നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇന്നലെ നടന്ന വഴിയും കണ്ട വീടുകളും എല്ലാം എവിടെ?? എല്ലാം ഒരു മൺകടലിൽ'

  'ഇന്നലെ നടന്ന വഴിയും കണ്ട വീടുകളും എല്ലാം എവിടെ?? എല്ലാം ഒരു മൺകടലിൽ'

  'അപ്രതീക്ഷിതമായാണ് കവളപ്പാറയിലെ മണ്ണിടിച്ചിലിനെക്കുറിച്ച് കേൾക്കുന്നതും ഏറെ ശ്രമപ്പെട്ട് അവിടെ എത്തുന്നതും. അവിടെ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു' മലപ്പുറം ഭൂദാനം ദുരന്തം റിപ്പോർട്ട് ചെയ്ത ന്യൂസ് 18 കേരളം സ്പെഷൽ കറസ്‌പോണ്ടന്റ് സി.വി.അനുമോദ് എഴുതുന്നു....

  • Share this:
   "തീയേറ്ററിലെ ഡി ടി എസ് ശബ്ദം പോലെ ഒരു ഇരമ്പമാണ് ആദ്യം കേട്ടത്... പിന്നെ കണ്ടത് വിജയേട്ടൻ അനീഷിന്റെ കൈക്ക് പിടിക്കുന്നതാണ്... പിന്നെ പിന്നെ...." വാക്കുകൾ കിട്ടാതെ ജയൻ തപ്പിത്തടയുകയാണ്.... ഭൂദാനം മണ്ണിടിച്ചിൽ ദുരന്തത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട വിരലിൽ എണ്ണാവുന്നവരിൽ ഒരാളാണ് ജയൻ..

   ഞങ്ങൾ കാണുമ്പോൾ ചുങ്കത്തറ മാർത്തോമ ആശുപത്രിയുടെ മൂന്നാം നിലയിലെ വാർഡിലായിരുന്നു ജയൻ... കാലിലെ മാംസം അകന്നു മാറിയിട്ടുണ്ട്... ദേഹത്ത് പലയിടത്തും മുറിവുകളും ചതവുകളും വേറെയും... കട്ടിലിൽ ചാരിയിരുന്നു ജയൻ പതിയെ പറഞ്ഞു തുടങ്ങി, മുത്തപ്പൻ മല പൊട്ടിയിറങ്ങിയതിനെ പറ്റി. 10 ദിവസം മുമ്പ് താൻ രക്ഷപ്പെട്ടതിനെ പറ്റി...

   പ്രദേശത്ത് മഴ കനത്തപ്പോൾ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ സുഹൃത്തുക്കളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ പറയാനായി പോയതായിരുന്നു ജയനും സുഹൃത്ത് അനീഷും... ഉച്ച മുതൽ ഇവർ തുടിമുട്ടി ഭാഗത്ത് രക്ഷാ പ്രവർത്തനത്തിലായിരുന്നു... സൂത്രത്തിൽ വീട്ടിൽ വിജയേട്ടന്റെ വീട്ടിലപ്പോൾ ജവാൻ വിഷ്ണു അടക്കം ഏഴു പേർ... അൽപ നേരം സംസാരിച്ചിരുന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കനത്ത മഴ പെയ്തത്... മഴ കുറഞ്ഞിട്ട് പോകാമെന്ന് വീണ്ടും അവിടെ ഇരുന്നു... അപ്പോൾ രാത്രി എട്ട് മണിയോട് അടുത്തിരിക്കും സമയം... അപ്പോഴാണ് ആ ഇരമ്പൽ കേട്ടത്... പിന്നാലെ വന്ന ഒഴുക്ക് തന്നെ വലിച്ചു കൊണ്ടുപോകുമ്പോൾ ജയൻ കണ്ട കാഴ്ച വിജയേട്ടൻ അനീഷിന്റെ കൈക്ക് പിടിക്കുന്നത് ആണ്...

   താഴേക്ക് ഒഴുകുകയാണ്... തലക്ക് മുകളിലൂടെ മണ്ണും വെള്ളവും നിറഞ്ഞൊഴുകുന്നു... ഇടയിൽ ശരീരത്തിൽ എന്തൊക്കെയോ വന്നിടിക്കുന്നുണ്ട്.... ഒരു നിമിഷാർദ്ധം ആ മലവെള്ളത്തിൽ നിന്നും തല ഉയർത്താൻ ശ്രമിച്ചു... സാധിക്കുന്നില്ല. ശ്വാസം മുട്ടുന്നു... ചുറ്റും ഇരുട്ട്... കണ്ണ് തുറക്കാനാവുന്നില്ല... വീണ്ടും പ്രാണൻ മുറുകെ പിടിച്ച് തല ഉയർത്താൻ ശ്രമിച്ചു... അത് ജീവശ്വാസത്തിന്റെ തിരിച്ചു വരവായിരുന്നു.. പിന്നെ തല മുങ്ങാതിരിക്കാൻ ആയി പരിശ്രമം... ഒടുവിൽ എവിടെയോ തടഞ്ഞു നിന്നു... കണ്ണിൽ കുത്തിയാൽ പോലും കാണാത്തത്ര ഇരുട്ട്... ശരീരത്തിൽ നിന്നും വസ്ത്രങ്ങളെല്ലാം ഊർന്നുപോയിരിക്കുന്നു... എവിടെയാണെന്നറിയില്ല... ബോധത്തിന്റെ ഒരു കണിക മാത്രം ബാക്കിയുണ്ട്. ഇടക്ക് വെള്ളം കുടിക്കാൻ വേണ്ടി പറഞ്ഞു നിർത്തുമ്പോഴും ജയന്റെ കണ്ണ് പിടക്കുന്നുണ്ടായിരുന്നു.   എവിടെ നിന്നോ വെളിച്ചം നീണ്ടു വരുന്നുണ്ട്, പക്ഷെ അടുത്തേക്ക് എത്തുന്നില്ല... മറുകരയിൽ നിന്നുള്ള ടോർച്ച് ലൈറ്റുകളും മറുവിളിക്ക് വേണ്ടിയുള്ള കൂവലുകളും.. അപ്പോൾ മനസിലായി താൻ ജീവനോടെ ഉണ്ട്, അത് മാത്രമാണ് ഈ നിമിഷത്തിലെ ഒരേ ഒരു യാഥാർത്ഥ്യം.

   ചെളിയിൽ നിന്നും ഒരു തരത്തിൽ നീന്തി കയറാൻ ആയി പരിശ്രമം. ചവിട്ടുന്നിടമെല്ലാം താഴ്ന്നു പോകുന്നു. ടോർച്ച് ലൈറ്റ് തെളിയുന്നിടത്തേക്ക് എത്തണം... ഒടുവിൽ പതിയെ അവിടെയെത്തി.. അപ്പോഴാണ് താൻ എത്ര ദൂരമാണ് ഒഴുകിയെത്തിയത് എന്നും, എന്താണ് നടന്നതെന്നും അറിയുന്നത്.. ആരൊക്കെയോ പിടിച്ചു കയറ്റി... ദേഹം കഴുകി, മുണ്ടുടുപ്പിച്ചു, വെള്ളം തന്നു... ജയൻ പറഞ്ഞു.

   മണ്ണിടിച്ചിൽ വിജയേട്ടന്റെ വീടിനു പുറകിൽ മാത്രമെ ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു ധാരണ ..പക്ഷെ ആ പുലർകാല കാഴ്ച, അത് എല്ലാ കണക്ക് കൂട്ടലും തെറ്റിക്കുന്നതായിരുന്നു... താൻ ഇന്നലെ നടന്ന വഴിയും കണ്ട വീടുകളും എല്ലാം എവിടെ?? എല്ലാം ഒരു മൺ കടലിൽ... വിജയേട്ടനും അനീഷും മാത്രമല്ല, ഇന്നാട്ടിലെ ഒരുപാട് പ്രിയപ്പെട്ടവർ ഇവിടെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു... ജയനെ കൊണ്ട് ഞങ്ങൾ കൂടുതൽ സംസാരിപ്പിച്ചില്ല..

   jayan_bhoodanam

   ജയനെ ആശുപത്രിയിൽ വച്ച് ഞങ്ങൾ കാണുന്നത് ദുരന്തമുണ്ടായി 10 ദിവസം കഴിഞ്ഞാണ്, പക്ഷെ അനീഷിനെ അടക്കം നിരവധി പേരെ കുറിച് അപ്പോഴും ഒരു വിവരവും ഇല്ലായിരുന്നു. പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് അനീഷിന്റെ മൃതദേഹം ലഭിച്ചത്..

   പ്രിയപ്പെട്ടവരോട് ഉള്ള കരുതലും സ്നേഹവുമാണ് ജയനേയും അനീഷിനേയും ദുരന്തമുഖത്തേക്ക് എത്തിച്ചത്. അനീഷാകട്ടെ അവരിലൊരാൾ ആയി മണ്ണിൽ അലിയുകയും ചെയ്തു. അതുകൊണ്ടാണ് ഭൂദാനം ഗ്രാമത്തിന്റെ ആഴത്തിലുള്ള മുറിവായി അനീഷിന്റെ വിയോഗം മാറുന്നത്... ഒപ്പം ആ തണലിൽ കഴിഞ്ഞിരുന്ന ആറു പേരെ കൈ പിടിച്ച് ഒപ്പം നിർത്തേണ്ടത് ഇന്നാടിന്റെ കടമയാണ്, കർത്തവ്യമാണ്, ഉത്തരവാദിത്വമാണ്...

   ആദ്യ ഭാഗങ്ങൾ വായിക്കാം 

   'മണ്ണിനടിയിലേക്ക് മടങ്ങിപ്പോയ ഒരാളെ പോലും ഞാന്‍ കണ്ടിട്ടില്ല; പക്ഷേ അവരെല്ലാം എന്‍റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു'

   'വീട്.. ഒരുക്കൂട്ടി വച്ച സമ്പാദ്യം... സ്ഥലം.... പ്രിയപ്പെട്ട മക്കൾ... എല്ലാം മണ്ണെടുത്തു; ഇനി അറിയില്ല.. എങ്ങനെയെന്ന് ?'

   എല്ലാം നഷ്ടപ്പെട്ടവരോട് എങ്ങനെ ചോദ്യം ചോദിക്കും... എല്ലാ മറുപടികളും അവസാനിക്കുന്നത് തേങ്ങലുകളിലും പൊട്ടിക്കരച്ചിലുകളിലുമാകും

   First published: