വടക്കേയറ്റത്ത് നിന്ന് രണ്ടാമതാണെങ്കിലും രാഷ്ട്രീയത്തിലെ കരുത്തു കൊണ്ട് കേരളത്തിൽ ഒന്നാമതാണ് കണ്ണൂർ ജില്ല. ആദ്യ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശിയായ എ കെ ഗോപാലൻ എന്ന എകെജി. ഇന്നും പാർട്ടി ഭേദമന്യേ നേതൃനിരയിൽ ആ രാഷ്ട്രീയ പാരമ്പര്യം കണ്ണൂർ പിന്തുടരുന്നു എന്നത് ശ്രദ്ധേയം. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയ കേരളത്തിലെ നമ്പർ വണ്‍ ജില്ലയായി കണ്ണൂർ മാറുന്നതും.
ഇന്ത്യൻ പാർലമെന്റിൽ നിലവിൽ കണ്ണൂർ ബന്ധമുള്ള എട്ട് ജനപ്രതിനിധികളാണ് ഉള്ളത്. പുതുതായി ഒഴിവുവന്ന രാജ്യസഭാ സീറ്റിൽ സിപിഐ സ്ഥാനാർഥിയായി ഇന്നലെ പ്രഖ്യാപിച്ചത് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി സന്തോഷ് കുമാറിനെ. നിലവിലെ എൽഡിഎഫിന്റെ അംഗബലം വെച്ച് സന്തോഷ് കുമാർ തെരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പാണ്. ഇതോടെ കണ്ണൂരിൽ നിന്നുള്ള പാർലമെന്‍റംഗങ്ങളുടെ എണ്ണം ഒൻപതാകും. ഇതിൽ നാലുപേർ ലോക്സഭയിലും അഞ്ചു പേർ രാജ്യസഭയിലുമാണ്.
പാർലമെന്റംഗങ്ങൾ
1. കെ. സുധാകരൻ
നിലവിൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗം. 1996 മുതല്‍ 2006 വരെ മൂന്ന് തവണ എംഎല്‍എ, 2001-2004ലെ എകെ ആന്റണി മന്ത്രിസഭയില്‍ വനം -പരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രിയായിരുന്നു കുമ്പക്കുടി സുധാകരൻ. കണ്ണൂർ എടക്കാട് സ്വദേശി. 2009 - 2014ലും കണ്ണൂരില്‍ നിന്നും എംപി. 2019ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
2. കെ. മുരളീധരൻ
വടകരയിൽ നിന്നുള്ള ലോക്സഭാംഗം. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷ ഭൂമികയായ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം. പിതാവ് കെ. കരുണാകരൻ ജനിച്ചത് കണ്ണൂർ ചിറക്കലിൽ. കെപിസിസി മുൻ സംസ്ഥാന പ്രസിഡന്റ്. മുൻ സംസ്ഥാന വൈദ്യുതി മന്ത്രി.
3. രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം. 2019ലെ തെരഞ്ഞെടുപ്പിൽ തന്റെ കന്നിജയം അവിസ്മരണീയമാക്കിയാണ് രാജ്മോഹൻ ഉണ്ണിത്താൻ ലോക്സഭയിലെത്തിയത്.
4. വി. മുരളീധരൻ
മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി. ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ആയിരുന്ന മുരളീധരൻ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ് കൂടിയാണ്. തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി സ്വദേശി.
5. കെ.സി. വേണുഗോപാൽ
2020ൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും ജയിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർലമെന്റംഗമാകുന്നത്. പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളി സ്വദേശിയാണെങ്കിലും ജില്ലയിൽ നിന്ന് ഇതുവരെ മത്സരിച്ചിട്ടില്ല. 1991 ൽ കാസർഗോഡ് നിന്നും ലോക് സഭയിൽ നിന്നും മത്സരിച്ചു പരാജയപ്പെട്ട ശേഷം ആലപ്പുഴ തട്ടകമാക്കി രാഷ്ട്രീയമായി കുതിച്ചു തുടങ്ങി. ആലപ്പുഴയിൽ നിന്നും 2009, 2014 വർഷങ്ങളിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുൻ സംസ്ഥാനമന്ത്രിയും കേന്ദ്ര സഹമന്ത്രിയും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ദേശീയ ജനറൽ സെക്രട്ടറി.
6. എം.കെ. രാഘവൻ
കോഴിക്കോട് മണ്ഡലത്തിൽ നിന്നുമുള്ള ലോക്സഭാ അംഗം. പയ്യന്നൂർ സ്വദേശി. കോഴിക്കോട് നിന്നും നിന്നും 2009ലും 2014ലും ലോക്സഭയിലെത്തി. 2019ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എ. പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി.
7. ജോൺ ബ്രിട്ടാസ്
മുതിർന്ന മാധ്യമപ്രവർത്തകനും കൈരളി ടിവിയും മാനേജിങ് എഡിറ്ററും. 2021 ൽ രാജ്യസഭയിലേക്ക് സിപിഎം പ്രതിനിധിയായി. 1966 ഒക്ടോബർ 24 ന് കണ്ണൂർ ജില്ലയിലെ പുളിക്കുറുമ്പ ആലിലക്കുഴിയിലാണ് ബ്രിട്ടാസിന്റെ ജനനം.
8. വി. ശിവദാസൻ
എസ്എഫ്ഐയുടെ മുൻ അഖിലേന്ത്യാ പ്രസിഡന്റ്. 2021 ഏപ്രിൽ 23-നു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
1979 ൽ കണ്ണൂർ ജില്ലയിലെ പേരാവൂർ മുഴക്കുന്ന് വിളക്കോടാണ് ജനിച്ചത്.
9. പി സന്തോഷ് കുമാർ (സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥി)
നിലവില്‍ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. രണ്ട് തവണ എഐവൈഎഫ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത്. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദമുള്ള സന്തോഷ് തളിപ്പറമ്പ് ബാര്‍ അസോസിയേഷനില്‍ അംഗത്വമുള്ള അഭിഭാഷകനാണ്. കണ്ണൂരില്‍ എഐഎസ്എഫിന്റേയും എഐവൈഎഫിന്റേയും ജില്ലാ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാർലമെന്റ് അംഗങ്ങളുടെ എണ്ണത്തിൽ മാത്രം ഒതുങ്ങുന്നതല്ല കണ്ണൂരിന്റെ രാഷ്ട്രീയ പെരുമ. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ അംഗങ്ങളുമായി വലിയൊരു പ്രാതിനിധ്യം തന്നെ കണ്ണൂരിനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kannur, Loksabha, Rajyasabha