വടംവലിയിൽ ഒന്നാം സ്ഥാനം; നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; നിയമസഭയെ കണ്ണീരിലാഴ്ത്തി ജുനൈസിന്റെ വിയോഗം
- Published by:Rajesh V
- news18-malayalam
Last Updated:
പതിനൊന്നുപേരുടെ സംഘം നൃത്തം ചെയ്യുന്നതിനിടെ ജുനൈസ് പെട്ടെന്ന് കൈകൊണ്ട് നെറ്റിയിൽ താങ്ങി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി
തിരുവനന്തപുരം: നിയമസഭയെ ദുഃഖത്തിലാഴ്ത്തി ഓണാഘോഷത്തിനിടെ ജീവനക്കാരന്റെ മരണം. ഓണാഘോഷത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് ഡെപ്യൂട്ടി ലൈബ്രേറിയൻ വി ജുനൈസ് (46) വേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്. വയനാട് ബത്തേരി സ്വദേശിയായിരുന്നു ജുനൈസ്.
പതിനൊന്നുപേരുടെ സംഘം നൃത്തം ചെയ്യുന്നതിനിടെ ജുനൈസ് പെട്ടെന്ന് കൈകൊണ്ട് നെറ്റിയിൽ താങ്ങി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. ആശുപത്രിയിലെത്തിച്ച് 5 മിനിറ്റിനുള്ളിൽ മരണം സംഭവിച്ചതായി സഹപ്രവർത്തകർ പറഞ്ഞു.
ഓണാഘോഷത്തിലെ അത്തപ്പൂക്കള മത്സരത്തിൽ ജുനൈസ് പങ്കെടുത്ത ടീമിനായിരുന്നു മൂന്നാം സ്ഥാനം. ഇതിനു ശേഷം നടന്ന വടംവലി മത്സരത്തിൽ ജുനൈസിന്റെ ടീം ഒന്നാം സ്ഥാനം നേടി. സ്പീക്കർ എ എൻ ഷംസീറാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. ജീവനക്കാർക്കൊപ്പം ഓണസദ്യ കഴിച്ച ശേഷം സ്പീക്കർ മടങ്ങി. തുടർന്നാണ് കലാപരിപാടികൾ ആരംഭിച്ചത്. ജുനൈസിന്റെ മരണത്തെത്തുടർന്ന് പരിപാടികൾ നിർത്തിവച്ചു.
advertisement
ദിവസവും രാവിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഓടാനും വ്യായാമം ചെയ്യാനും ജുനൈസ് എത്തുമായിരുന്നു. ഒരു മാസം മുൻപ് നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയിരുന്നതായി അടുത്ത ബന്ധു പറഞ്ഞു.
2011 ലാണ് കാറ്റലോഗ് അസിസ്റ്റന്റായി ജുനൈസ് നിയമസഭാ ലൈബ്രറിയിലെത്തിയത്. മുൻപ് ഐഎച്ച്ആർഡിയിൽ ലൈബ്രേറിയനായിരുന്നു പി വി അൻവർ എംഎൽഎയുടെ മുൻ പിഎയാണ്. നന്തൻകോട്ടുള്ള ഹരിഹർ നഗർ ഗവ. ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.
ഭാര്യ: കെ പി റസീന (താൽക്കാലിക അധ്യാപിക, ഐഎച്ച്ആർഡി സ്കൂൾ). മക്കൾ: നജാദ് അബ്ദുല്ല, നിഹാദ് അബ്ദുല്ല (ഇരുവരും വിദ്യാർത്ഥികൾ). കബറടക്കം ബത്തേരിയിൽ നടക്കും. പരേതനായ വി അബ്ദുല്ല- വി ഐഷ ദമ്പതികളുടെ മകനാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 02, 2025 8:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടംവലിയിൽ ഒന്നാം സ്ഥാനം; നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; നിയമസഭയെ കണ്ണീരിലാഴ്ത്തി ജുനൈസിന്റെ വിയോഗം