മലപ്പുറം: മുത്തലാഖ് വിവാദത്തിൽ പികെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലിം ലീഗ് വിശദീകരണം തേടി. ലോക്സഭയിലെ മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്നത്തിന്റെ കാരണം വ്യകതമാക്കണമെന്നാണ് കുഞ്ഞാലിക്കുട്ടിയോട് പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടു. പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പാർട്ടിക്കുള്ളിലും പ്രതിഷേധം ശക്തമാകുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിനെതിരേ ലീഗിൽ നടക്കുന്ന നീക്കങ്ങൾ ഇതോടെ പുതിയ തലത്തിലെത്തി.
മുത്തലാഖ് പോലെ അതീവ നിർണായകമായ ബില്ലിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന സാഹചര്യം വിശദീകരിക്കാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഇന്നലെ പുറത്തിറക്കിയ വിശദീകരണം തൃപ്തികരമല്ലെന്ന പൊതുവികാരത്തെ തുടർന്നാണ് പാണക്കാട് തങ്ങൾ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. പാർടിയിലെ ഉന്നത നേതാക്കളും താഴെ തട്ടിലെ അംഗങ്ങളും ഒരുപോലെ പ്രശ്നത്തിൽ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി. ലീഗിന്റ് പല സംസ്ഥാന ഭാരവാഹികളും ഇക്കാര്യത്തിൽ ഉള്ള ആശങ്ക പാർട്ടി നേതൃത്വത്തെ അറിയിച്ചു. പാണക്കാട് തങ്ങൾ എടുത്ത തീരുമാനത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാൻ ആളെല്ലന്നായിരുന്നു ഇ.ടി.മുഹമ്മദ് ബഷീറിന്റെ വിശദീകരണം.
മുത്തലാഖ്: കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തള്ളി ഇ.ടി മുഹമ്മദ് ബഷീർമുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം. ഇവരുടെ നീക്കങ്ങൾ ആണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടിയെ മുമ്പൊരിക്കലും ഇല്ലാത്ത വിധം പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സാഹചര്യത്തിൽ ഉയരുന്ന ഈ വിവാദങ്ങൾക്ക് മറ്റൊരു തലം കൂടിയുണ്ട്. കുഞ്ഞാലിക്കുട്ടി മൽസരത്തിൽ നിന്നു പിന്മാറുന്ന സാഹചര്യം ഉണ്ടായാൽ മലപ്പുറത്ത് മൽസരിക്കാൻ ഇ.ടി മുഹമ്മദ് ബഷീർ നീക്കം തുടങ്ങിക്കഴിഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പൊന്നാനിയേക്കാൾ സുരക്ഷിതം മലപ്പുറമാണെന്നാണ് ഇ.ടിയെ പിന്തുണയ്ക്കുന്നവരുടെ കണക്കുകൂട്ടൽ.
മുത്തലാഖ് വിവാദത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം തള്ളി ഇ.ടി മുഹമ്മദ് ബഷീർ എം.പി രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് ദിവസം ലോക്സഭ ആകെ ബഹിഷ്കരിക്കുക എന്ന തീരുമാനം ഉണ്ടായിരുന്നില്ലെന്ന് ഇ.ടി പറഞ്ഞു. ബില്ലിന് എതിരെ വോട്ട് ചെയ്ത് ശകതമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ചർച്ചക്ക് ശേഷം വോട്ടെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനമെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം പെട്ടെന്നായിരുന്നുവെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദത്തെ ഇടി മുഹമ്മദ് ബഷീർ തള്ളി. വോട്ട് രേഖപ്പെടുുത്തി പാർട്ടിയുടെ എതിർപ്പ് ശക്തമായി ഉന്നയിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് ഇ.ടി പറഞ്ഞു.
മുത്തലാഖ്; തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടിഅതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യൂത്ത് ലീഗ്, കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളാണ് പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. അണികളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തിൽ ഗ്രൂപ്പ് മറന്ന് ഒപ്പം നിൽക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പാർട്ടിയിലെ മറ്റ് നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.