലപ്പുറം ജില്ല ലീഗ്‌ കമ്മിറ്റിയിലുള്ള ചില സ്വയം പ്രഖ്യാപിത ബുദ്ധി ജീവികളുടെ വാക്കും കേട്ട്‌ സാദിഖലി തങ്ങളുടെ പേരിൽ എഴുതപ്പെട്ട ലേഖനം ക്രിസ്ത്യൻ സമുദായത്തെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്‌. ഈ പാർട്ടിയോട്‌ ചേർന്ന് നിൽക്കുന്ന എത്രയെത്ര ചരിത്രകാരന്മാരും, നിരീക്ഷകരും ഉണ്ട്‌. അവരോടൊന്നും ആലോചിക്കാതെ ചുറ്റിലുമുള്ള സിൽപന്തികളുടെ അന്തമില്ലാത്ത പ്രവർത്തികൾക്കൊപ്പം അന്തമില്ലാതെ ചേർന്ന് നിന്ന സാദിഖലി തങ്ങൾക്ക്‌ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് മാറാനാവുമോ!!? അങ്ങനെ കേരളത്തിലെ മുസ്ലിംങ്ങൾ ക്രിസ്ത്യാനികൾക്ക്‌ എതിരാണെന്ന് അവർ ചിന്തിച്ച്‌ നിൽക്കുന്ന സമയത്താണു അധികാരക്കൊതി മൂത്ത്‌ പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിലെ പോരാട്ടം അവസാനിപ്പിക്കാൻ തീരുമാനിച്ചത്‌. അതേസമയം, അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ടും കോൺഗ്രസിനെ ഭരിക്കുന്നത്‌ ലീഗാണെന്ന് സൂചിപ്പിച്ചു കൊണ്ടും പിണറായി നടത്തിയ പ്രസ്താവനയും നമ്മുടെ പ്രവർത്തകർ ആവേശത്തോടെ നെഞ്ചിലേറ്റി. എന്നാൽ, ഈ തെരഞ്ഞെടുപ്പിനു മുമ്പ് ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട്‌ പിണറായി നടത്തിയ ഏറ്റവും ബുദ്ധിപരമായ ഒരു കമന്റ്‌ ആയിരുന്നു അത്‌. കുഞ്ഞാലിക്കുട്ടി വരുന്നത്‌ ഉപമുഖ്യമന്ത്രിയാവാനാണെന്നും കോൺഗ്രസിനെ നിയന്ത്രിച്ച്‌ പലതും കൈപ്പിടിയിൽ ഒതുക്കാനുമാണെന്ന ധാരണ വളരുകയും ക്രിസ്ത്യൻ സ്വാധീന മേഖലകളിലെ വോട്ടുകൾ യു ഡി എഫിൽ നിന്ന് അകലുവാനും അതുവഴി കോൺഗ്രസിന്റെ സീറ്റുകൾ പോലും നഷ്ടപ്പെടുന്നതിനും, എന്തിനേറെ പുതുപ്പള്ളിയിലെ ഭൂരിപക്ഷം കുറയുവാൻ പോലും ഈ രണ്ട്‌ കാര്യങ്ങൾ കാരണമായി എന്നിരിക്കെ കുഞ്ഞാലികുട്ടിക്ക്‌ പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മാറി നിൽക്കാനാവുമോ!!?

  സ്വാർത്ഥതയും, സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയവർക്ക്‌ സംഘടനയുടെ മിടിപ്പ്‌ മനസ്സിലാക്കാൻ കഴിയാതിരിക്കുക എന്നത്‌ സ്വാഭാവികമാണ്. മികച്ച സംഘടനാപ്രവർത്തനം നടത്തുന്നവർക്ക്‌ നിങ്ങൾ നേതാക്കന്മാരുടെ തിണ്ണ നിരങ്ങാൻ സമയം കിട്ടിയെന്ന് വരില്ല. തിണ്ണ നിരങ്ങുന്നവർക്ക്‌ മാത്രം സ്ഥാനമാനങ്ങൾ നൽകി ശീലിച്ച നിങ്ങൾ വിദ്യാർത്ഥി സംഘടനാ തെരഞ്ഞെടുപ്പിൽ പോലും ഇറങ്ങി ചെറിയ കുട്ടികളുടെ നിലവാരം പോലും കാണിക്കാതെ വാശി പിടിച്ചതും അവസാനം നിങ്ങളുടെ സിൽപന്തികളെ നിയമിച്ചതും എല്ലാം നിങ്ങളുടെ കഴിവുകേടിന്റെ വലിയ ഉദാഹരണങ്ങളാണു.

  നിങ്ങളൊന്ന് തിരിഞ്ഞു നോക്കൂ, ആദ്യകാലങ്ങളിൽ എത്രപേർ ഈ സംഘടനയിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്‌? എന്നിട്ട്‌ ഈ സംഘടനയ്ക്ക്‌ എന്തെങ്കിലും പോറലേറ്റോ ? ആദ്യകാലത്തെ നേതൃത്വത്തിനു മേൽ അള്ളാഹുവിന്റെ അപാരമായ അനുഗ്രഹവും കാവലും ഉണ്ടായിരുന്നു. കാരണം അവരിൽ സത്യമുണ്ടായിരുന്നു. പക്ഷേ, ഈ അടുത്തകാലത്ത്‌ പാർട്ടി പുറത്താക്കിയവരും പുറത്തു പോയവരും എം എൽ എയും മന്ത്രിയുമൊക്കെ ആകുന്ന കാഴ്ചയാണു കണ്ടത്‌. ഇന്നത്തെ നേതൃത്വത്തിനു ആ കാവൽ കിട്ടാതെ പോയതിന്റെ കാരണം സ്വയം കണ്ടെത്താനുള്ള ശ്രമമെങ്കിലും നേതൃത്വത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാവണം.

  ഒരു രാഷ്ട്രീയസംഘടന എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ മറന്നുകൊണ്ടുള്ള ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച്‌ പാർട്ടി പുന:പരിശോധന നടത്തണം.

  സീതി സാഹിബിന്റെയും സി എച്ചിന്റെയും ബാഫഖി തങ്ങളുടെയും സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെയും എല്ലാം ദീർഘവീക്ഷണമാണു നാം ഇന്നനുഭവിക്കുന്ന സുഖങ്ങളിൽ ഏറെയും. അവർ നിർമ്മിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നെല്ലാം പഠിച്ചിറങ്ങിയ ഒരു അക്കാദമിക്‌ സമൂഹത്തിന്റെ വലിയ ഒരു ഭാഗം ഈ പാർട്ടിയോട്‌ ചേർന്ന് നിൽക്കാത്തതിന്റെ കാരണം ഈ പാർട്ടിയുടെ തെറ്റായ പല നയങ്ങളുമല്ലേ? ദളിത് വിഭാഗത്തോട്‌ ചേർന്നുള്ള രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച്‌ പാർട്ടിക്ക്‌ കൃത്യമായ പദ്ധതിയുണ്ടോ? അജണ്ടകൾ തീരുമാനിക്കാതെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക്‌ ഇനി സ്ഥാനമില്ല. പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നവർക്ക്‌ മുന്നിൽ സംസ്ഥാന, ജില്ലാ കമ്മിറ്റികൾ കൂടുന്ന വേളകളിൽ സമയമില്ല എന്ന് പറഞ്ഞ്‌ വാതിലുകൾ കൊട്ടിയടക്കാതിരിക്കുക.

  രാജാവ്‌ നഗ്നനാണെന്ന് പറയാൻ കഥയിലെ ആ ബാലൻ കാണിച്ച ധൈര്യമെങ്കിലും നമ്മിൽ പലർക്കും ഉണ്ടാവണം. പ്രതീക്ഷയോടെ.'

  അതേസമയം, സോഷ്യൽ മീഡിയയിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്കിലും കടുത്ത വിമർശനവുമായി പ്രവർത്തകർ സജീവമാണ്.
  Published by:Joys Joy
  First published: